തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ലാത്തതാണ് കേരളത്തിന്റെ പല മേഖലയിലെയും വികസനത്തിന് തടസ്സമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. വിഴിഞ്ഞം തുറമുഖത്തിനായി പ്രകൃതി കനിഞ്ഞു നല്കിയ സ്ഥലം വിനിയോഗിക്കാന്‍ 75 വര്‍ഷം വേണ്ടി വന്നത് എന്തുകൊണ്ടെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും നെയ്യാറ്റിന്‍കരയില്‍ ജന്മഭൂമി സംഘടിപ്പിച്ച ‘ജന്മഭൂമി വൈഭവ് 2022’ പുരസ്കാര സന്ധ്യ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
കേവലം സര്‍ക്കാരിന്റെ ആശയം മാത്രം പോരാ, സമൂഹത്തിന്റെ ആശയവും ഉള്‍ക്കൊണ്ടു വേണം വികസനം സാധ്യമാക്കാന്‍. തടസ്സങ്ങള്‍ മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം കണ്ടെത്തണം. അത്തരം ശ്രമങ്ങളൊന്നും കേരളത്തില്‍ ഉണ്ടാകുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്താണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. രാജ്യവ്യാപകമായി കോണ്‍ഗ്രസ്സും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നരേന്ദ്രമോദി, അദാനിയെ ആശ്രയിക്കുന്നു എന്നാണ് ആക്ഷേപിക്കുന്നത്. എന്നാല്‍ ഇത്തരം വികസന കാര്യങ്ങളില്‍ ഏതു സര്‍ക്കാരിനും ഇത്തരം ഗ്രൂപ്പുകളെ ആശ്രയിക്കേണ്ടി വരും. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സ്ഥിതി പദ്ധതികള്‍ക്ക് തടസ്സം വരുത്തുകയാണ്. രാജസ്ഥാനില്‍ അദാനിക്കെതിരെ പ്രക്ഷോഭം നടന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പദ്ധതിക്ക് അനുമതി നല്കി. മുരളീധരന് പറഞ്ഞു.
കൈത്തറി ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ പുതിയ തലമുറ മുന്നോട്ടു വരണം. കൈത്തറി വ്യവസായം നിലനിര്‍ത്തിയാല്‍ ടൂറിസം വികസന ഭൂപടത്തില്‍ ഇടം പിടിക്കും. പുതിയ തലമുറക്കാര്‍ ബാലരാമപുരം കൈത്തറിയെ കുറിച്ച് പഠിക്കണം. കേരളത്തില്‍ ടൂറിസം രംഗത്ത് അനന്ത സാധ്യതകളുണ്ട്. ഇതു പ്രയോജനപ്പെടുത്താനാകുന്നില്ല. ടൂറിസത്തിന്റെ പേരില്‍ 99 കോടി ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ കെട്ടികിടക്കുകയാണെന്നും വി.മുരളീധരന് പറഞ്ഞു.
സ്വാഗത സംഘം ചെയര്മാന് എസ് രാജശേഖരന് നായര്‍ അധ്യക്ഷം വഹിച്ചു.ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ആമുഖപ്രഭാഷണം നടത്തി
. കര്‍മരംഗത്ത് കഴിവു തെളിയിച്ച പശു സംരക്ഷകന്‍ അരുണ്‍ ദേവ്, മാതൃകാ കര്ഷകന് പി.ബിജു, ശില്പി സി.ബി. ജിനന്, സംഘാടക പ്രതിഭ ഡോ. സി. സുരേഷ് കുമാര്‍, എഴുത്തുകാരന് അഡ്വ. കെ.ജി. വഌത്താങ്കര, കൈത്തറിയുടെ പ്രചാരകന് മനോഹരന് സി., ആഴിമലയില്‍ മഹാശിവ ശില്പം യാഥാര്‍ത്ഥ്യമാക്കിയ ജ്യോതിഷ് പോറ്റി, പി.എസ്. ദേവദത്തന്, യുവ സംരംഭകന് എസ്.ആര്. ശ്രീജിത്ത്, നര്‍ത്തകി എസ്.എസ്. ശരണ്യ, സിസ്റ്റര്‍ മൈഥിലിക്ക് വേണ്ടി ജി.ആര്. പബ്ളിക് സ്കൂള്‍ സെക്രട്ടറി അഡ്വ. ഹരികുമാര്‍, ഊരുകളില്‍ അക്ഷരവെളിച്ചം എത്തിച്ച ഉഷാകുമാരി, സത്സംഗ ആചാര്യന് വേലായുധന് നായര്‍, കായിക താരം വിഷ്ണു എസ്.തമ്പി എന്നിവരെ ഫലകവും പൊന്നാടയും നല്കി ആദരിച്ചു. ‘വിഴിഞ്ഞം തുറമുഖവും വികസനവും’ എന്ന വിഷയത്തിലെ സെമിനാറും പരിപാടിക്ക് മുന്നോടിയായി നടന്നു.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, ഡയറക്ടര്‍ ടി. ജയചന്ദ്രന്, ആര്‍എസ്എസ് ഗ്രാമജില്ലാ സംഘചാലക് അരവിന്ദാക്ഷന്, സംഘാടക സമിതി കണ്‍വീനര്‍ അതിയന്നൂര്‍ ശ്രീകുമാര്‍, ജനറല്‍ കണ്‍വീനര്‍ അജി ബുധനൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: