തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) 26 മുതല്‍ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, തിയേറ്ററുകളിലായി നടക്കും. 26ന് വൈകിട്ട് ആറിന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഡോക്യുമെന്ററി സംവിധായകയും എഡിറ്ററുമായ റീന മോഹന്‍ ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്കാരിക മന്ത്രി അധ്യക്ഷത വഹിക്കും. ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ മാരിയുപോളിസ് 2 പ്രദര്‍ശിപ്പിക്കും.
ഉക്രൈന് യുദ്ധത്തിന്റെ സംഘര്‍ഷ കാഴ്ചകള്‍ പകര്‍ത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകന് മന്‍താസ് ക്വെദാരാവിഷ്യസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. മരിയുപോള്‍ എന്ന യുദ്ധകലുഷിതമായ ഉെ്രെകന് നഗരത്തിലെ ജനജീവിതത്തിന്റെ ദുരിതവും സഹനങ്ങളും വരച്ചുകാട്ടുന്നതാണ് ചിത്രം.
44 രാജ്യങ്ങളില്‍ നിന്നുള്ള 261 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 1200 ലേറെ പ്രതിനിധികളും ചലച്ചിത്രപ്രവര്‍ത്തകരായ 250 ഓളം അതിഥികളും പങ്കെടുക്കും. ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മത്സര വിഭാഗങ്ങള്‍. മത്സര വിഭാഗത്തില്‍ 69 ചിത്രങ്ങളാണുള്ളത്. മത്സരേതര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഇതര ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭാഗത്തില്‍ 56 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെസ്റ്റ് ഓഫ് ദി വേള്‍ഡ് വിഭാഗത്തില്‍ വിവിധ അന്താരാഷ്ട്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടിയ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ വനിതാ സംവിധായകര്‍ ഐ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐടേയ്ല്‍സ് ആണ് മറ്റൊരു ആകര്‍ഷണം. മുഹ്സിന് മക്മല്‍ബഫിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഭാഗമായുള്ള ഈ ചിത്രങ്ങള്‍ എ.ആര് റഹ്മാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ആര്.പി അമുദന് ക്യൂറേറ്റ് ചെയ്ത എന്‍ഡേഞ്ചേഡ് ബട്ട് റെസീല്യന്റ് എന്ന പാക്കേജ്, ഫെര്‍ണാണ്ടോ സൊളാനസിന്റെ അവസാന ചിത്രം, തര്‍ക്കോവ്സ്കിയെക്കുറിച്ച് മകന് സംവിധാനം ചെയ്ത ഡോകുമെന്ററി എന്നിവ മേളയുടെ മാറ്റ് കൂട്ടും.
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ അഞ്ജലി മൊണ്ടേറിയോ ആണ് ജൂറി ചെയര്പേഴ്സന്. ഫിക്ഷന്‍ വിഭാഗത്തില്‍ ഹന്‍സ തപ്ലിയല്‍ ആണ് ജൂറി ചെയര്പേഴ്സന്. മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ട് ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. കേരളത്തില്‍ നിര്‍മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് അര ലക്ഷമാണ് സമ്മാനം. മേളയുടെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആയും നേരിട്ടും നടത്താം. ഡെലിഗേറ്റ് പാസിന് 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ്.
മേളയുടെ ഭാഗമായി കൈരളി തിയ്യറ്റര്‍ പരിസരത്ത് ദിവസവും വൈകീട്ട് 6.30 ന് കലാപരിപാടികള്‍ അരങ്ങേറും. ഓഗസ്റ്റ് 27 ന് അലോഷി പാടുന്നു, 28 ന് ആല്‍മരം മ്യൂസിക് ബാന്റിന്റെ പരിപാടി, 29 ന് ബാസ്റ്റിന് ജോണിന്റെ മെഹ്ഫില്‍, 30 ന് നടന് സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്ര നാടകം, ‘പെണ്നടന്’ എന്നിവ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: