കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശിച്ച് പോലീസ്. കാപ്പ ചുമത്തുന്നതിനായി പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി. ഫർസീൻ സ്ഥിരം കുറ്റവാളിയെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ഫര്സീന് മജീദിനെതിരെയുള്ള കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിച്ച് കണ്ണൂര്‍ ജില്ലയില്‍ നിന്ന് എത്രയും വേഗം നാടുകടത്തണമെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും 2018 മുതല്‍ ഫര്‍സീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളും കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്.
അപേക്ഷ കളക്ടര്‍ പരിഗണിക്കുകയും അന്തിമ അംഗീകാരം നല്‍കുന്നതിനുള്ള സമിതിക്ക് അയക്കുകയും വേണം. ശേഷം ഫര്സീന് നേരിട്ടോ അഭിഭാഷകന് മുഖേനയോ തന്റെ വാദങ്ങള്‍ സമിതിയ്ക്ക് മുന്നില്‍ പറയാനുള്ള അവസരമുണ്ടാകും. കാപ്പ ചുമത്തുന്നതിനുള്ള നോട്ടീസ് ഫര്സീന് നല്‍കിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റാണ് ഫർസീൻ മജീദ്.
ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഫര്സീന് മജീദും, ആര്.കെ നവീന്‍ എന്നിവരായിരുന്നു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം ഇരുന്നിരുന്ന സീറ്റിലേക്ക് അടുത്തത്. ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പിടിച്ചു തള്ളിയിരുന്നു.
മട്ടന്നൂര്‍ പോലീസാണ് കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കിയത്. കാപ്പ ചുമത്താനുള്ള നീക്കം രാഷ്ട്രീയപ്പക വീട്ടാനുള്ള ശ്രമമാണെന്നും പോലീസിനെ അതിനായി ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: