ഗുവാഹത്തി : രണ്ട് ഭീകരര്‍ അസമില്‍ പിടിയില്‍. അല്‍ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ അന്‍സാറുള്ള ബംഗ്ലയിലെ രണ്ടുപേരാണ് ഗോള്‍പാര പോലീസിന്റെ പിടിയിലായത്. അസമിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
അബ്ദുള്‍ സുബ്ഹാന്(43), ജലാലുദ്ദീന്‍ ഷെയ്ഖ് (49) എന്നിവരാണ് പിടിയിലായത്. ഒപ്പം ജലാലുദ്ദീന്റെ മരുമകനും പിടിയിലായിട്ടുണ്ട്. ടിങ്കുനിയ ശാന്തിപൂര്‍ മസ്ജിദിലെ ഇമാമാണ് അബ്ദുള്‍ സുബ്ഹാന്. ജലാലുദ്ദീന്‍ ഷെയ്ഖ് തിലപ്പാറ നാത്തുന് മസ്ജിദിലെ ഇമാമായിരുന്നു.
2019 ഡിസംബറില്‍ മാട്ടിയ പോലീസ് സ്റ്റേഷന് പരിധിയില്‍ സുന്ദര്‍പൂര്‍ തിലപാറ മദ്രസയില്‍ വെച്ച് ഇവര്‍ ഒരു മതസമ്മേളനം സംഘടിപ്പിരുന്നു. അതില്‍ ഭീകര സംഘടനകളുമായി ബന്ധമുള്ള ബംഗ്ലാദേശി പൗരന്മാരായിരുന്നു മുഖ്യാതിഥികള്‍. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി രാജ്യത്തെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും ഇവര്‍ തന്നെയാണ്. അല്‍ ഖ്വായ്ദയുമായി ബന്ധമുണ്ടെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
ഇത് കൂടാതെ ഇവരുടെ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ ഭീകരസംഘടനയുമായി ബന്ധമുള്ള ജിഹാദി സാഹിത്യങ്ങള്‍, പോസ്റ്ററുകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍ തുടങ്ങി നിരവധി രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: