ടോക്കിയൊ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിവസവും ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. വനിതാ സിംഗിള്‍സില്‍ സൈന നേവാളും ഡബിള്‍സില്‍ മലയാളിയായ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും രണ്ടാം റൗണ്ടിലെത്തി. വനിതാ ഡബിള്‍സിലെ മറ്റൊരു സഖ്യം അശ്വനി ഭട്ട്-ശിഖ ഗൗതവും ആദ്യ കടമ്പ പിന്നിട്ടു. അതേസമയം, പുരുഷ ഡബിള്‍സില്‍ കൃഷ്ണപ്രസാദ് ഗാര്‍ഗ-വിഷ്ണുവര്ധന് ഗൗഡ്, മിക്സഡ് ഡബിള്‍സില്‍ ഇഷാന് ഭട്നഗര്‍-തനിഷ ക്രാസ്റ്റൊ, വെങ്കട് ഗൗരവ് പ്രസാദ്-ജുഹി ദേവാംഗന്‍ സഖ്യങ്ങള്‍ പുറത്തായി.
ചാമ്പ്യന്‍ഷിപ്പില്‍ സീഡില്ലാതെയെത്തിയ സൈന ഹോങ്കോങ്ങിന്റെ ച്യുങ് ഗന് യിയെ തോല്‍പ്പിച്ചു (21-19, 21-9). ആദ്യ ഗെയിമില്‍ മാത്രമാണ് ച്യുങ്ങിന് സൈനയ്ക്കെതിരെ പൊരുതാനായത്. തുടക്കം മുതല്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി.
4-4ല്‍ നിന്ന് ച്യുങ് 7-4ലേക്ക് മുന്നേറി. ആദ്യ ഗെയിം ഇടേവയ്ക്ക് പിരിയുമ്പോള്‍ എതിരാളിയുടെ ലീഡ് 11-10ലേക്ക് കുറയ്ക്കാന്‍ സൈനയ്ക്കായി. പിന്നീട് 13-13, 17-17 എന്ന നിലയില്‍ നിന്ന് 20-19ലേക്കും ഗെയിമിലേക്കും സൈനയെത്തി. രണ്ടാമത്തേതില്‍ 6-2, 10-4, 11-6 എന്ന നിലയില്‍ മുന്നേറിയ സൈന 20-9ല്‍ നിന്ന് മാച്ച് പോയിന്റ് നേടി. മത്സരം 38 മിനിറ്റില്‍ അവസാനിച്ചു. രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളിയാകേണ്ടിയിരുന്ന നൊസൊമി ഒകുഹര പരിക്ക് മൂലം പിന്മാറിയതോടെ ഇന്ത്യന്‍ താരത്തിന് മൂന്നാം റൗണ്ടിലേക്ക് ബൈ ലഭിച്ചു. വനിത സിംഗിള്‍സില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ താരമാണ് സൈന.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാക്കളായ ട്രീസ-ഗായത്രി സഖ്യം മലേഷ്യയുടെ ലൊ യീന്‍ യുവാന്‍-വലേറി സിയൊ കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു. (21-11, 21-13). 31 മിനിറ്റില്‍ മത്സരം അവസാനിച്ചു. രണ്ടാം റൗണ്ടില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാക്കളായ മലേഷ്യയുടെ തിന മുരളിധരന്-പേളി ടാന്‍ സഖ്യത്തെ നേരിടും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലേഷ്യന്‍ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ സഖ്യം തോറ്റിരുന്നു. അപ്രതീക്ഷിത പ്രകടനത്തോടെയാണ് അശ്വിനി-ശിഖ സഖ്യം രണ്ടാം റൗണ്ടിലെത്തിയത്. ഇറ്റലിയുടെ മാര്‍ട്ടിന കൊര്സിനി-ജൂഡിത്ത് മെയര്‍ കൂട്ടുകെട്ടിനെ അര മണിക്കൂറില്‍ കെട്ടുകെട്ടിച്ചു (21-8, 21-14).
കൃഷ്ണപ്രസാദ്-വിഷ്ണുവര്ധന് കൂട്ടുകെട്ടിനെ ഫ്രാന്‍സിന്റെ ഫാബിയന്‍ ഡെറ്യൂ-വില്യം വില്ലെഗെര് സഖ്യമാണ് തോല്‍പ്പിച്ചത് (21-14, 21-18).
തായ്ലന്‍ഡിന്റെ സുപാക് ജൊംകൊ-സുപിസര പീയസമ്പ്രാ സഖ്യമാണ് ഇഷാന്-തനിഷ കൂട്ടുകെട്ടിനെ കീഴടക്കിയത് (21-14, 21-17). വെങ്കട്-ജുഹി കൂട്ടുകെട്ടിനെ ബ്രിട്ടന്റെ ജോര്‍ജ് മെയര്‍-ജെന്നി മൂര്‍ സഖ്യം തോല്‍പ്പിച്ചു (21-10, 23-21).
പ്രതികരിക്കാൻ ഇവിടെ എഴുതുക: