മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ വെള്ളാരംകോട് പാടത്താണ് ഒറ്റരാത്രികൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചത് 5000 ത്തോളം വാഴകള്‍. ഇന്നലെ പുലര്‍ച്ചയാണ് നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനകള്‍ ഒറ്റരാത്രികൊണ്ട് ഇത്രയും വാഴകള്‍ നശിപ്പിച്ചത്. ഓണ സമയത്ത് വിളവെടുപ്പിന് പാകമായ നേന്ത്രക്കുലകളാണ് ഇവ. ഇതോടെ 20 ഓളം കര്‍ഷകര്‍കരുടെ ജിവിതം വഴിമുട്ടി.
വളപ്പില്‍ അലവി, ചൊവ്വേരി വിശ്വന്, മാട്ടായി രാമകൃഷ്ണന്, തോണിപ്പാടത്ത് വേശ, അച്ചിപ്ര അലവി, പാലക്കല്‍ ഹംസ, നെടുവഞ്ചേരി രാജു, അമ്പാടി സുന്ദരന്‍, പാലാട്ടുതൊടി രാമകൃഷ്ണന്, കുണ്ടുപള്ളിയാലില്‍ രാധാകൃഷ്ണന്, കൊന്നാടന് മുഹമ്മദാലി, വട്ടത്തൊടി കുഞ്ഞിക്കോയ, ചാലിയന്‍ ഷംസു, പുള്ളിയക്കോട് അമ്മിണി പുളിയക്കോട്, ഉണ്ണിക്കുട്ടന് പുളിയക്കോട്, ഖാദര്‍ പുളിയക്കോട്, മുള്ളത്ത് ബഷീര്‍ തുടങ്ങിയവരുടെ വിളവെടുപ്പിന് പാകമായ വാഴകളാണ് കാട്ടാനകളുടെ താണ്ഡവത്തില്‍ നശിച്ചത്. നാലീരിക്കുന്ന് ക്ഷേത്രത്തിനു സമീപം വെള്ളാരംകോട് പാടത്തെ കൃഷിയാണ് കാട്ടാനകള്‍ ഏറേയും നശിപ്പിച്ചത്.
പല കര്‍ഷകരുടെയും കവുങ്ങുകളും തെങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. കൃഷിനാശം മൂലം കമ്പോളവില അനുസരിച്ച് കര്‍ഷകര്‍ക്ക് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തിരുവിഴാംകുന്ന് മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം അതിരുവിടുന്നതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്. വനാതിര്‍ത്തിയും കടന്ന് കിലോമീറ്ററുകളോളം മാറിയാണ് ഇപ്പോള്‍ കാട്ടാനകള്‍ വിലസുന്നത്.
ബാങ്ക് വായ്പയെടുത്തും സ്ഥലം പണയപ്പെടുത്തിയും മറ്റും വിളവിറക്കിയ കര്‍ഷകരാണ് പ്രതിസന്ധിയിലായത്. കടം തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍. പലയിടത്തും കാട്ടാനകള്‍ കൃഷി നശിപ്പിച്ച് രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതുകൊണ്ടുതന്നെ ഇപ്പോഴത്തെ കൃഷിനഷ്ടം കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: