സുനീഷ് മണ്ണത്തൂര്‍
ശ്രീകോവില്‍ പൂജയ്ക്കായി അടഞ്ഞിരിക്കുന്ന സമയത്ത് ഭഗവാന്റെ രൂപംപെട്ടന്ന് കണ്മുന്നില് നിന്ന് മറയുമ്പോള്‍ സോപാനത്ത് ഇടയ്ക്കകൊട്ടിപ്പാടി സംഗീതത്തിലൂടെ ഭക്തരിലേക്ക് ദേവീദേവന്മാരുടെ ചൈതന്യം നിറയ്ക്കുകയാണ് ആശാ സുരേഷ് എന്ന് ഇരിങ്ങാലക്കുടക്കാരി.
ക്ഷേത്രകലകളുടെ നാടായ തൃശൂരില്‍ നിന്ന് അടുത്തകാലം വരെ ആണ്‍മേല്‍കോയ്മ മാത്രമായിരുന്ന സോപാന സംഗീതത്തിലേക്ക് കടന്നുവന്നിരിക്കുകയാണ് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയായ 24 കാരി ആശാ സുരേഷ്. അത്ഭുതം ഉളവാക്കുന്ന ആലാപന ശൈലികൊണ്ട് ഹൃദയങ്ങളിലേക്ക് ചേക്കേറിയ ആശ വിശേഷങ്ങള്‍ ജന്മഭൂമി വാരാദ്യത്തില്‍ പങ്കുവെയ്ക്കുന്നു.
പരമ്പരാഗത ക്ഷേത്ര അനുഷ്ഠാന കലകളില്‍ ഏറെ പ്രധാന്യമുള്ള സോപാന സംഗീതാര്‍ച്ചനയിലേക്ക് താങ്കള്‍ എങ്ങനെ എത്തപ്പെട്ടു?
ചെറുപ്പം മുതല്‍ കൂടല്‍മാണിക്യക്ഷേത്രത്തിലെ നിത്യസന്ദര്ശകയാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദീപാരാധന ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇവിടം. നട അടയ്ക്കുന്ന സമയത്ത് സോപാനത്ത് ഏറ്റവും ഭംഗിയായി കാണപ്പെട്ടത് ഇടയ്ക്കയാണ്. ഭഗവാനെ കൊട്ടിപ്പാടുന്നത് കേട്ടപ്പോള്‍ എനിക്കും അത് പഠിക്കുവാന്‍ ആഗ്രഹം തോന്നി. ഈ ആഗ്രഹം ഞാന്‍ വീട്ടുകാരോട് പറഞ്ഞു. അവരുടെ പിന്തുണയോടെ രണ്ടാം ക്ളാസ്സ് മുതല്‍ ഞാന്‍ അഭ്യസിച്ചു തുടങ്ങി.
സോപാന സംഗീതത്തിലെ താങ്കളുടെ ഗുരുനാഥന് ആരാണ്?
കൂടല്‍മാണിക്യ സ്വാമിയുടെ സോപാന ഗായകനായ ഇരിങ്ങാലക്കുട പി. നന്ദകുമാര്‍ മാരാര്‍ ആണ് എന്റെ ഗുരു. സ്വതവേ പെണ്‍കുട്ടികള്‍ സോപാന സംഗീതം അഭ്യസിക്കാറില്ല. പക്ഷേ എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയായിരുന്നു.
ഒരു സ്ത്രീ എന്ന നിലയില്‍ ഈ രംഗത്ത് അവഗണന നേരിട്ടിട്ടുണ്ടോ?
ഒരു അവഗണനയും ഇതുവരെ നേരിട്ടിട്ടില്ല. എനിക്ക് അവസരം കൂടുതല്‍ ലഭിച്ചിട്ടേ ഉള്ളൂ. നേരത്തെ പെണ്‍കുട്ടികള്‍ ഇതിലേക്ക് വരാതിരുന്നതിന്റെ കാരണം അറിയില്ല. ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിക്കുവാന്‍ ചെന്നാല്‍ ഞാന്‍ സോപാനപ്പടിയിലേ ആലപിക്കൂ എന്ന് നിര്‍ബന്ധം പിടിക്കാറില്ല. കാരണം ക്ഷേത്രചടങ്ങുകള്‍ക്ക് ചിട്ടവശങ്ങളുണ്ട്. ലോക് ഡൗണ്‍ സമയത്ത് ഇരിങ്ങാലക്കുടയിലെ എബിവിപി പ്രവര്‍ത്തകര്‍ വന്ന് ഫേസ്ബുക്ക് ലൈവിലൂടെ സോപാന സംഗീതം അതവരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്ന് പരീക്ഷിച്ച് നോക്കുക ആയിരുന്നു. അത് ശരിക്കും എന്റെ ജീവിതത്തില്‍ വഴിത്തിരിവായി.
തനത് ക്ഷേത്രകലകളെ വിസ്മരിക്കുന്ന ഈ കാലത്ത് താങ്കളെപ്പോലെയുള്ള യുവജനങ്ങള്‍ കടന്നുവരുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നുണ്ടോ?
ഞാന്‍ പലര്‍ക്കും പ്രചോദനമായിട്ടുണ്ടെന്ന് കേള്‍ക്കുന്നതില്‍ സന്തോഷം തോന്നിയിട്ടുണ്ട്. പലരും നേരില്‍ കാണുമ്പോഴും നവ മാധ്യമങ്ങളിലൂടെയും എന്നോട് ഇക്കാര്യം അറിയിക്കാറുണ്ട്. എന്നേക്കാള്‍ പ്രായമായവരും കുട്ടികളും എന്നെ കണ്ടാണ് സോപാന സംഗീതം പഠിക്കുന്നത് എന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഒരു ക്ഷേത്രകലയായ സോപാന സംഗീതത്തെ എനിക്ക് സോഷ്യല്‍ മീഡിയയിലൂടെ യുവതലമുറയിലേക്ക് എത്തിക്കുവാന്‍ സാധിച്ചു എന്ന കാര്യത്തില്‍ ഏറെ സന്തോഷമുണ്ട്. എന്നെപ്പോലെ പല കലാകാരന്മാര്ക്കും പിന്നീട് അവസരം ലഭിച്ചു അവരും ഈ രംഗത്ത് സജീവമായി. ഞാന്‍ 100 ലധികം ഫേസ്ബുക്ക് പേജിലൂടെ സോപാനം ആലപിച്ചിട്ടുണ്ട്
ഇപ്പോള്‍ ആരെയെങ്കിലും താങ്കള്‍ സോപാന സംഗീതം അഭ്യസിപ്പിക്കുന്നുണ്ടോ?
സോപാന സംഗീതം ഞാന്‍ ആരേയും അഭ്യസിപ്പിക്കുന്നില്ല. ഞാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അക്ഷരശ്ലോകവും നാരായണീയവും വീട്ടില്‍ പഠിപ്പിക്കുന്നുണ്ട്. അത് സൗജന്യമായാണ്. ഇവിടെ ബാലഗോകുലത്തിലെ കുട്ടികള്‍ക്കും ക്ളാസ്സുകള്‍ എടുക്കുന്നുണ്ട്.
സോപാന സംഗീതം പോലുളള ക്ഷേത്ര കലകള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നുണ്ടോ?
സോപനാ സംഗീതം ഉള്‍പ്പെടെ പല ക്ഷേത്രകലകള്‍ക്കും മതിയായ അംഗീകാരം ലഭിക്കുന്നില്ല. ഇപ്പോഴത്തെ തലമുറയ്ക്ക് ഗ്ളാമര്‍ കലാരൂപങ്ങളോടാണ് താല്പര്യ മെന്ന് തോന്നിയിട്ടുണ്ട്. സോപാനസംഗീതത്തെ ഇനിയും ജനകീയമാക്കുവാനുണ്ട്. ഞാന്‍ ഒരു പെണ്‍കുട്ടി ആയതുകൊണ്ടാണ് എന്നെ ശ്രദ്ധിക്കുന്നത്. എന്നാല്‍ എന്നേക്കാള്‍ നന്നായി സോപാനസംഗീതം ഉപാസിച്ച് ജീവിക്കുന്ന ആളുകള്‍. നിരവധി ഉണ്ട്. അവര്‍ക്കൊന്നും ഒരു അംഗീകാരവും ലഭിച്ചിട്ടില്ല. ഗുരു രാമ പൊതുവാളിന്റെ മകനായ ഞെരളത്ത് ഹരിഗോവിന്ദേട്ടനാണ് സോപാന സംഗീതത്തെ ജനകീയമാക്കുവാന്‍ ശ്രമം നടത്തുന്നത്. ഏലൂര്‍ ബിജുചേട്ടന്, അമ്പലപ്പുഴ വിജയകുമാറേട്ടന് എന്നിവരും സോപാന സംഗീതത്തെ കൂടുതല്‍ ജനകീയമാക്കിയവരാണ്. അറിയപ്പെടാതെ കിടക്കുന്ന കലാകാരന്മാരെ ഉയര്‍ത്തികൊണ്ടുവരുവാനുള്ള ശ്രമം ഇവര്‍ നടത്തുന്നുണ്ട്. ഇടയ്ക്കയെ ഒരു സംഗീതോപകരണമായി കാണണമെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നത്.
വീട്ടില്‍ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ട്. കുടുംബപരമായി സംഗീതപാരമ്പര്യമുള്ള ആരെങ്കിലും ഉണ്ടോ?
വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ് എന്റെ ഊര്‍ജ്ജം. എന്നാല്‍ വീട്ടില്‍ സംഗീത പാരമ്പര്യമൊന്നും പറയുവാനില്ല. ഈ അടുത്തിടെ എന്റെ അച്ഛന് മൂന്ന് നാല് കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. അതും എന്റെ ആലാപനം കേട്ടിട്ടാണ്. നേരത്തെ ചെണ്ടയില്‍ തായമ്പകയും പാഞ്ചാരിമേളവും അഭ്യസിച്ചിട്ടുണ്ട്.
ഭാവി പരിപാടികള്‍ എന്തൊക്കെ ആണ്?
ഇടയ്ക്ക ജീവിതാവസാനംവരെ കൊണ്ടുനടക്കണമെന്ന ഒരൊറ്റ ആഗ്രഹമേ ഉള്ളു. എന്റെ സ്വന്തം ശൈലയില്‍ പാരമ്പരാഗതരീതി കൈവിടാതെ കൊണ്ടുപോകണം. ചരിത്രത്തില്‍ ആദ്യമായാണ് ആനയെ ആസ്പദമാക്കി ഒരു സോപാന കീര്‍ത്തനം ആലപിച്ചത്. ഇടയ്ക്കയില്‍ വ്യക്തികളേയോ മറ്റ് മൃഗങ്ങളേയോ സ്തുതിച്ച് പാടുവാന്‍ പാടില്ല എന്നാണ് ഗുരുക്കന്മാര് പറഞ്ഞ് തന്നിട്ടുള്ളത്. കൂടല്‍മാണിക്യക്ഷേത്രത്തിലെ മേഘാര്ജ്ജുനന് എന്ന ആനയെക്കുറിച്ച് മാണിക്യ കളഭം എന്ന പേരില്‍ ഒരു വീഡിയോ ആല്‍ബം ഇറക്കിയിരുന്നു. ആനയാണ് എങ്കിലും കൂടല്മാണിക്യസ്വാമിയോട് മേഘാര്‍ജ്ജുനനെ സംരക്ഷിക്കണേ എന്ന് പറയുന്നതാണ് കീര്‍ത്തനം.
ഏതെങ്കിലും ക്ഷേത്രത്തില്‍ സ്ഥിരമായി സോപാന സംഗീതം നടത്താറുണ്ടോ?
സ്ഥിരമായി സോപാന സംഗീതം ആലപിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ അതിന് മുതിരാറില്ല. ക്ഷേത്രാചാരമനുസരിച്ച് അടിയന്തര ചടങ്ങുകളില്‍ സത്രീകള്‍ പാടില്ല എന്നാണ് പറയുന്നത്. സോപനത്ത് നിന്ന് ആലപിക്കുന്നത് അഷ്ടപതിയാണ്. അഷ്ടപതി ഞാന്‍ പൊതുവേദികളില്‍ ആലപിക്കാറില്ല.
ഇതുവരെ എത്ര ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്?
കൊവിഡിന് ശേഷമാണ് ഞാന്‍ പൊതുവേദികളില്‍ സോപാന സംഗീതം അവതരിപ്പിച്ചു തുടങ്ങിയത്. മദ്ധ്യകേരളത്തില്‍ മാത്രമായി 50 ലധികം ക്ഷേത്രങ്ങളില്‍ സോപാനസംഗീതം ഇതുവരെ അവതരിപ്പിച്ചുകഴിഞ്ഞു.
പരിപാടി അവതരിപ്പിക്കുന്ന വേളകളില്‍ എന്തെങ്കിലും മറക്കാനാവാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ?
അയ്യപ്പ സ്വാമിയെ സ്തുതിച്ചുകൊണ്ടുള്ള എന്റെ സോപാന സംഗീതം കേട്ട് ആന്ധ്രയില്‍ നിന്ന് ഒരു സംഘം അയ്യപ്പന്‍ന്മാര്‍ ശബരിമലയാത്രക്കിടെ എന്നെ കാണുവാനായി വീട്ടിലെത്തി. അവര്‍ ഇടയ്ക്ക തൊട്ടുവന്ദിക്കുകയും അവര്‍ക്കായി കീര്‍ത്തനം ആലപിക്കുകയും ചെയ്തു. പൊതു പരിപാടിക്കിടെ കൈതപ്രം തിരുമേനി ഒരു കീര്‍ത്തനം ആലപിച്ചപ്പോള്‍ സദസ്സില്‍ ഇരുന്ന എന്നെ ഇടയ്ക്ക കൊട്ടുവാന്‍ ക്ഷണിച്ചത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
പൊതുവേദികളില്‍ ആലപിക്കുന്ന കീര്‍ത്തനങ്ങള്‍ എവിടെ നിന്നുള്ളതാണ്?
പരമ്പരാഗതമായി പാടുന്ന കീര്‍ത്തനങ്ങളുണ്ട്. അതിന് പുറമേ എന്റെ അച്ഛന് രചിച്ച കീര്‍ത്തനങ്ങളും, ചിലര്‍ എഴുതി അയച്ചു തരുന്ന കീര്‍ത്തനങ്ങളും ആലപിക്കാറുണ്ട്.
ഇരിങ്ങാലക്കുട കൂടല്മാണിക്യക്ഷേത്രത്തിന്റ കിഴക്കേ നടയ്ക്കു സമീപം റിട്ട. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് വെളുത്താട്ടില്‍ സുരേഷ് കുമാറിന്റെ മകളാണ് ആശ. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബിജെപി മുന്‍ കൗണ്‍സിലറായിരുന്ന രാജലക്ഷ്മിയാണ് മാതാവ്. അര്ജുന് ഏക സഹോദരനാണ്. ഞെരളത്ത് രാമപൊതുവാള് സ്മാരക പുരസ്കാരം, ഭാരതീയ വിചാരകേന്ദ്രത്തിന്റെ യുവ മന്ഥന് പുരസ്കാരം, 2022 ലെ റെഡ് ശക്തി പുരസ്കാരം എന്നിവ ആശാ സുരേഷിനെ തേടി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: