കോട്ടയം: ജനപക്ഷം പാർട്ടി നേതാവും മുൻ എം.എൽ.എയുമായ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്നാണ് ആരോപണം.
കേസിൽ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്നും വ്യാജ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇന്ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
കേസിന്റെ പ്രാരംഭഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് ഒരു സ്ക്രീൻഷോട്ട് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ഒരു സിനിമാ പ്രവർത്തകനും പോലീസുകാരും അടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ സ്ക്രീൻഷോട്ടായിരുന്നു നൽകിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാൽ ഈ സ്ക്രീൻഷോട്ട് വ്യജമായി നിർമിച്ചതാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: