ചെന്നൈ : യൂണിഫോമില്‍ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി. തമിഴ്നാട് മയിലാടുതുറെയില്‍ ഒരു മോഡലിങ് സ്ഥാപനം കഴിഞ്ഞാഴ്ച നടത്തിയ ഫാഷന്‍ ഷോയിലാണ് പോലീസുകാരും ഭാഗമായത്. സിനിമാ താരം യാഷികാ ആനന്ദ് മുഖ്യാതിഥിയായ പരിപാടിയിലെ റാമ്പ് വാക്കിലാണ് പോലീസുകാര്‍ യൂണിഫോമില്‍ പങ്കെടുത്തത്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പോലീസുകാര്‍ റാമ്പ് വാക്കില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പോലീസുകാരെയാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. എഎസ്ഐ സുബ്രഹ്മണ്യന്, കോണ്‍സ്റ്റബിള്‍ ശിവനേശന്, വനിതാപോലീസുകാരായ രേണുക, അശ്വിനി, നിത്യശീല എന്നിവര്‍ക്കെതിരെയാണ് നടപടി.
ഫാഷന്‍ ഷോയില്‍ വിജയിക്കുന്നവര്‍ക്ക് മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്ന വാഗ്ദാനത്തിലാണ് ആളുകള്‍ പങ്കെടുത്തത്. പരിപാടിക്കെത്തിയ യാഷികാ ആനന്ദിന്റെ സുരക്ഷയ്ക്കായാണ് പോലീസുകാര്‍ എത്തിയത്. പരിപാടി അവസാനിക്കാറായപ്പോള്‍ സംഘാടകര്‍ പോലീസുകാരെ റാമ്പ് വാക്കിനായി ക്ഷണിക്കുകയായിരുന്നു.
പോലീസുകാരുടെ റാമ്പ് വാക്കിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇവരുടെ നടപടി സേനയ്ക്കെതിരെ അവമതിപ്പുളവാക്കിയതായി പരാതിയുയരുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജവാഹര്‍ അഞ്ചുപേരെയും സ്ഥലംമാറ്റി ഉത്തരവിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: