കണ്ണൂര്‍: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രീസ ജോളിയുടെ ഇരട്ട മെഡല്‍ നേട്ടത്തില്‍ അഭിമാനപൂര്‍വം കണ്ണൂര്‍ സര്‍വകലാശാലയും. സര്‍വകലാശാലയിലെ വിദ്യാര്‍ഥി ദത്തെടുക്കല്‍ പദ്ധതി (Student Adoption Scheme) പ്രകാരം ബ്രണ്ണന്‍ കോളജില്‍ ബി.ബി.എ.ക്ക് പ്രവേശനം കിട്ടിയ വിദ്യാര്‍ഥിനിയാണ് ട്രീസ ജോളി.
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സ്വദേശിനിയായ ട്രീസ ജോളിക്ക് തന്റെ പിതാവ് ജോളി മാത്യുവാണ് ബാഡ്മിന്റണില്‍ പ്രാഥമിക പരിശീലനം നല്‍കിയത്. പിന്നീട് കണ്ണൂര്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസിലെ പ്രൊഫസറും ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് (BWF) അംഗീകൃത പരിശീലകനുമായ ഡോ. അനില്‍ രാമചന്ദ്രന്റെ കീഴില്‍ അഞ്ച് വര്‍ഷം പരിശീലനം നേടി. തുടര്‍പരിശീലനത്തിനായി 2021-ല്‍ ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയില്‍ ചേര്‍ന്നു. പ്രഫ. അനില്‍ രാമചന്ദ്രന്റെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പരിശീലനത്തിനിടെ ട്രീസ ജോളി ജൂനിയര്‍ സിംഗിള്‍സിലും ഡബിള്‍സിലും ലോക റാങ്കിങ്ങില്‍ എട്ടാമത് എത്തുകയുണ്ടായി.
ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലേക്ക് ഉയര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്ത് മികവ് നേടുന്നതിനോടൊപ്പം ഉപരിപഠനവും സാധ്യമാക്കുന്നതിനായി കണ്ണൂര്‍ സര്‍വകലാശാല ആവിഷ്കരിച്ച വിദ്യാര്‍ഥി ദത്തെടുക്കല്‍ പദ്ധതിയില്‍ ആദ്യമായി പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥിയാണ് ട്രീസ ജോളി. വിദ്യാര്‍ഥി ദത്തെടുക്കല്‍ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ് കണ്ണൂര്‍ സര്‍വകലാശാല.
ഈ വര്‍ഷമാദ്യം ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ സെമിഫൈനലില്‍ എത്തിയ ട്രീസ ഇപ്പോള്‍ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടിയത് സര്‍വകലാശാലയ്ക്ക് അഭിമാന നിമിഷമാണ്. നിലവില്‍ ലോക റാങ്കിങ്ങില്‍ 38 ആയ ട്രീസയും ഗായത്രിയും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും 2024 പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: