അഞ്ച് പ്രധാന ഘടകങ്ങളാണ് ആസാദി കാ അമൃത മഹോത്സവം കൊണ്ട് പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നത്
സ്വാതന്ത്ര്യ പോരാട്ടം: രാജ്യം മറന്ന സേനാനികളെ ഒരിക്കല്‍ക്കൂടി പുതിയകാലത്തിന് മുന്നില്‍ അവതരിപ്പിക്കുക. അവരുടെ ത്യാഗോജ്വല പോരാട്ടങ്ങള്‍ രേഖപ്പെടുത്തുക. അറിയപ്പെടാതെ കിടന്ന ഓരോ ഗ്രാമങ്ങളിലും നടന്ന പോരാട്ടകഥകള്‍ ചരിത്രത്തിന്റെ ഭാഗമാക്കുക. ജനജാതീയ ഗൗരവ ദിവസം, ഷഹീദ് ദിവസം തുടങ്ങിയ ആഘോഷ ദിനങ്ങള്‍ പ്രഖ്യാപിക്കുക.
ആശയങ്ങള്‍@75: സ്വാതന്ത്ര്യലബ്ദിയുടെ നൂറാണ്ടുകളിലെ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ മുന്നില്‍ നിര്‍ത്തി വരുന്ന 25 വര്‍ഷത്തെ രാജ്യത്തെ എങ്ങനെ നയിക്കണം എന്നതു സംബന്ധിച്ച ആശയങ്ങള്‍ പൊതുസമൂഹത്തിന് നല്‍കാനുള്ള പരിശ്രമം. അതിവേഗം മാറുന്ന പുതിയ കാലത്തെ ഇന്ത്യയെ എല്ലാ മേഖലയിലും ശക്തിപ്പെടുത്തുക. രാജ്യത്തിന്റെ സംഭാവനകളെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക. 75 ലക്ഷം കുട്ടികള്‍ അവരുടെ 2047ലെ ഇന്ത്യ എന്ന കാഴ്ചപ്പാട് പോസ്റ്റ് കാര്‍ഡിലൂടെ പ്രധാനമന്ത്രിയെ അറിയിക്കുക തുടങ്ങിയ ഇതിന്റെ ഭാഗമായി നടക്കുന്നു.
സങ്കല്‍പ്പം@75: പ്രത്യേക ലക്ഷ്യത്തിനായി കൂടുതല്‍ ഊര്‍ജ്ജിതമായ പരിശ്രമം. 2047ലെ ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ശക്തിപ്പെടുത്താന്‍ വ്യക്തികളും സംഘങ്ങളും സമൂഹവും സ്ഥാപനങ്ങളും സര്‍ക്കാരുകളും ഏതു രീതിയില്‍ മുന്നേറണം എന്നതു സംബന്ധിച്ച ചിന്തകള്‍. ഭരണഘടനാ ദിനം, സദ്ഭരണ വാരാചരണം തുടങ്ങിയവ വഴി ഇത്തരം സന്ദേശങ്ങള്‍ ഓരോ ആളുകളിലും എത്തുക.
പ്രവൃത്തി@75: നയപരിപാടികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച വിലയിരുത്തലുകള്‍. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ നയങ്ങള്‍, പദ്ധതികള്‍, കര്‍മ്മപദ്ധതികള്‍ എന്നിവ. നല്ല നാളേക്കായി എന്‍ജിഒകള്‍, സിവില്‍സമൂഹം, ബിസിനസ് സമൂഹം എന്നിവയുടെ ആശയങ്ങള്‍ ശേഖരിക്കുക. വിവിധോദ്യേശ കണക്ടിവിറ്റിക്കായുള്ള ദേശീയ കര്‍മ്മ പദ്ധതിയായ ഗതി ശക്തി പോലുള്ള പ്രോഗ്രാമുകളുടെ പ്രോത്സാഹനം.
നേട്ടങ്ങള്‍@75: വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തുന്നു. 75 വര്‍ഷത്തെ കൂട്ടായ നേട്ടങ്ങള്‍ വിലയിരുത്താന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 1971ലെ യുദ്ധ വിജയാഘോഷത്തിനായി സ്വര്‍ണ്ണിം വിജയ് വര്‍ഷ് പോലുള്ള ആഘോഷങ്ങളും സംഘടിപ്പിച്ചു.
വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകളും ലോക രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയും ആഘോഷപരിപാടികള്‍ നടത്തുന്നുണ്ട്. രംഗോലി വരയ്ക്കുന്ന മത്സരങ്ങളിലൂടെയും ദേശഭക്തിഗാന രചനാ മത്സരത്തിലൂടെയും താരാട്ട് പാട്ട് രചനാ മത്സരത്തിലൂടെയും പഴയകാലത്തെ ഒരിക്കല്‍ക്കൂടി ജനങ്ങളുടെ മനസ്സുകളിലേക്കെത്തിച്ചു.
ആഗസ്ത് 14നെ വിഭജനത്തിന്റെ ഭീതിത ഓര്‍മ്മദിനമായി ആചരിച്ചുതുടങ്ങി. സ്വാതന്ത്ര്യദിന പോരാട്ടത്തിന്റെ കഥകള്‍ എഴുതാനുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചു. ബ്ലോഗ് എഴുത്തു മത്സരങ്ങളും നടത്തി.
പ്രവേശനം സൗജന്യം
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കേന്ദ്രപുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പൈതൃക കേന്ദ്രങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആഗസ്ത് അഞ്ച് മുതല്‍ 15 വരെയാണിത്. രാജ്യത്ത് 3,600ലേറെ സ്മാരക മന്ദിരങ്ങളും പുരാവസ്തു കേന്ദ്രങ്ങളുമാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ളത്. ഇതില്‍ 19 സംസ്ഥാനങ്ങളിലെ 116 പ്രധാന കേന്ദ്രങ്ങളിലാണ് ടിക്കറ്റുകള്‍ വഴി പ്രവേശനം. ലക്ഷക്കണക്കിന് പേരാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പൈതൃക കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ഇതൊരു വലിയ ജനകീയ മുന്നേറ്റം
ആസാദി കാ അമൃത മഹോത്സവത്തെ സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ചരിത്രപരവും തിളക്കമാര്‍ന്നതുമായ നിമിഷങ്ങള്‍ക്കാണ് നാമോരോരുത്തരും സാക്ഷ്യം വഹിക്കുന്നത്. ഭഗവാന് നമുക്ക് സവിശേഷമായ ഭാഗ്യങ്ങള്‍ നല്കിക്കഴിഞ്ഞിരിക്കുന്നു. അതെന്തെന്ന് അറിയുമോ.
നാം അടിമത്തത്തിന്റെ ആ ദുഷിച്ച കാലത്തിന് ശേഷമാണ് ജന്മം കൊണ്ടത് എന്നതു തന്നെ. സമൂഹത്തിലെ എല്ലാ ധാരകളിലും പെട്ടവരും എല്ലാ വിഭാഗത്തില്‍ പെട്ടവരും വിവിധ പരിപാടികളുടെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ അണിചേരുകയാണ്. ആഗസ്ത് 13 മുതല്‍ 15 വരെ ഹര് ഘര്‍ തിരംഗ പരിപാടിയിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളേറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: