ചെന്നൈ: ഉപ്പുവെള്ളം മതി, ഈ എല്‍ഇഡി ലാമ്പുകള്‍ മിഴി തുറക്കാന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ആണ് (എന്‍ ഐഒടി) ഉപ്പുവെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലാമ്പുകള്‍ നിര്‍മ്മിച്ചത്. ഇതോടെ ഇന്ത്യയില്‍ ഉടനീളം എല്‍ഇഡി വിളക്കുകള്‍ എത്തിക്കാനുള്ള മോദിയുടെ 2015ല്‍ തുടങ്ങിവെച്ച ഉജാല പദ്ധതിക്ക് വന്‍കുതിപ്പാവും.
റോഷ്നി വിളക്കുകള്‍ വൈദ്യുതിയില്ലാതെ വിഷമിക്കുന്ന തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. ഇന്ത്യയിലെ 7500 കിലോമീറ്ററുകളോളം വരുന്ന മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ഈ ഉപ്പുവെള്ള വിളക്ക് ജീവിതപ്രകാശമായി മാറും. കഴിഞ്ഞ ദിവസം ഭൗമ ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിങ്ങ് റോഷ്നി ലാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്‍ ഐഒടിയുടെ തീരദേശ ഗവേഷണക്കപ്പലായ ‘സാഗര്‍ അന്വേഷിക’ സന്ദര്‍ശനവേളയിലായിരുന്നു റോഷ് നി വിളക്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചത്.
മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ അനായാസമാക്കുന്ന ഒരു വിപ്ലവം തന്നെയാണ് റോഷ്നി വിളക്ക്. കടല്വെള്ളമുള്ളതിനാല് ഈ വിളക്ക് ചാര്‍ജ്ജ് ചെയ്യാനും പ്രയാസമില്ല. ഇലക്ട്രോഡുകള്‍ക്കിടയിലുള്ള ഇലക്ട്രൊലൈറ്റ് ആയി ഉപ്പുവെള്ളമാണ് പ്രവര്‍ത്തിക്കുക. ഇനി കടല്വെള്ളമില്ലെങ്കില്, ഉപ്പുകലക്കിയ വെള്ളം ഉപയോഗിച്ചാലും മതി.
എന്തായാലും റോഷ് നി ലാമ്പുകള്‍ പ്രധാനമന്ത്രിയുടെ ഉജാല പദ്ധതിക്ക് കരുത്തേകുമെന്ന് മന്ത്രി ജിതേന്ദ്രസിങ്ങ് പറയുന്നു. മോദി വിഭാവനം ചെയ്ത മറ്റൊരു പദ്ധതിയാണ് സോളാര്‍ സ്റ്റഡി ലാമ്പ്. ഇത് വൈദ്യുതി എത്താത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് പ്രയോജനപ്പെടുത്താനാണ്. അസം, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിന്നാക്ക മേഖലയിലായിരിക്കും സോളാര്‍ സ്റ്റഡി ലാമ്പ് വിതരണം ചെയ്യുക. ഇത് രംഗത്തെത്തിയിട്ടില്ല. 70 ലക്ഷത്തോളം സോളാര്‍ സ്റ്റഡി ലാമ്പ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റോഷ്നി ലാമ്പും സോളാര്‍ സ്റ്റഡി ലാമ്പും പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇത് അന്തരീക്ഷ മലിനീകരണത്തിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റുകള്‍ കുറയ്ക്കും.
റോഷ് നി ലാമ്പുകള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഇനി വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ പ്രാപ്തരായവര്‍ക്ക് കൈമാറുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ഈ ഉപ്പുവെള്ള ലാമ്പ് ജനങ്ങളിലേക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: