കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കാമെങ്കില്‍, അവര്‍ക്കെതിരെ വധശ്രമത്തിന് മാത്രമല്ല, യുഎപിഎ വകുപ്പുകള്‍ ചുമത്താമോ എന്ന് ആലോചിക്കാമെങ്കില് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരേ കേസെടുക്കാന്‍ കേരള പോലീസ് എന്തിന് രണ്ടാമതാലോചിക്കണം. സംസ്ഥാന ഗവര്‍ണര്‍ക്കെതിരേ അതിക്രമത്തിന് ശ്രമമുണ്ടായിട്ട് സ്വയം കേസെടുക്കാഞ്ഞതെന്തെന്ന ചോദ്യത്തിന് അന്നത്തെ പോലീസ് തലവനും ആഭ്യന്തരവകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രിയും വിശദീകരിക്കേണ്ടിവരും.
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസ്. ആ കേസ് എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം പരാതി നല്കിയിട്ടല്ല. ‘എന്നെ കൊല്ലാന്‍ ശ്രമിച്ചു’വെന്ന് പിണറായി വിജയന് ഇതുവരെ പറഞ്ഞിട്ടുമില്ല. പ്രതികള്‍ക്കെതിരേ ഭീകരപ്രവര്‍ത്തനവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍കൂടി ചുമത്താമോ എന്നാണ് സിപിഎം നേതൃത്വവും സര്‍ക്കാരും ആലോചിക്കുന്നത്. എന്നാല്‍, സംസ്ഥാന ഗവര്‍ണറെ ആക്രമിക്കാനും അപായപ്പെടുത്താനും സര്‍വകലാശാലാ വിസിയുടെ ഒത്താശയോടെ ദല്‍ഹിയില്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ഇപ്പോള്‍ അതു പുറത്തുവന്നപ്പോള്‍ എന്തുകൊണ്ട് പറയാന്‍ വൈകിയെന്ന വിചിത്ര ന്യായം പറയുകയാണ്.
നക്സല്‍ വര്‍ഗീസ് വയനാടന്‍ കാട്ടില്‍ കൊല്ലപ്പെട്ട സംഭവം പുനരന്വേഷിക്കാനും കേസെടുക്കാനും വകുപ്പുകള്‍ ഉണ്ടായി, ഉണ്ടാക്കി. വണ്‍, ടു, ത്രീ പറഞ്ഞ് മുന്‍ മന്ത്രി എം.എം. മണി ആളുകളെ വെട്ടിയും കുത്തിയും വെടിവെച്ചും കൊന്ന കേസും വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷിച്ചു. പക്ഷേ ഗവര്‍ണര്‍ പരാതി നല്‍കിയില്ല, പറയാന്‍ വൈകി എന്നിങ്ങനെയാണ് മുട്ടാപ്പോക്ക് പറയുന്നത്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും മറ്റും അവരുടെ കര്‍ത്തവ്യവും പരിപാടികളും നിര്‍വഹിക്കാന്‍ തടസം നിന്നാല്‍ കാരണക്കാര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷിക്കാവുന്ന ഐപിസി വകുപ്പ് 124ന്റെ ലംഘനമാണ് നടന്നത്. വേണ്ടത് അടിയന്തര നടപടി.
വിഷയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും എന്തു നിലപാടെടുക്കുമെന്നതാണ് പ്രധാനം. ബിജെപിയെ തടയാനും ആര്‍എസ്എസിനെ ചെറുക്കാനും സിപിഎമ്മിന് അടിമകളാകുന്ന പതിവ് കാഴ്ച ഈ വിഷയത്തിലും ഉണ്ടാകുമോ എന്നാണ് നോക്കേണ്ടത്. നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം അല്ലെങ്കില്‍ പ്രസംഗപരമ്പര നടത്താനുള്ള അവസരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനുള്ള അവസരം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവസരം കൊടുത്തുകൊണ്ടായിരിക്കും.
ഗവര്‍ണര്‍ രണ്ടുകൊല്ലം മുമ്പ് നടന്ന കണ്ണൂര്‍ ആക്രമണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രാഷ്ട്രപതിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് ഗവര്‍ണറുടെ സുരക്ഷാ സംവിധാനം നടത്തിയ അന്വേഷണവും കണ്ടെത്തലുകളും സംബന്ധിച്ച റിപ്പോര്‍ട്ടും അതിലുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ അറിഞ്ഞാവും ഗവര്‍ണറുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: