വ്യക്തിസ്വാഭാവത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന സങ്കീര്‍ണ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുമ്പോഴും ജീവിതത്തില്‍ പുലര്‍ത്തുന്ന നീതിബോധം കൊണ്ടും, വ്യക്തിത്വത്തിന്റെ അന്യാദൃശമായ മഹത്വം കൊണ്ടും ഇതിഹാസ നായികയോളം ശ്രദ്ധിക്കപ്പെടേണ്ട ഒരു കഥാപാത്രമാണ് മണ്ഡോദരി. അപ്സര സംഭവയായ മണ്ഡോദരി മയനെന്ന ദൈത്യന്റെ പുത്രിയാണ്. ലങ്കാധിപനായ രാവണന്റെ സഹധര്മചാരിണിയും. സഹധര്‍മ്മിണി എന്നാല്‍ ഭര്‍ത്താവിന്റെ ധര്മാചരണത്തെ കേവലം പിന്തുടരുകയല്ലെന്നും സനാതനമായ ധാര്‍മികമൂല്യങ്ങളെ ധരിച്ചുകൊണ്ട് ജീവിക്കുക എന്നതാണെന്നും ധര്മവ്യാകരണത്തിന് സ്വജീവിതം കൊണ്ട് മണ്ഡോദരി ഭാഷ്യം ചമച്ചു.
ലങ്കാധിപന്റെ അധാര്‍മിക ചെയ്തികള്‍ക്കുമേല്‍ ചെറുത്തുനില്പിന്റെ പ്രതിരോധം ചമയ്ക്കാന്‍ മണ്ഡോദരിക്ക് സാധിച്ചു. ദശമുഖന്റെ വീര്യപ്രൗഢികള്ക്കു മുന്നില്‍ തന്റേത് നിസ്സാര സ്വരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ മണ്ഡോദരി എന്നും ധര്മപക്ഷത്തുതന്നെ നിലയുറപ്പിച്ചു. യുദ്ധത്തില്‍ ഭര്‍ത്താവും പുത്രനും നഷ്ടപ്പെട്ട വേദനയില്‍ വിലപിക്കുമ്പോഴും മണ്ഡോദരീവിലാപത്തില് നിറയുന്നത് അധാര്‍മികമായ ജീവിതം നയിച്ച രാവണനോടുള്ള വിയോജിപ്പുകളാണ്. കാമമോഹിതനായ ഭരണാധിപന് തന്റെ ചെയ്തികള്‍ കൊണ്ട് തകര്‍ത്തെറിഞ്ഞ ലങ്കയിലെ ഐശ്വര്യ സമൃദ്ധികളും, ലങ്കാവാസികള്ക്കുണ്ടായ തീരാനഷ്ടവും, ലങ്കയുടെ യശസ്സിനേറ്റ കളങ്കവും ഒരു രാജ്ഞി എന്ന നിലയില്‍ നിഷ്പക്ഷമായ മനസോടെ മണ്ഡോദരി തിരിച്ചറിയുന്നു.
തന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളില്‍ മനസുതകരുമ്പോഴും ആ മഹാദുരന്തത്തിന്റെ കാരണങ്ങള്‍ നിഷ്പക്ഷതയോടെ വിലയിരുത്തുന്ന സ്ത്രീ സ്വഭാവത്തിന്റെ സന്തുലിതമായ മനോവ്യാപാരങ്ങളാണ് മണ്ഡോദരിയെ ശ്രദ്ധേയയാക്കുന്നത്. രാമനുമായി ഒരിക്കലും വിരോധമുണ്ടാകരുതെന്ന് മണ്ഡോദരി പലതവണ രാവണനെ ഉപദേശിക്കുന്നുണ്ട്. സുചരിതയും, പതിവ്രതയും വിശിഷ്ട വ്യക്തിത്വത്തിനുടമയുമായ സീതയെ അപഹരിച്ചതും, അവരുടെ സമ്മതമില്ലാതെ ബലാല്ക്കാരേണ, തന്റെ ഇച്ഛക്ക് വശംവദയാകുമെന്ന പ്രതീക്ഷയില്‍ തടങ്കലില്‍ പാര്‍പ്പിച്ചതും രാവണന് ചെയ്ത തെറ്റുകളാണെന്ന് മണ്ഡോദരി തിരിച്ചറിയുന്നുണ്ട്.
ഏറ്റവും നിന്ദ്യമായ സ്ത്രീ മോഷണം എന്ന പാതകം ചെയ്ത രാവണനോട്, സീതയുടെ സ്വഭാവനിഷ്ഠയും ധര്‍മബോധവും അവഗണിച്ച് ഒടുക്കംവരെ സീതാസംഗമേച്ഛ പുലര്ത്തിപ്പോന്നതിനോട്, രാമലക്ഷ്മണന്മാരെ ആശ്രമത്തില്‍ നിന്നകറ്റി സീതാദേവിയെ ഒറ്റപ്പെടുത്തി തട്ടിക്കൊണ്ടുപോന്ന വീരപരാക്രമി രാവണന്റെ ഭീരുത്വത്തോട്, ഉറ്റവര്‍ക്കും, ഉടയവര്‍ക്കും ആപത്തുണ്ടാക്കി സര്‍വ്വനാശം ലങ്കക്ക് വിധിച്ച മഹാപാതകത്തോട് ഒന്നും മണ്ഡോദരി ക്ഷമിക്കുന്നില്ലെന്ന് മാത്രമല്ല ഭര്തൃമരണത്തില് വിലപിക്കുമ്പോള്‍ ഇവയെല്ലാം ഓര്‍ത്ത് ഗദ്ഗദപ്പെടുന്നുമുണ്ട്. ഭര്തൃപ്രേമം സത്യത്തിനും ധര്‍മത്തിനും നേരെ കണ്ണടയ്ക്കുവാന്‍ മണ്ഡോദരിക്ക് പ്രേരകമാവുന്നില്ല എന്നതാണ് മണ്ഡോദരീ സ്വഭാവത്തിന്റെ സവിശേഷത.
ധന്യമാലിനീ എന്നാണ് വാല്മീകി മണ്ഡോദരിയെ വിശേഷിപ്പിച്ചത്. രാമനും രാവണനും ധര്‍മാനുഷ്ഠാനത്തിന്റെ വിഭിന്ന ചേരികളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആശയപരമായും, കര്‍മപരമായും അഭിപ്രായഭിന്നതകളില്‍ പുലരുമ്പോഴും രാമ-രാവണ ദ്വന്ദ്വങ്ങളുടെ കൂടെയുള്ള സ്ത്രീസാന്നിധ്യങ്ങള്‍ സീതയും- മണ്ഡോദരിയും ഒരേ മൂല്യബോധവും, ധര്‍മനിഷ്ഠയും പുലര്‍ത്തുന്നവരാണ് എന്നതാണ് ഇവിടെ സവിശേഷമായ ശ്രദ്ധചെലുത്തേണ്ട വസ്തുത. സീതയും- മണ്ഡോദരിയും വിരുദ്ധപക്ഷങ്ങളിലല്ല ഒരേ ധര്‍മബോധത്തിന്റെ ആവിഷ്കാര സാധ്യതകള്‍ മാത്രമാണ്.
സീതയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു തലത്തിലുള്ള ആവിഷ്കാരമാണ് മണ്ഡോദരി. മറ്റൊരര്‍ത്ഥത്തില്‍ സീത തന്നെയാണ് മണ്ഡോദരി. രാമന്റെ കൂടെ നില്ക്കുന്ന സീത ധര്‍മബോധത്താല്‍ അംഗീകരിക്കപ്പെടുമ്പോള്‍ രാവണനിലെ ധര്മബോധമായ മണ്ഡോദരി അവഗണിക്കപ്പെടുന്നു. രാവണന്റെ മറുപാതിയാണ് മണ്ഡോദരി. കാമപ്രേരണയാല്‍ അധാര്‍മിക പ്രവൃത്തികള്‍ ചെയ്തുകൂട്ടുമ്പോഴും രാവണന്റെ ഉള്ളിലെ സൂക്ഷമസാന്നിധ്യമായ ധര്‍മബോധത്തിന്റെ പ്രതീകമാണ് മണ്ഡോദരി. പക്ഷെ ആ സാന്നിധ്യം രാവണപ്രഭാവത്തിന്റെ കാഠിന്യത്തില്‍ അവഗണിക്കപ്പെടുന്നു എന്നുമാത്രം.
പ്രകൃതിയാണ് സീതയും മണ്ഡോദരിയും. ഒരാള്‍ മണ്ണിന്റെ മകളാണ്. മറ്റൊരാള്‍ വിണ്ണിന്റെ (അപ്സരസ്) സന്തതിയും. അഹല്യ- ദ്രൗപതി- സീത-താര- മണ്ഡോദരി, ഇവര്‍ ഭാരതത്തിന്റെ സംസ്കാരത്തില്‍ പ്രാത:സ്മരണീയകളായ പഞ്ചകന്യകമാരാണ്. സ്ത്രീത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളായ ധൃതിയും, ക്ഷമയും, ധൈര്യവും, വീര്യവും, ഐശ്വര്യവും സ്വയം ഉള്‍ക്കൊണ്ട് ധാര്‍മികമായ ഉള്‍ക്കരുത്തോടെ നിലകൊണ്ടു എന്നതാണ് ഈ മഹത്വത്തിന് നിദാനം.
രാമപക്ഷത്തായാലും രാവണപക്ഷത്തായാലും സ്ത്രീ എന്നും ധര്‍മപക്ഷത്തുതന്നെയാണ്. അവളുടെ തീരുമാനങ്ങളില്‍ നൈതികതയുടെ കരുത്തുണ്ടാകും. അവളുടെ വാക്കില്‍ സത്യത്തിന്റെ അസാമാന്യമായ ധീരതയുണ്ടാകും. അവളുടെ പ്രവൃത്തിയില്‍ ധര്‍മാചരണത്തിന്റെ ശ്രേയസുണ്ടാകും. ഇതാണ് ഇതിഹാസ സ്ത്രീ കഥാപാത്രങ്ങളുടെ ഉള്‍ക്കരുത്ത്. യുദ്ധവീരന്മാരായ ഇതിഹാസനായകരോടൊപ്പം ഇതിഹാസ നായികമാര്‍ അടയാളപ്പെടുത്തപ്പെടുന്നത് ആന്തരികമായ അവരുടെ ധീരതകൊണ്ടു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: