കോഴിക്കോട് : പെരുവണ്ണാമുഴിയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതികള്‍ക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നീക്കവുമായി പോലീസ്. മുഖ്യ പ്രതികളായ സ്വാലിഹ് എന്ന നാസര്‍ അടക്കം രണ്ട് പേര്‍ക്കെതിരെയാണ് നടപടി. ഇര്‍ഷാദിന്റെ മൃതദേഹം കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയതിന് പിന്നാലെ സ്വാലിഹ് വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു.
റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി ഇവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു. സിബിഐ മുഖേനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാകുക. ഇന്റര്‍പോളിനെ ഉള്‍പ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് പോലീസിന്റെ തീരുമാനം.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് നാസര്‍ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 17നാണ് ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് 19നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. കൊയിലാണ്ടി കടപ്പുറത്തു നിന്നും കണ്ടെടുത്ത മൃതദേഹം കാണാതായ ദീപക് എന്ന യുവാവിന്റേതാണെന്ന് ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മാതാചാര പ്രകാരം സംസ്കാരം നടത്തിയിരുന്നു.
എന്നാല്‍ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കയച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതോടെ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
അതിനിടെ പുറക്കാട്ടിരി പുഴയില്‍ ഒരാള്‍ ഒഴുകിപോകുന്നത് കണ്ടെന്നാണ് പ്രദേശവാസിയായ സജിലേഷ് എന്നയാള്‍ വെളിപ്പെടുത്തി. ജൂലൈ 17ന് പുഴയിലൂടെ ഒരാള്‍ ഒഴുകി പോകുന്നത് കണ്ട് സമീപമുണ്ടായിരുന്ന തോണിക്കാരന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഈസമയം പാലത്തിന് മുകളിലായി ചുമന്ന കാര്‍ ഉണ്ടായിരുന്നെന്നുമാണ് സജിലേഷിന്റെ വെളിപ്പെടുത്തല്‍. മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഈ മൊഴി നിര്‍ണ്ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: