തിരുവനന്തപുരം: ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. 2019ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താന്‍ കഴിഞ്ഞ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്.
ജനവാസ കേന്ദ്രങ്ങളടക്കം വനമേഖലയ്ക്ക് ഒരു കിലോ മീറ്റര്‍ വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള ഉത്തരവാണ് തിരുത്തിയത്. ബഫര്‍ സോണ്‍ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീംകോടതി വിധി ആശങ്കയുയര്ത്തിയപ്പോഴാണ് 2019ലെ ഉത്തരവ് തിരുത്താന്‍ പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്. ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.
വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഉത്തരവ് തിരുത്തി ഇറക്കാന്‍ സര്‍ക്കാര്‍ തയാറായത്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുപാടുമുള്ള ജനവാസമേഖലകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിൻമേലുള്ള ആക്ഷേപങ്ങൾ പരിഗണിച്ചശേഷം ജനവാസ കേന്ദ്രങ്ങൾ പുർണമായും കൃഷിയിടങ്ങളു സർക്കാർ- അർധ സർക്കാർ – പൊതുസ്ഥാപനങ്ങളും ഒഴിവാക്കിയാണ് നിർദേശം കേന്ദ്ര സർക്കാരിന് വനംവകുപ്പ് സമർപ്പിച്ചത്.
സുപ്രീംകോടതിയുടെ 2022 ജൂൺ മൂന്നിലെ ഉത്തരവിന്മേൽ പുനപരിശോധന ഹരജി സമർപ്പിക്കുന്നതിനും വനംവകുപ്പിനെ ചുമലപ്പെടുത്തിയാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: