ചെറുതുരുത്തി (തൃശ്ശൂര്‍): മുണ്ടനാട്ട് പാടശേഖരത്തില്‍ കര്‍ഷകര്‍ക്ക് ഇത്തവണ വിതയ്ക്കാതെ ലഭിച്ചത് നൂറുമേനി വിളവ്. കഴിഞ്ഞ മുണ്ടകന്‍ സീസണില്‍ കൊയ്തെടുത്ത നെല്ലില്‍ നിന്ന് കൊഴിഞ്ഞുവീണ നെല്‍ വിത്തുകള്‍ തനിയെ മുളച്ചുണ്ടായ നെല്ലാണ് ഇവിടെ കതിരിട്ടത്.
വള്ളത്തോള്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരുവാന്പടി കൂട്ടുകൃഷി സംഘം കൃഷിയിറക്കിയ മൂന്ന് ഏക്കറോളം സ്ഥലത്താണ് വിതയ്ക്കാതെ തന്നെ കൊയ്യാന്‍ പാകമായ നെല്‍ക്കതിരുകള്‍ നിരന്ന് നില്‍ക്കുന്നത്. മഴക്കാലത്ത് നെല്ല് സംഭരിക്കാന്‍ സ്ഥലമില്ലാത്തത് മൂലം ഇവര്‍ വിരിപ്പ് കൃഷി ഉപേക്ഷിച്ചതായിരുന്നു.
ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന ഗുജാരി നെല്‍ വിത്താണ് ഇവര്‍ കഴിഞ്ഞ തവണ വിതച്ചത്. അന്ന് നടന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം എംപിയായിരുന്ന സുരേഷ് ഗോപിയാണ് നിര്‍വ്വഹിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് അന്ന് ഇവര്‍ ഗുജാരി നെല്ല് കൃഷി ചെയ്തത്. നല്ല വിളവ് ലഭിച്ചുവെന്ന് മാത്രമല്ല അതിന്റെ വിത്തുകള്‍ കൊഴിഞ്ഞ് വീണുണ്ടായ കതിരുകളാണ് ഇപ്പോള്‍ കൊയ്യാന്‍ പാകമായി നില്‍ക്കുന്നത്. കൃഷിയെ നെഞ്ചിലേറ്റിയ ഇവര്‍ ഈ നെല്ലെല്ലാം കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: