കാബൂള്‍: പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഉയര്‍ത്തിയ വനിതകള്‍ക്ക് നേരെ താലിബാന് വെടിയുതിര്‍ത്തു. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ‘ആഗസ്റ്റ് 15 ഒരു കറുത്ത ദിനം’ എന്ന പോസ്റ്റര്‍ ഉയര്‍ത്തിയ യുവതികള്‍ക്ക് നേരെയാണ് താലിബാന് രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. എന്നാല്‍, പ്രതിഷേധക്കാരെ പിരിച്ചുവിടാനാണ് വെടിയുതിര്‍ത്തതെന്ന് താലിബാന് നല്കുന്ന വിശദീകരണം.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന് പിടിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലത്തെ സമരം. സമരം ചെയ്ത സ്ത്രീകളെ താലിബാന് സേന മര്‍ദ്ദിച്ചതായും സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ താലിബാനികള്‍ തല്ലിഓടിക്കുകയും ചെയ്തു.
‘ഭക്ഷണം, ജോലി, സ്വാതന്ത്ര്യം’ എന്നെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. ‘നീതി, നീതി, ഈ അവഗണനയില്‍ ഞങ്ങള്‍ മടുത്തു,’ എന്നടക്കമുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ജോലി ചെയ്യാനും രാഷ്ട്രീയ ഇടപെടലിനുമുള്ള അവകാശമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
താലിബാന് സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാബൂളിലെ ഓഫീസിന് മുന്നിലേക്കായിരുന്നു 40ഓളം വനിതാ സമരക്കാര്‍ മാര്‍ച്ച് നടത്തിയത്. ഈ സമയത്തായിരുന്നു സൈന്യം ഇവരെ പിരിച്ചുവിടാന്‍ വെടിവെച്ചത്. വെടിവെപ്പിന് ശേഷം ഓടി മാറിയ സ്ത്രീകളെ സൈന്യം തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ യുഎസ് ഇടപെടലിന്റെ രണ്ട് പതിറ്റാണ്ടിനിടെ സ്ത്രീകള്‍ നേടിയ നാമമാത്ര നേട്ടങ്ങള്‍ താലിബാന് പിന്‍വലിച്ചതാണ് വനിതകളെ സമരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: