ഒരു വിഡ്ഢി ദിനത്തിലായിരുന്നു കെഎസ്ആര്‍ടിസിയുടെ പിറന്നാള്‍. അത് ജനങ്ങളെ വിഡ്ഢികളിപ്പിക്കുന്നതില് ആര്‍ക്കാണ് കുറ്റം പറയാനാവുക. തിരുവിതാംകൂര്‍ മഹാരാജാവാണ് പൊതുസഞ്ചാര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് തുടങ്ങിയത്. അതിന്റെ വിസ്തൃതരൂപമായി 1965 ഏപ്രില്‍ ഒന്നിനാണ് കെഎസ്ആര്‍ടിസി രൂപംകൊണ്ടത്. അതുമുതല്‍ തുടങ്ങി അതിന്റെ പരാധീനതകളും. വന്നുവന്ന് ശമ്പളം നല്‍കാന്‍പോലും കാശില്ലാത്ത അവസ്ഥ. മുണ്ടുമുറുക്കിയുടുത്തു പണിയെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാണ്. പക്ഷേ അതിന് സാഹചര്യം അനുകൂലമാകേണ്ടെ. ജീവനക്കാര്‍ക്ക് ഡീസലും വാങ്ങി ഒഴിച്ച് ബസ് ഓടിക്കാന്‍ പറ്റുമോ? ഓടുന്ന വണ്ടികളത്രതന്നെ കട്ടപ്പുറത്തുണ്ട്. അറ്റകുറ്റപ്പണിക്കും സ്പെയര്‍പാര്‍ട്സിനും കാശുവേണ്ടേ? അങ്ങിനെ എന്തുവേണം ഭഗവാനേ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഹൈക്കോടതി കനിഞ്ഞിരിക്കുന്നത്. ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളത്തിനും ഉത്സവാനുകൂല്യം നല്‍കാനും സര്‍ക്കാര്‍ പണം നല്‍കണമെന്നാണുത്തരവ്. ഇതിനായി 103 കോടി രൂപ വേണം. കെഎസ്ആര്‍ടിസിയുടെ കൈയിലുള്ള കാശിനു പുറമെ ഇത്രയും തുകയും നല്‍കണം. കുമ്പിടാന്‍ പുറപ്പെട്ടപ്പോള്‍ ദൈവം കുറുകെ വന്നുനിന്നപോലെയായി ഇത്.
കിടക്കുന്നത് ചാളയിലാണെങ്കിലും മന്ത്രിയും ഡിപ്പാര്‍ട്ട്മെന്റും കാണുന്ന സ്വപ്നങ്ങളെല്ലാം മച്ചും മാളികയും എന്ന ചൊല്ലുപോലെയാണ്. പുത്തന്‍ ബസുകളുടെ ഒരു നിരതന്നെ നിലത്തിറക്കാനാണ് വെപ്രാളം. അതില്‍ കാര്യമുണ്ടെന്നാണ് ജീവനക്കാരുടെ കണ്ടെത്തല്‍. പത്തുവണ്ടി വാങ്ങുമ്പോള്‍ കിട്ടുന്ന കമ്മീഷന് തന്നെ പ്രധാനം. അതെങ്ങിനെ ആരൊക്കെ പങ്കുവയ്ക്കുന്നു എന്നതാണ് മുഖ്യം. പുത്തന്‍ ഇനത്തില്‍പ്പെട്ട ബസുകള്‍ക്കുമുണ്ട് പ്രശ്നം. കുരങ്ങനായാലും കുലത്തില്‍ കൊള്ളണമെന്നുണ്ടല്ലോ. ആനവണ്ടിക്ക് പക്ഷെ അങ്ങിനെയൊന്നില്ല.
ഓടിത്തുടങ്ങി രണ്ടാംദിനം സ്വിഫ്റ്റ് ഇലക്ട്രിക് ബസ് വഴിയിലായി. ബ്ലൂ സര്‍ക്കിള്‍ ബസാണ് തമ്പാന്നൂരിലേക്കുള്ള യാത്രയില്‍ പനവിളയില്‍ കേടായത്. ബാറ്ററി തകരാറാണെന്ന് ജീവനക്കാര്‍ പറഞ്ഞു. പൂര്‍ണമായും ചാര്‍ജ് ചെയ്താണ് ബസ് നിരത്തില്‍ ഇറക്കിയിരുന്നത്. ഓഫാകുന്ന സമയത്ത് 50 ശതമാനത്തിനുമേല്‍ ചാര്‍ജുണ്ടായിരുന്നു. ബാറ്ററി തകരാര്‍ എന്ന സന്ദേശം കാണിച്ചശേഷം ബസ് നില്‍ക്കുകയായിരുന്നു.
വെള്ളം കയറി സാങ്കേതിക തകരാര്‍ സംഭവിച്ചതാണോ എന്നും സംശയമുണ്ട്. കെഎസ്ആര്‍ടിസിയുടെ റിക്കവറി വാന്‍ ഉപയോഗിച്ച് ബസ് ഡിപ്പോയിലേക്കു മാറ്റി. പിഎംഐ ഫോട്ടോണ്‍ എന്ന കമ്പനിയുടെ ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങിയത്. അറ്റകുറ്റപ്പണിക്ക് ഉള്‍പ്പെടെ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. കമ്പനി ജീവനക്കാരാണ് ബസിന്റെ തകരാര്‍ പരിഹരിക്കേണ്ടത്.
നഗരത്തിലെ ചെറുവഴികളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിരുന്ന കെഎസ്ആര്‍ടിസിയുടെ വലിയ സിറ്റി ബസുകള്‍ക്കു പകരം പുത്തന്‍തലമുറ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. ഒമ്പതുമീറ്റര്‍ നീളമുള്ള 23 ബസുകളാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. വീതി കുറഞ്ഞ വഴികളിലൂടെ അനായാസം കടന്നുപോകും. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍നിന്ന് 12, പേരൂര്‍ക്കടയില്‍നിന്ന് 10 ഷെഡ്യൂളുകളാണുള്ളത്. 25 എണ്ണം കൂടി ഇനിയെത്തുമെന്നാണറിയുന്നത്.
ഡീസല്‍ ബസിന്റെ ശബ്ദമോ വിറയലോ ഇലക്ട്രിക് ബസുകള്‍ക്കില്ല. പുകതള്ളി അന്തരീക്ഷം മലിനമാക്കില്ല. ഒരു ട്രിപ്പിന് 10 രൂപയാണ് മിനിമം ചാര്‍ജ്. ആദ്യമായിട്ടല്ല നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടുന്നത്. നേരത്തെ കെഎസ്ആര്‍ടിസി വാടകയ്ക്ക് എടുത്ത ഇലക്ട്രിക് എസി ബസുകള്‍ ഇവിടെ ഓടിച്ചിരുന്നു. ഇപ്പോള്‍ എത്തിയിട്ടുള്ളത് എസി ഇല്ലാത്ത ബസുകളാണ്. ഇവയ്ക്ക് കൂടുതല്‍ മൈലേജ് ലഭിക്കും.
കടത്തിന്റെ കണക്കുമാത്രം കേള്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ പരിഷ്കാരങ്ങള്‍ക്ക് ഇടംകൊടുത്താല്‍ വന്‍തുക വാര്ഷികലാഭമുണ്ടാക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ഹരിത ഇന്ധനത്തിലേക്ക് കളംമാറ്റിയും ശാസ്ത്രീയമായ െ്രെഡവിങ് സംസ്കാരം വളര്‍ത്തിയെടുത്തും പ്രവര്‍ത്തനനഷ്ടം വലിയതോതില്‍ കുറയ്ക്കാനാകുമെന്നാണ് സംസ്ഥാന ആസൂത്രണബോര്‍ഡും എനര്‍ജി മാനേജ്മെന്റ് സെന്ററും നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
ഇലക്ട്രിക് വാഹനങ്ങളിലൂടെയും സിഎന്‍ജി ഇന്ധന ഉപഭോഗത്തിലൂടെയും െ്രെഡവിങ് രീതികള്‍ മെച്ചപ്പെടുത്തിയും കെഎസ്ആര്‍ടിസി.ക്ക് 378.85 കോടി രൂപയുടെ വാര്‍ഷികലാഭം നേടാനാകുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാരീസ് കാലാവസ്ഥാ ഉച്ചകോടി കരാര്‍പ്രകാരം ഊര്‍ജ ഉപഭോഗംമൂലമുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കിയതിന്റെ ഭാഗമായാണ് പഠനം നടത്തിയത്.
കെഎസ്ആര്‍ടിസി ഹരിത ഇന്ധനത്തിലേക്ക് മാറുമ്പോള്‍ 47,438 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 124.35 കോടി രൂപയുടെ വിവിധ പദ്ധതികള്‍ കെഎസ്ആര്‍ടിസിയില്‍ ആവിഷ്കരിച്ചാല്‍ ഏകദേശം 19,125 ടണ്‍ ഇന്ധനം ലാഭിക്കാമെന്നും കണ്ടെത്തലുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുത്ത ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പ്രതിദിനം ഏകദേശം 17 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 4.4 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ ഉപയോഗിക്കുന്നത്. പുത്തന്‍ പരിഷ്കരണത്തിലൂടെ സാമ്പത്തികനേട്ടത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സഹായിക്കുമെന്നത് വലിയ നേട്ടമാകും. അതിലും വലിയനേട്ടമുണ്ടാക്കാന്‍ മന്ത്രിക്ക് നന്നായി അറിയാം. തൊണ്ടിമുതലില്‍ നിന്നുപോലും ലാഭമുണ്ടാക്കാന്‍ കഴിയുന്ന കാലമല്ലെ.
കെഎസ്ആര്‍ടിസിയും കേരള ഓട്ടോമൊബൈല്‍സും നല്കുന്ന പഴയ വാഹനങ്ങളില്‍ മോട്ടോറും ബാറ്ററിയും ഘടിപ്പിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. നിലവിലുള്ള വാഹനങ്ങളില്‍ ഇവ ഘടിപ്പിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. എന്ജിന് മാറ്റുമ്പോള്‍ വാഹനത്തിന്റെ ഭാരസന്തുലനം മാറും. ബാറ്ററിവയ്ക്കാന് നിലവിലെ കോച്ചില്‍ മാറ്റംവരുത്തേണ്ടിവരും. ബാറ്ററിയുടെ ചൂട് കുറയ്ക്കാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്.
നിലവിലുള്ള വാഹനങ്ങളില്‍ വൈദ്യുതി മോട്ടോര്‍ ഘടിപ്പിക്കുന്നതില്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ ഏറെ മുന്നിലാണ്. പ്രാദേശികമായി പലരും വാഹനങ്ങള്‍ വൈദ്യുതിയിലേക്കു മാറ്റുന്നുണ്ട്. ചൈനീസ് ബാറ്ററി വാങ്ങി കൂട്ടിച്ചേര്‍ത്ത് ബാറ്ററിപാക്ക് ആക്കി വാഹനത്തില്‍ ഘടിപ്പിക്കും.
വീലില്‍ പിടിപ്പിക്കാന്‍ പറ്റിയ വിവിധതരം മോട്ടോറുകളും കണ്ട്രോള് യൂണിറ്റുകളും വിപണിയില്‍ ലഭ്യമാണ്. ഇത്തരം പരീക്ഷണങ്ങളില്‍ അപകടസാധ്യതയുള്ളതിനാല്‍ ശാസ്ത്രീയ ഗവേഷണരീതിയാണ് സംസ്ഥാനം തേടുന്നത്.
രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉത്പന്നങ്ങളും വാതകവുമാണ് ഒരുവര്‍ഷം ഇറക്കുമതിചെയ്യുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, പരിസ്ഥിതിക്കുകൂടിയാണ് വെല്ലുവിളിയാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗമാണ് 35 ശതമാനം മലിനീകരണത്തിനും കാരണമെന്നും കേന്ദ്ര ഗവതാഗതമന്ത്രി ഗഡ്ഗരി പറയുന്നു. എങ്കിലും കേന്ദ്രമന്ത്രിയുടെ അഭിപ്രായമായതിനാല്‍ അവഗണിക്കാനായിരിക്കും എളുപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: