ഒ. ഹെന്റിയുടെ പ്രസിദ്ധമായ കഥയാണ് ബനാന റിപ്പബഌക്. പിന്നീട് ദി കാബേജസ് ആന്റ് ദി കിങ്സ് എന്ന പേരില്‍ ഇതേ കഥ ഉള്‍പ്പെടുന്ന സമാഹാരവും അദ്ദേഹം പുറത്തിറക്കി. ഏകാധിപത്യവും വിഡ്ഢിത്തവും നിറഞ്ഞ രാജാവ് ഭരണസ്വാധീനമുപയോഗിച്ച് ഒരു രാജ്യത്തെ കൊള്ളയടിക്കുന്നതാണ് കഥ. ബനാന റിപ്പബഌക്കുകളെ വെള്ളരിക്കാപ്പട്ടണം എന്ന പേരിലാണ് മലയാളത്തില്‍ വിശേഷിപ്പിക്കാറ്.
അടുത്ത കാലത്ത് പുറത്തുവരുന്ന സംഭവങ്ങള്‍ നോക്കുമ്പോള്‍ ഒ.ഹെന്റിയുടെ ബനാനാ റിപ്പബഌക്കുമായി ഏറെ സാമ്യമുണ്ട് നമ്മുടെ കേരളത്തിന്. 1890 കളിലെ ലാറ്റിനമേരിക്കയാണ് ഹെന്റിയുടെ പ്രമേയമെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളവുമായി അത്ഭുതപ്പെടുത്തുന്ന സാദൃശ്യം കണ്ടെത്താം.
ബനാന റിപ്പബ്ലിക്കിനെപ്പോലും നാണിപ്പിക്കുന്നതാണ് കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ കഥ. ഒരു പ്രദേശത്തെ പതിനൊന്നായിരത്തിലേറെപ്പേരാണ് വഞ്ചിക്കപ്പെട്ടത്. ജീവിതകാലമത്രയും അധ്വാനിച്ച് സമ്പാദിച്ച പണം സഹകരണബാങ്കില്‍ നിക്ഷേപിക്കാന്‍ അവര്‍ക്കൊരു കാരണമേ ഉണ്ടായിരുന്നുള്ളു. പാര്‍ട്ടി ഭരിക്കുന്ന ബാങ്കാണ് എന്നത്. ഏകാധിപതികളോട് പ്രജകള്‍ക്ക് തോന്നുന്ന വിധേയത്വം പോലയാണ് കേരളത്തില്‍ സിപിഎമ്മിനോട് ഒരു വിഭാഗം ആളുകള്‍ക്ക് തോന്നുന്ന അടുപ്പമെന്ന് മനശാസ്ത്ര വിദഗ്ധര്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
പണം നിക്ഷേപിച്ചവരേറെയും സാധാരണക്കാര്‍. വീട്ടമ്മമാര്‍, കൂലിപ്പണിക്കാര്‍. ഡ്രൈവര്‍മാര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍ അങ്ങിനെയുള്ളവര്‍. ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചവരുണ്ട്. ബാങ്ക് മുങ്ങുന്ന കപ്പലാണെന്നും തകരുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സിപിഎം നേതൃത്വത്തിനറിയാമായിരുന്നു. ഇതറിയാവുന്ന പലരും
പാര്‍ട്ടി നേതാക്കള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കത്തും നല്കി. ഒരു കാര്യവുമുണ്ടായില്ല. കത്തുന്ന പുരയുടെ കഴുക്കോലൂരുന്ന പണിയാണ് സിപിഎം നേതാക്കള്‍ ചെയ്തത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം നേതാക്കള്‍ക്ക് വേണ്ടി കരുവന്നൂര്‍ ബാങ്കിന്റെ പണം തട്ടിയവര്‍ പ്രചാരണത്തിനായി ലക്ഷങ്ങള്‍ മുടക്കി.
ഒരു ചെക്ക് മടങ്ങിയാല്‍ പോലും ക്രിമിനല്‍ കേസെടുത്ത് അകത്തിടുന്ന നിയമവാഴ്ച നിലനില്‍ക്കുന്ന നാട്ടിലാണ് പതിനായിരത്തിലേറെപ്പേരുടെ പണം പറ്റിച്ചവര്‍ പാര്‍ട്ടിയുടെ തണലില്‍ രക്ഷപ്പെടുന്നത്. ഒരു വര്‍ഷമായി കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ ജനം ക്യൂ നില്‍ക്കുകയാണ്. അധ്വാനിച്ച് സമ്പാദിച്ച പണം തിരികെ ലഭിക്കാന്‍. ചികിത്സക്കായി, മക്കളുടെ വിദ്യാഭ്യാസത്തിനായി, വിവാഹ ആവശ്യത്തിനായി, കച്ചവടത്തിനായി.
ഇതിനിടെ മൂന്ന് മരണം നടന്നു. ചികിത്സിക്കാന്‍ പണം ലഭിക്കാതെ മരിച്ച ഫിലോമിനയാണ് ഒടുവിലത്തേത്. ഫിലോമിനയും ഭര്‍ത്താവും ജീവിതകാലമത്രയും കഷ്ടപ്പെട്ട് സമ്പാദിച്ച 40 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കിലുണ്ട്. അഡ്മിനിസ്ട്രേറ്ററുടേയും സിപിഎം നേതാക്കളുടേയും കാലുപിടിച്ച് യാചിച്ചിട്ടും ചികിത്സക്കായി ചില്ലിക്കാശ് കൊടുത്തില്ല. മെഡിക്കല്‍ കോളേജില്‍ എല്ലാവിധ ചികിത്സാ സൗകര്യവുമുണ്ടല്ലോയെന്നായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്.ബിന്ദുവിന്റെ ചോദ്യം. വെള്ളരിക്കാപ്പട്ടണം എന്നല്ലെങ്കില്പ്പിന്നെ എന്തുവിളിക്കണം ഈ നാടിനെ.
കരുവന്നൂര്‍ ബാങ്ക് ഒരുദാഹരണം മാത്രമാണ്. നിക്ഷേപം മടക്കിക്കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍, അഴിമതിയും ക്രമക്കേടുകളും മൂലം സംസ്ഥാനത്തു തകരുന്നത് 164 സഹകരണ ബാങ്കുകളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിത സമ്പാദ്യങ്ങളാണ് ഒരുവിഭാഗം സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്നു തട്ടിയെടുത്തു ബാങ്കുകളെ നഷ്ടത്തിന്റെ കരകാണാക്കടലില്‍ തള്ളിയത്. കേരളത്തിലെ 164 സഹകരണ സംഘങ്ങള്‍ക്ക് നാട്ടുകാര്‍ നിക്ഷേപിച്ച പണം തിരികെ നല്കാന് ശേഷിയില്ലെന്നാണ് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചത്. ഇതില്‍ സിപിഎം ഭരിക്കുന്നതും കോണ്‍ഗ്രസ് ഭരിക്കുന്നതുമായ സഹകരണ ബാങ്കുകളുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലും ഇത്തരം പൊളിഞ്ഞ ബാങ്കുകള്‍ ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപത്തുക പോലും തിരിച്ചു കൊടുക്കാന്‍ സ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല. നിക്ഷേപം തിരികെക്കൊടുക്കാന്‍ സാധിക്കാത്ത ഏറ്റവുമധികം സംഘങ്ങളുള്ളത് തലസ്ഥാന ജില്ലയിലാണ്. 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ 37 സംഘങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമുണ്ട്. കൊല്ലം 12, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 15, കോട്ടയം 22, തൃശ്ശൂര്‍, കണ്ണൂര്‍ 11, മലപ്പുറം 12, എറണാകുളം എട്ട്, പാലക്കാട് അഞ്ച്, കോഴിക്കോട് ഏഴ്, വയനാട് രണ്ട്, കാസര്‍കോട് മൂന്ന് എന്നിങ്ങനെയാണ് നിക്ഷേപം തിരിച്ചു നല്‍കാനാകാത്ത സംഘങ്ങളുടെ കണക്ക്.
പത്തുവര്‍ഷങ്ങളായി കരുവന്നൂര്‍ ബാങ്കിലെ പണം ഭരണസമിതിയും ഉദ്യോഗസ്ഥന്മാരും കൊള്ളയടിക്കുമ്പോഴും ആണ്ടോടാണ്ട് കണക്ക് പരിശോധിച്ച് അടിയില്‍ ഒപ്പിട്ട് കൊടുത്തിരുന്നു സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍. പേരിനൊരു സസ്പെന്ഷന് കഴിഞ്ഞ് അവരെല്ലാം വീണ്ടും ജോലിയില്‍ കയറി. ഭരണസമിതിയംഗങ്ങളായ പാര്‍ട്ടി നേതാക്കളെല്ലാം ജാമ്യം കിട്ടി പുറഞ്ഞിറങ്ങി. പണം പോയ സാധാരണക്കാര്‍ ഇപ്പോഴും പൊരിവെയിലത്തു തന്നെ. തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ജനങ്ങളുടെ പണം തിരികെ നല്‍കണമെന്നാണ് ന്യായമായ ആവശ്യം. ആ നിലക്ക് ഒരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നില്ല. തങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയാല്‍ പണം കൈപ്പറ്റിയ നേതാക്കളുടെ പേരുകള്‍ പുറത്തുവിടുമെന്നാണ് പ്രതികളുടെ നിലപാട്. ഏതാണ്ട് 250-300 കോടി രൂപയാണ് ബാങ്കിന് നഷ്ടമായിരിക്കുന്നത്. വലിയൊരു തുക പാര്‍ട്ടി നേതാക്കളുടെ കയ്യിലെത്തിയിട്ടുണ്ടെന്നും അതാണ് പ്രതികളെ സംരക്ഷിക്കുന്നതെന്നും ജനം കരുതുന്നു.
മറ്റ് സഹകരണബാങ്കുകളില്‍ നിന്നും കേരള ബാങ്കില്‍ നിന്നും നൂറ് കോടിയോളം സമാഹരിച്ച് തത്കാലം പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ആദ്യ നിലപാട്. എന്നാല്‍ പണം നല്കാന് കേരള ബാങ്കോ മറ്റ് സഹകരണ ബാങ്കുകളോ തയ്യാറായില്ല. ഇതോടെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് വിരട്ടി. സിപിഎം ഭരിക്കുന്ന ബാങ്കുകളില്‍ നിന്ന് പണമെടുക്കാമെന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഇത് എപ്പോള്‍ നടക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. മാത്രമല്ല ഇങ്ങനെ പണമെടുക്കുന്നത് മറ്റ് ബാങ്കുകളുടെ നിലനില്‍പ്പിനെ ബാധിക്കാനുമിടയുണ്ട്.
സാഹചര്യങ്ങള്‍ ഇങ്ങനെയായതിനാലാണ് സഹകരണ ബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം വേണമെന്ന വാദം ശക്തിപ്പെടുന്നത്. ആരും പരിശോധിക്കാനില്ലാത്ത, ചോദ്യം ചെയ്യാത്ത ബനാന റിപ്പബ്ലിക്കുകളായി സഹകരണ ബാങ്കുകളെ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നത്. ആവശ്യം പോലെ നോട്ട് അച്ചടിച്ച് ഇറക്കിക്കൂടെ എന്ന് റിസര്‍വ്വ് ബാങ്കിനോട് ചോദിച്ച ഒരു ധനമന്ത്രി കേരളത്തിനുണ്ടായിരുന്നു. ഇത്തരക്കാരുടെ നയവും നിലപാടുകളുമാണ് കേരളത്തെ നയിക്കുന്നതെങ്കില്‍ കരുവന്നൂര്‍ മോഡല്‍ പലയിടത്തും ആവര്‍ത്തിക്കുമെന്ന കാര്യം ഉറപ്പാണ്. കേരളത്തിലെ 164 സഹകരണ സംഘങ്ങളും ആവഴിക്കാണ് നീങ്ങുന്നതെന്ന് പറയാതെ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: