അമ്മയും മകനും കൂട്ടാളികളും ചേര്‍ന്ന് ഒരു കറക്കുകമ്പനിയുണ്ടാക്കി. കോടികള്‍ കൊണ്ട് അമ്മാനമാടി. അതുവഴി കോടിക്കണക്കിന് വിലമതിക്കുന്ന സ്വത്ത് സ്വന്തമാക്കി. ഇതിനെതിരെ സുബ്രഹ്മണ്യം സ്വാമി നല്കിയ പരാതിയാണ് ദശാബ്ദം പിന്നിട്ട നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പ് കേസ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, മകന് രാഹുല്‍ എന്നിവരും മറ്റും ചേര്‍ന്ന് ‘യങ് ഇന്ത്യ’ എന്ന കമ്പനി എജെഎല്‍ എന്ന കമ്പനിയെ വിഴുങ്ങിയതാണ് വിഷയം. നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരാണ് എജെഎല്‍ കമ്പനി. ഈ കമ്പനിക്ക് 90 കോടി രൂപ നാഷണല്‍ കോണ്‍ഗ്രസ് വായ്പ നല്കി എന്ന രേഖയുണ്ടാക്കി. ഈ തുക തിരിച്ചു ലഭിച്ചില്ലെന്ന പരാതിയുണ്ട്. 2010ല്‍ 5 ലക്ഷം രൂപ മൂലധനമായി രൂപീകരിച്ച ‘യങ് ഇന്ത്യ’യാണ് കോടികളുടെ നീക്കിയിരിപ്പുള്ള എജെഎല്‍നെ സ്വന്തമാക്കിയത്. ഇത് ഗുരുതരമായ നിയമലംഘനമാണെന്ന സ്വാമിയുടെ ആരോപണം കോടതികളില്‍ നിന്നും കോടതികളിലേക്ക് കയറിയിറങ്ങി. ഒടുവില്‍ ഇഡിയുടെ പരിധിയിലുമെത്തി. ഇഡി സോണിയയേയും രാഹുലിനേയും മണിക്കൂറുകളോളം ചോദ്യം ചെയ്തു. അതിന്റെ തുടര്‍ച്ചയാണ് ‘യങ് ഇന്ത്യ’യുടെ ഓഫീസിന് താഴിട്ടത്.
പാര്‍ലമെന്റില്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യവേ സോണിയ രോഷം കൊണ്ടു. ‘നാഷണല്‍ ഹെറാള്‍ഡിന്റെ പാരമ്പര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇഡി സംഘം കയറിയത്. ബ്രിട്ടിഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണത്. ഇതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കണം’ സോണിയ ശബ്ദമുയര്‍ത്തി പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച മുദ്രവച്ചിരുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി ആസ്ഥാനത്തിനും സോണിയയുടെയും രാഹുലിന്റെയും വസതികള്‍ സ്ഥിതി ചെയ്യുന്ന റോഡുകള്‍ക്കും മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന പരന്നു. നേതാക്കളും പ്രവര്‍ത്തകരും ആസ്ഥാനത്തേക്കു കുതിച്ചെത്തി. രണ്ടര മണിക്കൂറിനു ശേഷം രാത്രി ഏഴരയോടെ ബാരിക്കേഡുകള്‍ നീക്കി.
കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റേതു വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പൊതുപണം കൊള്ളയടിക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്നും നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും ബിജെപി വക്താവ് സംബിത് പത്ര പ്രതികരിച്ചു. നാഷനല്‍ ഹെറാള്‍ഡ് ആസ്ഥാനം ചൊവ്വാഴ്ച റെയ്ഡ് ചെയ്ത ഇഡി സംഘം ബുധനാഴ്ച വൈകിട്ടാണു സീല്‍ ചെയ്തത്. രാഹുലിനും സോണിയയ്ക്കും ഓഹരി അവകാശമുള്ള ‘യങ് ഇന്ത്യന്‍ ലിമിറ്റഡ്’ എന്ന കമ്പനി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. രേഖകളും തെളിവുകളും നഷ്ടപ്പെടാതിരിക്കാനാണു നാഷനല്‍ ഹെറാള്‍ഡ് ആസ്ഥാനം മുദ്രവച്ചതെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
ഹെറാള്‍ഡ് ഹൗസ് ബില്‍ഡിംഗിലെ മറ്റ് കെട്ടിടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. പത്രത്തിന്റെ ഐടിഒ യ്ക്ക് സമീപത്തുള്ള ബഹദൂര്‍ഷ സഫര്‍ മാര്‍ഗ് ഓഫീസ് അടക്കം 11 ഇടങ്ങളാണ് കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച ഇഡിയുടെ അന്വേഷണ പരിധിക്കുള്ളില്‍ വന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ താല്‍ക്കാലിക പ്രസിഡന്റ് സോണിയയെ ചോദ്യംചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ നീക്കം.
‘യങ് ഇന്ത്യന്‍’ ഓഫീസ് താല്‍ക്കാലികമായി സീല്‍ ചെയ്തിട്ടു മാത്രമേയുള്ളു. സേര്‍ച്ചോ മറ്റോ തങ്ങളുടെ ഭാഗത്തു നിന്നും നടന്നിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രിന്‍സിപ്പല്‍ ഓഫീസര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥലത്തേക്ക് എത്തിയെങ്കിലും സെര്‍ച്ച് നടക്കും മുന്‍പ് അവിടെ നിന്നും പോയി. റെയ്ഡ് സമാപിക്കുന്നതുവരെ സഹകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഓഫീസര്‍ക്ക് (മല്ലികാര്‍ജുന്‍ ഖാര്‍ഗെ) സമന്‍സ് അയച്ചിരുന്നു. സേര്‍ച്ച് തീരുന്നതു വരെ സ്ഥാപനത്തിലുള്ള സീല്‍ തുടരുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിഷേധ സാഹചര്യങ്ങളുണ്ടായാല്‍ തടയുവാന്‍ സര്‍വ്വ സജ്ജമായിരുന്നു ഡല്‍ഹി പോലീസ്. കോണ്‍ഗ്രസ് ആസ്ഥാനത്തിന് അടുത്തുള്ള 24 അക്ബര്‍ റോഡ് പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു. സോണിയയുടെ വീടിനു പുറത്തും പോലീസ് നിലയുറപ്പിച്ചിരുന്നു.
പാര്‍ട്ടി ആസ്ഥാനത്തിനു പുറത്തെ പോലീസ് വിന്യാസത്തിലും ‘യങ് ഇന്ത്യ’ ഓഫീസ് സീല്‍ ചെയ്ത നടപടിയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ട്വിറ്ററില്‍ കേന്ദ്ര ഏജന്‍സിയെ കടന്നാക്രമിച്ചു. ‘സത്യത്തിന്റെ ശബ്ദം പോലീസിനെ കണ്ട് ഭയപ്പെടില്ല, നാണ്യപ്പെരുപ്പത്തേക്കുറിച്ചും തൊഴിലില്ലായ്മയേക്കുറിച്ചും ചോദിച്ചുകൊണ്ടിരിക്കും’. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടില്‍ കുറിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്, ഇഡിയുടെ നടപടികളോട് പാര്‍ട്ടി നിയമപരമായ വഴികളിലൂടെ പ്രതികരിക്കുമെന്ന് പറഞ്ഞത് ശരി. നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ സ്വീകരിക്കേണ്ട മാര്‍ഗമാണത്. ഞങ്ങള്‍ക്ക് ഇഡിയും വേണ്ട മോഡിയും വേണ്ടേ (നരേന്ദ്ര മോദി) വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവരുടെ ലക്ഷ്യം വേറെയാണ്.
ഇന്ത്യയില്‍ ബിജെപി എന്നൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകുമെന്നോ നരേന്ദ്രമോദി എന്നൊരു പ്രധാനമന്ത്രി ഉണ്ടാകുമെന്നോ സ്വപ്നം കാണുന്നതിന് എത്രയോ മുമ്പാണ് ഇഡി രൂപീകൃതമാകുന്നത്. അതുണ്ടാക്കിയത് നരേന്ദ്രമോദിയല്ല. അമിത്ഷായുമല്ല. 1956 മെയ് ഒന്നിനാണ് ഇഡി രൂപം കൊള്ളുന്നത്. അന്ന് പ്രധാനമന്ത്രി നെഹ്റുവായിരുന്നു. നെഹ്റുവാണ് നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രവും സ്വത്തുവകകളും ഉണ്ടാക്കിയത്. സ്വാതന്ത്ര്യസമരത്തിന്റെ സ്വത്താണത്. അത് സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും ഇന്ന് ഭരിക്കുന്നവരുടെ ബാധ്യതയാണ്. അതിനായി ചിലപ്പോള്‍ റെയ്ഡ് നടത്തേണ്ടി വരും. ചോദ്യം ചെയ്യേണ്ടിയും വരും. അതിന്റെ പേരില്‍ മാറത്തടിച്ച് നിലവിളിച്ചോടാന്‍ ആര്‍ക്കും അവകാശമില്ല.
ഇഡി ചോദ്യം ചെയ്ത വ്യവസായികളെത്രയാണ്? വ്യാപാരികളെത്രയാണ്? സിനിമാക്കാരെത്ര വരും? രാഷ്ട്രീയക്കാര്‍ നിരവധിയല്ലേ? അവരാരും ഇഡി വേണ്ട, മോഡി വേണ്ട എന്ന മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ? അങ്ങനെ വിളിച്ചാല്‍ ഇട്ടെറിഞ്ഞ് പോകാനൊക്കുമോ? സാമ്പത്തിക കുറ്റവാളികള്‍ എത്ര കൊമ്പന്മാരാണെങ്കിലും അവരെകണ്ടെത്തേണ്ടിവരും. അതിന് വഴി തുറക്കുമ്പോള്‍ കൈകാലിട്ടടിച്ചിട്ട് കാര്യമില്ല. സര്‍പ്പം കിടിച്ചുണ്ടാക്കിയ വിഷമാണ്. അത് പുല്ലില്‍ ചേച്ച് കളയാമെന്ന് കരുതേണ്ട. നാഷണല്‍ ഹെറാള്‍ഡിന്റെതെന്നല്ല ഖജനാവിലെ ഒരു ചില്ലിക്കാശുപോലും തൊടില്ലെന്ന് ശപഥം ചെയ്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. താന്‍ തൊടില്ലെന്ന് മാത്രമല്ല ഒരുത്തനെയും തൊടാന്‍ അനുവദിക്കില്ലെന്നും ശപഥം ചെയ്ത ഭരണാധികാരിയെ സ്തുതിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: