ടോക്കിയൊ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനവും ഇന്ത്യയ്ക്ക് നേട്ടം. പുരുഷ സിംഗിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ ജേതാവ് ലക്ഷ്യ സെന്നും അട്ടിമറിയോടെ മലയാളി താരം എച്ച്.എസ്. പ്രണോയ്യും പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍, ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ വെള്ളി മെഡല്‍ ജേതാവ് കെ. ശ്രീകാന്ത് തോറ്റു. പുരുഷ ഡബിള്‍സില്‍ ഏഴാം സീഡ് സാത്വിക് സായ്രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി, മലയാളിയായ എം.ആര്. അര്ജുന്-ധ്രുവ് കപില സഖ്യങ്ങളും പ്രീ ക്വാര്‍ട്ടറിലെത്തി.
അതേസമയം, വനിതാ ഡബിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ സഖ്യം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് പുറത്ത്. അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി, അശ്വിനി ഭട്ട്-ശിഖ ഗൗതം, പൂജ ദന്ഡു-സഞ്ജന സന്തോഷ് സഖ്യങ്ങളും തോറ്റ് പുറത്തായി.
കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡല്‍ ജേതാവായ ലക്ഷ്യ സെന്‍ സ്പെയ്നിന്റെ ലൂയിസ് എന്‍ റിക് പെനാല്വറെ നേരിട്ടുള്ള ഗെയിമില്‍ വീഴ്ത്തി, 21-17, 21-10. ആദ്യ ഗെയിമില്‍ മാത്രമാണ് സ്പാനിഷ് താരത്തിന് പ്രതിരോധിക്കാനായത്. തുടക്കത്തില്‍ 3-4ന് മുന്നിലായിരുന്നു ലൂയിസ്. പിന്നീട് 7-6ന് മുന്നിലെത്തിയ ലക്ഷ്യ, മത്സരത്തില്‍ മുന്‍തൂക്കം നിലനിര്‍ത്തി. 17 പോയിന്റ് വരെ ലൂയിസ് ഒപ്പം പോരാടിയെങ്കിലും അവസാനം തുടരെ പോയിന്റുകള്‍ നേടി ലക്ഷ്യ മുന്നേറി.
ലോക റാങ്കിങ്ങില്‍ രണ്ടാമതുള്ള ജപ്പാന്റെ കെന്റൊ മൊമൊട്ടയെ കീഴടക്കിയാണ് 18-ാം റാങ്കിലുള്ള പ്രണോയ്യുടെ മുന്നേറ്റം, 21-17, 21-16. കടുത്ത പോരാട്ടത്തിലാണ് പ്രണോയ് ജയിച്ചു കയറിയത്. മത്സരം 54 മിനിറ്റ് നീണ്ടു നിന്നു. ആദ്യ ഗെയിമില്‍ 8-5ന് മുന്നിലെത്തിയ പ്രണോയ് ആ മുന്‍തൂക്കം നിലനിര്‍ത്തി. രണ്ടാമത്തേതില്‍ 4-4ന് ജപ്പാനീസ് താരം ഒപ്പമെത്തിയെങ്കിലും പിന്നീട് ലീഡ് നേടിയ പ്രണോയ് മത്സരം കൈപ്പിടിയിലാക്കി. പ്രീ ക്വാര്‍ട്ടറില്‍ പ്രണോയ്യുടെ എതിരാളിയായി ലക്ഷ്യയെത്തുന്നതോടെ ക്വാര്‍ട്ടറിനപ്പുറം ഒരു ഇന്ത്യന്‍ താരം മാത്രമാണുണ്ടാകുക. അതേസമയം, റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ചൈനയുടെ ഷാവൊ ജുന് പെങ്ങിനോടാണ് ശ്രീകാന്ത് തോറ്റത്, 21-9, 21-17.
ഗ്വാട്ടിമാലയുടെ ജൊനാഥന് സോളിസ്-അനിബായ് മറൗക്വിന് കൂട്ടുകെട്ടിനെയാണ് സായ്രാജ്-ചിരാഗ് സഖ്യം തോല്‍പ്പിച്ചത്, 21-8,21-10. ഡെന്മാര്ക്കിന്റെ ജെപ്പി ബേ-ലാസെ മൊല്ഹെദെ അടുത്ത എതിരാളികള്‍. നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായ ഡെന്മാര്ക്കിന്റെ കിം ആസ്ട്രൂപ്പ്-ആന്‍ഡേഴ്സ് സ്കാരപ്പ് റസ്മുസെന് കൂട്ടുകെട്ടിനെയാണ് അര്ജുന്-കപില സഖ്യം അട്ടിമറിച്ചത്, 21-17, 21-16. സിംഗപ്പൂരിന്റെ ഹീ യോങ് കൈ ടെറി-ലൊ കീന്‍ ഹീന്‍ കൂട്ടുകെട്ടാണ് അടുത്ത എതിരാളികള്‍.
ട്രീസ-ഗായത്രി കൂട്ടുകെട്ടിന് കോമണ്‍വെല്‍ത്ത് ഗെയിംസിലെ അതേ വിധി. അന്ന് തങ്ങളെ തോല്‍പ്പിച്ച മലേഷ്യയുടെ ടാന്‍ പേളി-തിനയ്യ മുരളീധരന് സഖ്യത്തോട് വീണ്ടും തോറ്റു, 211-8, 21-17. ചൈനയുടെ ചെന്‍ ക്വിങ് ചെന്‍-ജിയ യി ഫാന്‍ കൂട്ടുകെട്ടാണ് അശ്വിനി-സിക്കി സഖ്യത്തെ തോല്‍പ്പിച്ചത്, 21-15, 21-10. കൊറിയയുടെ കിം സൊ യോങ്-കോങ് ഹി യോങ് സഖ്യമാണ് അശ്വിനി ഭട്ട്-ശിഖ കൂട്ടുകെട്ടിനെ കീഴടക്കിയത്, 21-5, 18-21, 21-13. കൊറിയയുടെ തന്നെ ലീ സൊ ഹീ-ഷിന് സൂങ് ചാന് സഖ്യമാണ് പൂജ-സഞ്ജന കൂട്ടുകെട്ടിനെ മറികടന്നത്, 21-15, 21-7.
പ്രതികരിക്കാൻ ഇവിടെ എഴുതുക: