തിരുവനന്തപുരം : വിസിയെ തെരഞ്ഞെടുക്കുന്നതിനായി സേര്‍ച്ച് കമ്മിറ്റി കൊണ്ടുവരാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കേരള സര്‍വകലാശ പ്രമേയം പാസാക്കി. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രമേയത്തില്‍ ആരോപിക്കുന്നത്.
സേര്‍ച്ച് കമ്മിറ്റിയെ നിയമിച്ചത് പിന്‍വലിക്കണമെന്നും പ്രമേയത്തിലുണ്ട്. നിലവില്‍ വിസി നിയമനത്തിനായി ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല ഇതുവരെ നോമിനിയെ നല്‍കിയിട്ടില്ല. ആരേയും നിര്‍ദ്ദേശിക്കാതെയാണ് കേരള സര്‍വകലാശാലയുടെ ഈ നടപടി. സര്‍വകലാശാലകളിലെ ചട്ട വിരുദ്ധ നിയമനങ്ങള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്ന് ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.
അതേസമയം സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിള്ള മൗനം പാലിച്ചു. ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കുന്നത് അപൂര്‍വമാണ്. സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ അനുമതി നല്‍കിയതോടെ വൈസ് ചാന്‍സലര്‍ ഡോ. വി.പി.മഹാദേവന്‍പിള്ളയ്ക്കെതിരെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി ഉപയോഗിച്ച് നടപടി സ്വീകരിക്കാവുന്നതാണ്. നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് വിസിയെ സസ്പെന്‍ഡ് ചെയ്യുകയോ അന്വേഷണം നടത്തി പുറത്താക്കുകയോ ചെയ്യാം.
കേരള വിസിയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്നതിനാല്‍ ഓഗസ്റ്റ് തുടക്കത്തില്‍ തന്നെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. നിലവിലെ നിയമപ്രകാരം ഗവര്‍ണറുടെ നോമിനി, സര്‍വകലാശാല നോമിനി, യുജിസി നോമിനി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് വിസി നിയമന പാനല്‍ സമര്‍പ്പിക്കേണ്ടത്. ഗവര്‍ണര്‍ പാനലില്‍ ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കും. ജൂലൈ 15ന് ചേര്‍ന്ന സെനറ്റ് യോഗം സെര്‍ച്ച് കമ്മിറ്റിയിലെ അംഗമായി പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ.രാമചന്ദ്രന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്തു നിന്നു സ്വയം ഒഴിവായി. സെര്‍ച്ച് കമ്മിറ്റിയിലേക്കു സര്‍വകലാശാല നോമിനിയുടെ പേര് നല്കാന് ആവശ്യപ്പെട്ടിട്ടും ഇത് വൈകിയതോടെ ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കേരള വൈസ് ചാന്‍സലര്‍ക്ക് പകരക്കാരനെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഗവര്‍ണര്‍ തന്നെ ഉത്തരവിറക്കുകയായിരുന്നു.
വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ സെനറ്റ് പ്രതിനിധിയുടെ പേര് നിര്‍ദേശിക്കാതിരിക്കാന്‍, സര്‍വകലാശാലയുടെ പുതിയ അംഗത്തെ തെരഞ്ഞെടുക്കാനുള്ള അജന്‍ഡ ഇന്നത്തെ യോഗത്തില്‍ ഒഴിവാക്കിയിരുന്നു. വിദ്യാര്‍ഥി സിന്‍ഡിക്കറ്റ് അംഗ തെരഞ്ഞെടുപ്പും എയിഡഡ് കോളജില്‍ സ്വാശ്രയ കോഴ്സ് അനുവദിക്കുന്നതും മാത്രമായിരുന്നു അജന്‍ഡ. അതിനിടെ സെനറ്റ് യോഗത്തില്‍ സിപിഎമ്മും സിപിഐയും പ്രമേയത്തെ അനുകൂലിച്ചെങ്കിലും കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുകയായിരുന്നു. സേര്‍ച് കമ്മിറ്റിയില്‍ സര്‍വകലാശാല പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് മാത്രമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: