വാഷിംഗ്ടണ്‍: യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കുന്നതിനെച്ചൊല്ലി ചൈനയും യുഎസും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. ചൊവ്വാഴ്ച രാത്രി തയ് വാനില്‍ നാന്‍സി പെലോസി തയ് വാന്റെ തലസ്ഥാനമായ തായ് പേയില്‍ എത്തിച്ചേരുമെന്നാണ് തയ് വാനിലെ പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ വിദേശകാര്യ കറസ് പോണ്ടന്റായ ടിങ്ടിങ് ലിയു പറഞ്ഞത്. അങ്ങിനെയെങ്കില്‍ തയ് വാനില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ എത്തിച്ചേരുന്ന ഒരു യുഎസ് പ്രതിനിധിയാകും നാന്‍സി പെലോസി. അങ്ങിനെ വന്നാല്‍ അത് ഒരു ചൈന- യുഎസ് യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം.
നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കുമെന്ന് ഏതാനും ആഴ്ചകള്‍ മുന്‍പ് പ്രഖ്യാപിച്ച ഉടന്‍ ചൈനിസ് പ്രസിഡന്റ് ഷി ജിന്‍പിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയുടെ അവിഭാജ്യ ഭാഗമാണ് തയ് വാന്‍ എന്നതാണ് ചൈനയുടെ നയം. ഈ നയത്തെ വെല്ലുവിളിച്ച് തയ് വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കൂട്ടുനിന്നാല്‍ തിരിച്ചടിക്കുമെന്നാണ് ചൈനയുടെ തീരുമാനം.
നാന്‍സി പെലോസി സന്ദര്‍ശനത്തിന് പുറപ്പെട്ടാല്‍ തങ്ങളുടെ മേഖല സംരക്ഷിക്കാന്‍ തയ് വാന്‍ ചുറ്റും യുദ്ധവിമാനങ്ങള്‍ പറത്തുമെന്നും ചൈന താക്കീത് ചെയ്തിരിക്കുകയാണ്. നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ ഉറച്ച നടപടികള്‍ ദൃഢനിശ്ചയത്തോടെ കൈക്കൊള്ളുമെന്നാണ് ചൈനയുടെ വിദേശകാര്യമന്ത്രി സാവോ ലിജിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ യുഎസ് സ്പീക്കറായ നാന്‍സി പെലോസി പറക്കുന്ന വിമാനം തടഞ്ഞ് ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിന് ചൈന മുതിരില്ലെന്ന് യുഎസ് വിശ്വസിക്കുന്നു. പകരം നാന്‍സിയുടെ വിമാനത്തിന് ചൈനീസ് വിമാനങ്ങള്‍ എസ്കോര്‍ട്ടായി പറക്കാനുള്ള സാധ്യത മാത്രമാണ് യുഎസ് മുന്നില്‍ക്കാണുന്നത്. അതേ സമയം പണ്ട് ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് ഒരു അമേരിക്കന്‍ ചാരവിമാനം ചൈനീസ് വിമാനം ഇടിച്ചിട്ട സംഭവം ഉണ്ടായിട്ടുണ്ട്. എന്തായിരിക്കും ചൈനീസ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് കൃത്യമായ ഒരു പിടിയും യുഎസിനില്ല. യുഎസ് ആയുധങ്ങള്‍ നല്കി തയ് വാനെ ചൈനയ്ക്കെതിരായ ശക്തിയാക്കി മാറ്റുമോ എന്ന ഭയം ചൈനയ്ക്കുണ്ട്. ഇപ്പോള്‍ ഉക്രൈന് ആയുധങ്ങള്‍ വാരിക്കോരി റഷ്യയ്ക്കെതിരെ ചങ്കുറപ്പോടെ നിര്‍ത്തുന്നത് യുഎസ് ആണെന്ന് ചൈനയ്ക്ക് നന്നായി അറിയാം.
നാന്‍സി പെലോസി ഏഷ്യയിലെ ഏതാനും രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഈ പര്യടനത്തിന്റെ ഭാഗമായി നാന്‍സി പെലോസി തന്റെ ഏഷ്യാ പര്യടനം ആഗസ്ത് ഒന്നിന് തിങ്കളാഴ്ച സിംഗപ്പൂരില്‍ തുടങ്ങിവെയ്ക്കുകയും ചെയ്തു. മലേഷ്യ, തെക്കന്‍ കൊറിയ, ജപ്പാന് എന്നിവിടങ്ങളും സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്. എന്നാല്‍ സിംഗപ്പൂരില്‍ നിന്നും തയ് വാനിലേക്ക് തിരിക്കുമോ എന്ന് മാത്രമാണ് അറിയേണ്ടത്. കനത്ത പിരിമുറക്കത്തിലാണ് ചൈനയും യുഎസും. പെലോസി തയ് വാനില്‍ കാലുകുത്തിയാല്‍ വെറുതെ ഇരിക്കില്ലെന്നാണ് ചൈന പ്രസ്താവിച്ചിരിക്കുന്നത്. ഇത് തീക്കളിയാണെന്നും ചൈന താക്കീത് നല്‍കിയിരിക്കുകയാണ്. യുഎസിന്റെ തയ് വാന്‍ നയത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് ചൈന.
ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയ ചരിത്രമുള്ള വ്യക്തിയാണ് നാന്‍സി പെലോസി. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിയാനന്മെന് ചത്വരം സന്ദര്‍ശിച്ച് അവിടെ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിയാണ് നാന്‍സി. ഇത് ചൈനീസ് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു.
സൈനികമായി തയ് വാനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ജോ ബൈഡന് ഈയിടെ തീര്‍ച്ചയായും എന്ന് മറുപടി നല്‍കിയത് ലോകത്തെ ഞെട്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: