പി.എന്‍ രാജേഷ്കുമാര്‍
നിഴല്‍ പകുത്തിട്ടൊരീപ്പാതയിലൂടെ-
ഞാനിരുളില്ചവിട്ടി നടന്നീടവേ
വെളിച്ചംചുരത്തുന്ന പാല്ക്കിണ്ണ-
മേതോ കരിമ്പൂച്ച നക്കിത്തുടച്ചിടുന്നൂ!
വിറയ്ക്കും വിളക്കുകാലിരവില്പ്പൊടു-
ന്നനേ,യിരുകണ്ണുമൊന്നങ്ങു ചിമ്മീടവേ
കടംകൊണ്ടപകലുകള് മടക്കിയേകീ-
ടാതെ, തലതാഴ്ത്തി രാത്രി, മയങ്ങിടുന്നൂ
കനവിന്നടുപ്പില് ഉടലുകത്തീടവേ
ചുടലദുര്ഭൂതങ്ങള്തുടലുപൊട്ടിക്കുന്നു
ദുരമൂത്ത ക്രൂരപ്പിശാചുകള് ചുറ്റിലും
വാപിളര്ന്നെന്നെത്തുറിച്ചുനോക്കുന്നൂ.
മൗനം ചതച്ചിട്ട വെള്ളംകുടിച്ചു ഞാന്‍
പിന്നെയും മുന്നോട്ട് പോയീടവേ
വഴിയരികത്തായ് ചിരിതൂവിനില്ക്കുന്നു
ബലിദാനസ്മൃതിയിലെന് മുന്‍ഗാമികള്‍
കടല്‍ കടന്നെത്തിയ കൊടുംക്രൂരരീ-
നാടിനടിവേരുതോണ്ടിയതോര്മ്മയില്ലേ?
അവരുടെ വെടിയുണ്ടയിടനെഞ്ചിലേറ്റി
ജീവന്വെടിഞ്ഞതാണന്നു ഞങ്ങള്‍!
അവരന്ന് വെട്ടിപ്പകുത്തൊരീ നാട്ടില്‍
ചോരമണമിന്നും കാറ്റില്പരക്കുന്നു
ആരും കൊതിക്കും കിരീടത്തിലിന്നും
തീരാത്ത പകയുടെ ഗന്ധകം പൂക്കുന്നു
ഉയരട്ടെ കുങ്കുമപ്പൂവിന്റെ ഗന്ധം
പുലരട്ടെ ശാന്തിയാ താഴ്വരയിലെന്നും
ഒഴുകട്ടെ സ്വച്ഛമായ് ഗംഗ വീണ്ടും
വിളങ്ങട്ടെ മധ്യെയാ ഹിമശ്വേതവര്ണ്ണം
ഉയര്ക്കട്ടെയറിവിന് നളന്ദകളിനിയും
ഉരുളട്ടെ സാരാനാഥിലെ ചക്രങ്ങള്‍…
ഹരിതാഭമാകട്ടെ പുണ്യമാ,മീഭൂമി
പരമമാം വൈഭവമെന്നും പുലരട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: