കോഴിക്കോട്: വിവാഹത്തിന് പള്ളിയില്‍ കയറിയത് ചോദ്യം ചെയ്ത മതവാദികള്‍ക്കെതിരെ മണവാട്ടിയായിരുന്ന യുവതി രംഗത്ത്. ഞാനില്ലെങ്കില്‍ നിക്കാഹിന് എന്തര്‍ത്ഥം. ബാപ്പയ്ക്കും വരനെുമൊപ്പം എന്റെ നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്ന് മണാവാട്ടിയായ ബഹിജ ദലീല ചോദിച്ചു.
നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന് ഫാസില്‍ ഷാജഹാനും വ്യക്തമാക്കി.
വിവാഹത്തിന്റെ ഭാഗമായി യുവതി പള്ളിയില്‍ കയറിയത് മുസ്ലീം മതവാദികള്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ചയാണെന്നും മഹല്ല് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം ഉയര്‍ന്നതോടെ പള്ളിക്കുള്ളില്‍ പെണ്ണിനെ കയറ്റിയ സംഭവത്തില്‍ ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന വിവാഹകര്‍മത്തിലാണ് വധുവും പങ്കെടുത്തത്. ഇതിനെതിരെ ജമാ അത്തെ ഇസ്ലാമി മതപണ്ഡിതര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പരസ്യമായി മഹല്ല് കമ്മറ്റി മാപ്പ് പറഞ്ഞത്.
വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന് ഫഹദ് ഖാസിയും കുറ്റിയാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും തമ്മിലുള്ള വിവാഹ കര്‍മമാണ് പള്ളിക്കുള്ളില്‍ നടന്നത്. വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളില്‍ തന്നെ ഇരിപ്പിടം നല്‍കുകയായിരുന്നു. മഹര്‍ വരനില്‍നിന്ന് വേദിയില്‍ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു.
പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനാലാണ് വധുവിന് പ്രവേശനം നല്‍കിയതെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് അന്നു പറഞ്ഞത്. എന്നാല്‍, ഇതെല്ലാം ഇസ്ലാമിന് എതിരാണെന്നാണ് ജമാ അത്ത് നിലപാട് എടുത്തത്. നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്ജിദിലുണ്ടാകുക. ഇസ്ലാമിക വിശ്വാസ പ്രകാരം മസ്ജിദില്‍ സ്ത്രീകള്‍ക്ക് പ്രവേശന അനുമതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: