വടക്കാഞ്ചേരി: റേഷന്‍ അരി ലഭിക്കാന്‍ നെട്ടോട്ടമോടി പെരിങ്ങണ്ടൂര്‍ നിവാസികള്‍. നഗരസഭ പരിധിയില്‍ ഉള്‍പെട്ട പെരിങ്ങണ്ടൂര്‍ വായനശാലക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന 138-ാം നമ്പര്‍ റേഷന്‍ കട രണ്ടു മാസത്തോളമായി അടച്ചിട്ടതാണ് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കിയത്. നിലവില്‍ റേഷന്‍ വാങ്ങണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി അത്താണി-മുണ്ടത്തിക്കോട് മേഖലകളിലേക്ക് പോകേണ്ട സ്ഥിതിയാണ്. അതിനുള്ള ഓട്ടോക്കൂലിയും മറ്റും ഭാരിച്ച ചിലവാണെന്നും വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു.
റേഷന്‍ കടയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വിതരണത്തിലെ തൂക്കത്തില്‍ ക്രമക്കേട് ആരോപിച്ച് ആദ്യ ലൈസന്‍സിയെ മാറ്റിയതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. പിന്നീട് പൂമല സ്വദേശിക്ക് ലൈസന്‍സ് മാറ്റി നല്‍കിയിരുന്നു. റേഷന്‍ വിതരണം വീണ്ടും പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ വിതരണ അവകാശം വീണ്ടെടുത്തതായി അവകാശപ്പെട്ട് പഴയ ലൈസന്‍സി വീണ്ടും രംഗത്തെത്തി തര്‍ക്കം തുടങ്ങിയതോടെ സ്ഥാപനം അടച്ചിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
കഴിഞ്ഞ മാസം 15ന് ഒരാഴ്ചക്കാലം ഗുണഭോക്താക്കള്‍ അടുത്തുള്ള റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് നിര്‍ദേശിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥാപനത്തിനു മുന്പില് നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുതിര്‍ന്ന ബിജെപി നേതാവ് ടി.എന്‍. വിജയന് ഉദ്ഘാടനം ചെയ്തു. ശശിധരന് അധ്യക്ഷനായി. ബാലന് കുഴിക്കാട്ടില്‍, രഘുനാഥ്, മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: