പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ അതേ സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ മിന്നല്‍ പരിശോധന. ആശുപത്രി നടത്തിപ്പില്‍ അപാകത ആരോപിച്ച് സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്ക് ശിക്ഷാ നടപടിയായി മന്ത്രി സ്പോട്ടില്‍ സ്ഥലം മാറ്റുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞ മാസം 28ന് ഇറങ്ങിയ ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ആശുപത്രിയിലേക്കു തന്നെയായിരുന്നു സ്ഥലംമാറ്റവും. ഇദ്ദേഹത്തിന് പകരം വര്‍ക്കലയിലെ ഡോ. ബിജു നെല്‍സനെ തിരുവല്ലയിലേക്കു നിയമിച്ചതായും പട്ടികയിലുണ്ട്. അദ്ദേഹം ചുമതലയേല്‍ക്കുന്നതു വരെ താല്‍ക്കാലികമായി ഡോ.അജയമോഹന് തിരുവല്ലയില്‍ തുടരുകയായിരുന്നു.
തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ ഡപ്യൂട്ടി സൂപ്രണ്ടായി തരംതാഴ്ത്തി ട്രാന്‍സ്ഫര്‍ ചെയ്തു എന്ന തരത്തിലായിരുന്നു പിന്നീട് നടന്ന പ്രചാരണം. എന്നാല്‍ സ്ഥലം മാറിയ ഇടത്തിലും സൂപ്രണ്ട് ആയിത്തന്നെയാണ് അദ്ദേഹത്തിന്റെ പദവി. അതേസമയം, ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നടപടിക്കെതിരെ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെതിരെ ഉണ്ടായത് വ്യക്തിഹത്യയാണെന്നും സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയില്‍ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: