കൊല്ലം: ഓണവിപണിക്കൊപ്പം ‘തടിച്ചു കൊഴുക്കാന്‍’ ബ്ലേഡ് മാഫിയയും രംഗത്ത്. ചെറുകിട വ്യാപാരികളെയും ഓണക്കച്ചവടക്കാരെയും ഉന്നമിട്ട് ബ്ലേഡ് മാഫിയയുടെ ഏജന്റുമാര്‍ വട്ടമിട്ട് പറക്കുകയാണ്.
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള മാഫിയകളാണ് ലാഭക്കണ്ണോടെ ജില്ലയിലെമ്പാടും എത്തിയിട്ടുള്ളത്. ഇതേപ്പറ്റി പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് ജില്ലയിലെ കച്ചവടമേഖലയില്‍ വലിയ മാന്ദ്യം അനുഭവപ്പെട്ടതോടെ ചെറുകിട വ്യാപാരികള്‍ പലരും പാപ്പരായി. എങ്കിലും, ഈ ഓണക്കാലത്തെ കച്ചവടം കൊണ്ട് അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് പലരും. കടംവാങ്ങിയും കച്ചവടത്തിനിറങ്ങുന്ന നിരവധി പേരാണ് ബ്ലേഡ് മാഫിയയുടെ വലയില്‍ കുടുങ്ങുന്നത്.
പത്തുമുതല്‍ ഇരുപത് ശതമാനം വരെ പലിശയ്ക്കാണ് ഇവര്‍ പണം കടം നല്‍കുന്നത്. മലയാളികളും ഇതരസംസ്ഥാനക്കാരും ബ്ലേഡ് സംഘത്തിലുണ്ട്. ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കടം കൊടുക്കുന്ന പണത്തിന് അനുസരിച്ച് കമ്മിഷന് കിട്ടുന്നതിനാല്‍ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശയ്ക്ക് എടുപ്പിക്കാനാണ് ഇടനിലക്കാരുടെ ശ്രമം. പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്നതോടെ ഈടു നല്‍കിയത് ബ്ലേഡ് മാഫിയയുടെ കൈയിലാകും. ബ്ലേഡ് സംഘങ്ങളെ കുരുക്കാന്‍ പോലീസും അതീവ ജാഗ്രതയിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയ സംഘങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ജില്ലയില്‍ സജീവമാണ്.
ചെക്ക് മുതല്‍ ആര്‍സി ബുക്ക് വരെ
പലിശ ആദ്യം ഈടാക്കിയശേഷമാണു ബ്ലേഡ് മാഫിയ വായ്പത്തുക ആവശ്യക്കാര്‍ക്കു കൈമാറുന്നത്. തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ വീണ്ടും പലിശ നല്‍കേണ്ടി വരും. ചെക്ക് ലീഫുകള്‍, റേഷന്‍കാര്‍ഡ്, വാഹനങ്ങളുടെ ആര്‍സി ബുക്ക് തുടങ്ങിയവ മുതല്‍ വസ്തുവിന്റെ ആധാരം വരെ ഈടായി വാങ്ങിവച്ചാണ് പണം കടം കൊടുക്കുന്നത്. ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. തവണകളുടെ എണ്ണം കൂടുന്തോറും പലിശ ഇരട്ടിക്കും. തവണ മുടങ്ങിയാലും പലിശ ഇരട്ടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: