ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മയക്കുമരുന്നു വിരുദ്ധ നടപടികള്‍ ഫലം കാണുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 3.3 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും എന്ന വിഷയത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ (2014-2021) മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ 260 ശതമാനം വര്‍ധനവുണ്ടായി. 2006-2013ല്‍ 1.52 ലക്ഷം കിലോ മയക്കുമരുന്നും 2014-2021ല്‍ 3.3 ലക്ഷം കിലോയും പിടികൂടി. 2006-2013ല്‍ 768 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയപ്പോള്‍ 2014-21ല്‍ 20,000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. മയക്കുമരുന്ന് ഭീഷണിക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നു. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ചകള്‍ നടത്തുകയും മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങളില്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ സജീവമായ സമീപനം സ്വീകരിക്കുകയും ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു.
21 സംസ്ഥാനങ്ങള്‍ മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക്ഫോഴ്‌സ് രൂപീകരിച്ചതില്‍ അമിത് ഷാ സംതൃപ്തി പ്രകടിപ്പിച്ചു. ഡാര്‍ക്ക്‌നെറ്റും ക്രിപ്‌റ്റോകറന്‍സിയും മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഒരു ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: