ചെന്നൈ: നാല്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് വെങ്കലത്തിളക്കം. ഓപ്പണ്‍, വനിത വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ മൂന്നാമതെത്തി. ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ബി ടീമും വനിതകളില്‍ എ ടീമുമാണ് വെങ്കലും നേടിയത്.
ഓപ്പണ്‍ വിഭാഗം പതിനൊന്നാം റൗണ്ടില്‍ ജര്‍മനിയെ 3-1ന് തകര്‍ത്താണ് ഇന്ത്യ ബി വെങ്കലം നേടിയത്. ഇന്ത്യ എ ടീം നാലാം സ്ഥാനം നേടിയപ്പോള്‍ സി ടീം 31-ാം സ്ഥാനത്തെത്തി. ഉസ്ബക്കിസ്ഥാനാണ് സ്വര്‍ണം. അവസാന മത്സരത്തില്‍ 2.5-1.5 എന്ന നിലയില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയാണ് ഉസ്ബക്കിസ്ഥാന് സ്വര്‍ണം നേടിയത്. അര്‍മേനിയയ്ക്ക് വെള്ളി. അവസാന മത്സരത്തില്‍ സ്പെയിനിനെ 2.5-1.5ന് അര്‍മേനിയ തോല്‍പ്പിച്ചു.
ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യ ബി ടീമിലെ നിഹാല്‍ സരിന്, സാധ്വനിറൗനാക് എന്നിവര്‍ ജയിച്ചപ്പോള്‍ ഗുകേഷ്, പ്രജ്ഞാനന്ദ എന്നിവര്‍ സമനില വഴങ്ങി. ഇന്ത്യ എ ടീം അവസാന മത്സരത്തില്‍ അമേരിക്കയെ 2-2 സമനിലയില്‍ തളച്ചു. പി. ഹരികൃഷ്ണയും വിദിത് സന്തോഷ് ഗുജറാത്തിയും സമനില നേടിയപ്പോള്‍ എറിഗെയ്സി അര്ജുന് ജയിച്ചു. എസ്.എല്‍. നാരായണന് തോറ്റു.
വനിതകളില്‍ ഇന്ത്യ അവസാന മത്സരത്തില്‍ അമേരിക്കയോട് തോറ്റതോടെ സ്വര്‍ണം കൈവിട്ടു. 3-1നാണ് അമേരിക്ക ജയിച്ചത്. ഉക്രെയ്നാണ് സ്വര്‍ണം. ജോര്‍ജിയ വെള്ളി നേടിയപ്പോള്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. അമേരിക്കക്കെതിരെ കൊനേരു ഹംപിയും ആര്. വൈശാലിയും സമനില പാലിച്ചപ്പോള്‍ താനിയ സച്ച്ദേവും ഭക്തി കുല്‍ക്കര്‍ണിയും തോല്‍വി വഴങ്ങി. വനിതാ ബി ടീം കസാക്കിസ്ഥാനോട് തോറ്റപ്പോള്‍ സി ടീം സ്ലൊവാക്യയോട് സമനില പലിച്ചു. ബി ടീം എട്ടാം സ്ഥാനത്തും സി ടീം പതിനേഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: