വാഷിങ്ങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയിഡ്. ഫ്ളോറിഡയിലെ വീട്ടില്‍ എഫ്.ബി.ഐയാണ് റെയ്ഡ് നടത്തിയത്. എഫ്.ബി.ഐ ഏജന്റുമാര്‍ വീട് റെയ്ഡ് ചെയ്തതായി ഇന്നലെ ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
ട്രംപിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
തന്റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ വസതിയിലേക്ക് അയച്ച രഹസ്യരേഖകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എഫ്.ബി.ഐ ഏജന്റുമാര്‍ കോടതിയുടെ അനുമതിയോടെ തിരച്ചില്‍ നടത്തിയത്. തന്റെ ‘ട്രൂത്ത് സോഷ്യല്‍’ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് ട്രംപ് റെയ്ഡ് വിവരം പുറത്തുവിട്ടത്.
ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള എന്റെ മനോഹരമായ വീട്, മാര്‍-എ-ലാഗോ, നിലവില്‍ ഉപരോധിച്ചിരിക്കുകയാണ്, ഒരു കൂട്ടം എഫ്.ബി.ഐ ഏജന്റുമാര്‍ റെയ്ഡ് നടത്തി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: