പത്തനാപുരം: മഞ്ഞക്കാല ഗവ.ബിവിഎല്‍പിഎസിലെ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്കി വര്‍ഷങ്ങളായിട്ടും പൊളിച്ചു നീക്കാന്‍ നടപടിയില്ല. ഏതുനിമിഷവും ഭിത്തിയും മേല്‍ക്കൂരയും അടര്‍ന്നു വീഴാറായി നില്ക്കുന്ന കെട്ടിടത്തിനടുത്താണ് ഇപ്പോഴത്തെ ക്ലാസ് മുറികള്‍ ഉള്ളത്. കുട്ടികള്‍ക്ക് പഠിക്കാന്‍ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലെന്ന് അധികൃതര്‍ വാദിക്കുമ്പോഴാണ് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം പൊളിക്കാതിരിക്കുന്നത്.
കെട്ടിടത്തിന്റെ പഴക്കം മൂലം മേല്‍ക്കൂരയും ഭിത്തികളും ഏറെക്കുറെ ദ്രവിച്ച നിലയിലാണ്. തകര്‍ന്ന് വീഴാറായി നില്ക്കുന്ന ഈ കെട്ടിടത്തിന് സമീപത്തായി നിര്‍മിച്ചിട്ടുള്ള രണ്ട് മുറി കെട്ടിടത്തിലാണ് ഇപ്പോള്‍ കുട്ടികളുടെ പഠനം. ഇതിനു മുകളിലായി മറ്റൊരു ഷെഡ് പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മാണത്തിലെ പാളിച്ച മൂലം ഇവിടേക്ക് കയറാനുള്ള സൗകര്യമില്ല. അതുകൊണ്ട് ഈ ഭാഗത്ത് പഠനം നടത്താന്‍ കഴിയില്ല.
തകര്‍ന്ന് വീഴാറായി നില്ക്കുന്ന കെട്ടിടത്തിനു സമീപത്താണ് കുട്ടികള്‍ കളിക്കുന്നതും മറ്റും. കെട്ടിടത്തിലേക്ക് വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ കമ്പ് വെച്ച് കെട്ടി മറച്ചതും, അപായ സൂചനയായി കറുത്ത തുണി കെട്ടിയതുമാണ് ആകെയുള്ള മുന്നറിയിപ്പ്. കെട്ടിടത്തിന്റെ അടിത്തറയില്‍ മാളങ്ങളില്‍ ഇഴ ജന്തുക്കളുടെ സാന്നിധ്യവുമുണ്ട്. അടിയന്തിരമായി വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: