പി. ചിത്രന് നമ്പൂതിരിപ്പാട്
എന്റെ തലമുറയില്‍പ്പെട്ട ആളുകള്‍ അടിമ രാജ്യത്തിലാണ് ജനിച്ചത്. സ്വതന്ത്ര രാജ്യത്തില്‍ ജനിക്കാനുള്ള ഭാഗ്യം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പക്ഷേ സ്വാതന്ത്ര്യലബ്ധിക്കായി കഠിനമായി അധ്വാനം ചെയ്യുന്ന ഒരു ജനതയുടെ ഭാഗമായിരുന്നു തങ്ങളെല്ലാവരും. അങ്ങനെ ചെയ്ത പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ബ്രിട്ടീഷുകാര്‍ ഭരണം ഇവിടെതന്നെ ഏല്‍പ്പിച്ച് ഇന്ത്യയില്‍ നിന്ന് പോകാനിടയായത്. അത് 75 വര്‍ഷം മുമ്പാണ്. ഈ ഭരണ ലബ്ധിയില്‍ നിന്ന് നമ്മള് പലതും പ്രതീക്ഷിച്ചിരുന്നു. പലതും ലഭിച്ചു. പലതും ലഭിച്ചിട്ടില്ല. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്കിടയില്‍ ഭാരതം ഒരു പുതിയ രാജ്യമായി വളര്‍ന്നുവരാന്‍ ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്ത് ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യമാണ് ഇന്ന് ഭാരതം. വലിയ ശാസ്ത്രജ്ഞനായിരുന്ന മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ശാസ്ത്ര മേഖലയില്‍ വളര്‍ച്ച കൊണ്ടുവന്നു. അതിന്റെ ഫലമായി ആകാശ യാത്രയില്‍ ലോകത്തിലെ ഉന്നത രാജ്യങ്ങളില്‍ ഒന്നായി നാം ഇന്ന് മാറി. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ തൊഴില്‍ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് തൊഴിലില്ലായ്മയുണ്ട്. നമ്മുടെ മതേതരത്വം ഭരണഘടനയിലൂടെ പ്രഖ്യാപിച്ചതാണ്. 75 വര്‍ഷത്തിനിടയില്‍ വളരെയധികം വളര്‍ച്ച നേടാനായതില്‍ രാജ്യത്തിന് അഭിമാനിക്കാം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായ രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം എന്ന് നമുക്ക് അഭിമാനപൂര്‍വ്വം പറയാം. വിദ്യാഭ്യാസവും തൊഴിലും ഉണ്ടെങ്കില്‍ രാജ്യത്തെ യുവജനങ്ങള്‍ വളര്‍ന്നു വരും. വിദ്യാഭ്യാസരംഗത്ത് വളര്‍ച്ച നേടാനായിട്ടുണ്ട് . വിദ്യാഭ്യാസം ഉണ്ടെങ്കില്‍ തൊഴില്‍ ലഭ്യതയുണ്ടാകും. എന്നാലത് വിചാരിച്ചത്ര നേടാനായിട്ടില്ല. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും സാക്ഷരത 90 ശതമാനത്തിലധികമുണ്ട്. അതിനാല്‍ പ്രത്യാശയോടെ നമുക്ക് മുന്നേറാം. നിരാശപ്പെടേണ്ട കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: