തിരുവനന്തപുരം: പ്രമുഖ സുന്നി നേതാവിനെ ഖത്തറില്‍ ജയിലിലടപ്പിച്ചെന്നും സിറാജ് പത്രം ഖത്തറില്‍ പൂട്ടിച്ചുവെന്നതുള്പ്പെടെ ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ മാധ്യമം പത്രത്തിനെതിരെ ഉയര്‍ത്തി വീണ്ടും കെ.ടി. ജലീല്‍.
തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് കേരളത്തിലെ പ്രമുഖ സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ ജയിലിലടപ്പിച്ചത് മാധ്യമം പത്രവും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് ജലീൽ പറയുന്നത്. ഇതിനാല്‍ ലോകാവസാനം വരെ സുന്നി പ്രവർത്തകർ മാധ്യമം പത്രത്തിനോട് ക്ഷമിക്കില്ലെന്നും ജലീല്‍ പറയുന്നു. വെള്ളിമാടുകുന്നിലെ ജെ.ഡി.റ്റി എന്ന സ്ഥാപനം ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഒരു പുരുഷായുസ്സ് മുഴുവൻ ഹോമിച്ച ഹസ്സൻ ഹാജിയെ കള്ളക്കഥകൾ മെനഞ്ഞ് ഒറ്റുകൊടുത്ത് ജയിലിലടപ്പിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്.
പ്രമുഖ മുജാഹിദ് പണ്ഡിതൻ കെ ഉമർ മൗലവിയെ ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാൻ ജമാത്തത്തെ ഇസ്ലാമി പല കളികളും നടത്തി. അതുകൊണ്ടാണ് ഒരു മുജാഹിദ് നേതാവും മാധ്യമത്തെ പിന്തുണച്ച് രംഗത്ത് എത്താതിരുന്നത്.
ഖത്തറിൽ സിറാജ് പത്രം പൂട്ടിച്ചതിൽ മാധ്യമം പത്രത്തിന്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചു. അതുകൊണ്ടാണ് ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരുടെ അനുയായികൾ പത്രത്തിനെതിരായ ആരോപണത്തെ പ്രതിരോധിക്കാതിരുന്നത്.- ജലീല്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഗള്‍ഫ് നാടുകളില്‍ മറ്റ് മലയാള പ്രസിദ്ധീകരണങ്ങളോട് മാധ്യമം മാന്യമായ സമീപനം സ്വീകരിച്ചിട്ടുണ്ടോയെന്ന് ജലീല്‍ ചോദിച്ചു. സേട്ടു സാഹിബിനെ ലീഗിൽ നിന്ന് അടർത്തി എടുത്ത് അവസാനം വഴിയിലുപേക്ഷിച്ച് അപമാനിച്ച നിങ്ങളോട് മുസ്ലിംലീഗ് എങ്ങിനെ ക്ഷമിക്കാനാണ്? അറബിക്കടലിൽ ആയിരം തവണ മുങ്ങിക്കുളിച്ചാലും ആ പാപ പങ്കിലതയിൽ നിന്ന് മാധ്യമമോ ജമാ അത്തേ ഇസ്ലാമിയോ മുക്തമാകില്ല. – കെ.ടി. ജലീല്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: