സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ആനക്കര വടക്കത്ത് തറവാട് 120 വര്‍ഷം പിന്നിടുകയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൂട്ടുകുടുംബം പാര്‍ത്തയിടം. എ.വി. കുട്ടികൃഷ്ണമേനോന്, എ.വി. ഗോപാലമേനോന്‍, കുട്ടിമാളുഅമ്മ, അമ്മുസ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി….. രാഷ്ട്രസേവകരുടെ പരമ്പര പിറന്നുവളര്ന്നയിടം. 93-ാം വയസിലും സംഗീതത്തിന്
സ്വയം സമര്‍പ്പിച്ച് വീണയില്‍ സാധകം ചെയ്തിരുന്ന കമലാക്ഷിഅമ്മ(ചെന്നൈ) മുതല്‍ അബുഅബ്രഹാമിന്റെ മകള്‍ ആയിഷയെ വിവാഹം ചെയ്ത സത്യജിത്തും ബ്രിത്തിനെ പരിണയിച്ച ഇന്ദുധരനും ഉള്‍പ്പെടെ ആറാം തലമുറയിലേക്ക് നീളുമ്പോഴും തനിമയില്‍ ജീവിക്കുന്നതില്‍ അഭിമാനിക്കുന്നവരുടെ ഇടം.
ലണ്ടനിലും മദ്രാസിലും കാറോടിച്ച് യാത്ര ചെയ്ത ആദ്യത്തെ ഭാരതീയ വനിത അമ്മുസ്വാമിനാഥനായിരിക്കണം. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടുകളിലൊന്നായിരുന്നു ആ ജീവിതം. ആറുമാസം പ്രായമുളള മീനാക്ഷിയെ ഒക്കത്തേറ്റി ജയില്‍ വാസം അനുഷ്ഠിച്ച എ.വി. കുട്ടിമാളുഅമ്മ, അമ്മു സ്വാമിനാഥന്റെ പിന്തുടര്ച്ചയാണ്. ഈ തിരിയില്‍ നിന്ന് കൊളുത്തിയ തീപ്പന്തമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പാതയില്‍ നടന്ന ക്യാപ്റ്റന്‍ ലക്ഷ്മി.
1931 ല്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പരീക്ഷ ജയിച്ച് പ്രാക്ടീസിനായി സിംഗപ്പൂരില്‍ പോയ ലക്ഷ്മി ഐഎന്‍എയുടെ തലപ്പത്തേക്കാണ് നടന്നുകയറിയത്. പിന്നീട് ഐഎന്‍എയിലെ സഹപ്രവര്‍ത്തകനും പഞ്ചാബിയുമായ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്ത് കാണ്‍പൂരില്‍ താമസമാക്കുകയായിരുന്നു.
അമ്മുസ്വാമിനാഥന്റെ മറ്റൊരു മകള്‍ മൃണാളിനി സാരാബായി നൃത്തവേദിയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തി. ഇന്ത്യന്‍ ശാസ്ത്ര രംഗത്തെ അഭിമാനമായ ഡോ.വിക്രംസാരാബായിയെ നാടിന്റെ മരുമകനാക്കി. ആനക്കര വടക്കത്ത് തറവാടിന്റെ പ്രൗഢമായ പാരമ്പര്യം ഇങ്ങനെ രാജ്യത്തിന്റെ അഭിമാനത്തോട് ചേര്‍ന്നുകിടക്കുന്നു.
പെരുമ്പിലാവില്‍ ഗോവിന്ദമേനോനാണ് ഈ വീടിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഓടും മരങ്ങളും കൊണ്ട് നിര്‍മ്മിച്ച ഇരുനിലയുള്ള വീടിന് 5500 സ്വകയര്‍ഫീറ്റാണ് വിസ്തൃതി. വക്കീല്‍ കെ. ഗോപിനാഥമേനോന്റെ മകനും റാവു ബഹദൂര്‍ എ.വി. ഗോവിന്ദമേനോന്റെ പൗത്രനുമായ ജി. ചന്ദ്രശേഖരന് അന്തരിച്ചതോടെ തറവാടും നിശ്ശബ്ദമായി.
പരിഷ്കൃതവാഹനങ്ങളുടെ പെരുക്കമില്ലാത്ത ഈ വീട്ടുമുറ്റത്ത് പഴയൊരു വാഹനം സൂക്ഷിച്ചിട്ടുണ്ട്. ഞൊറികളുള്ള ജമുകാളന് വിരിയും മേലാപ്പുമുളള ഈ മഞ്ചലില്‍ യാത്ര ചെയ്യാന്‍ മോഹിച്ച് മദ്രാസ് ഗവര്‍ണറുടെ ഭാര്യയായ ലേഡി ആര്‍ച്ച് ബോള്‍ഡ് ഇവിടെയെത്തിയതും ആ ആഗ്രഹം സാധിച്ചതും ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: