അന്തനാനറിവോ: 85.3 ശതമാനം ക്രിസ്ത്യന്‍ മതക്കാരുള്ള മഡഗാസ്കര്‍ എന്ന കിഴക്കന്‍ ആഫ്രിക്കയിലുള്ള രാജ്യത്തിന്റെ തലസ്ഥാനത്ത് ആകര്‍ഷകമായ ഹിന്ദുക്ഷേത്രം ഉയര്‍ന്നു. മഡഗാസ്കറിലെ ആദ്യത്തെ ഹിന്ദുക്ഷേത്രമാണ് ചൊവ്വാഴ്ച ഭക്തരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
അന്തനാനറിവോ എന്ന തലസ്ഥാന നഗരിയിലാണ് പുതിയ ഹിന്ദുക്ഷേത്രം തലയുയര്ത്തിനില്ക്കുന്നത്. ചൊവ്വാഴ്ചയാണ് വിശാലദ്വീപു കൂടിയായ അന്തനാനറിവോയില് ക്ഷേത്രം തുറന്നത്. മഡഗാസ്കറിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹിന്ദു ഭക്തര്‍ ആദ്യദിനത്തില്‍ തന്നെ ക്ഷേത്രത്തില്‍ കൂട്ടത്തോടെ എത്തി. ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി ഗായകസംഘം ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിച്ചു. ആരതിയും നടന്നു. ഒപ്പം നിരവധി ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ അനാച്ഛാദനം ചെയ്തു.
ഇത്രയും ഗംഭീരമായ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് മഡഗാസ്കറിലെ ഹിന്ദുസമൂഹത്തിന് വലിയ അഭിമാനമാണെന്ന് ഹിന്ദു സമാജ് പ്രസിഡന്റ് സഞ്ജീവ് ഹേമാതാല് ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കവേ പറഞ്ഞു. ഹിന്ദു സമാജത്തിന്റെ ദീര്‍ഘകാല സ്വപ്നമാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്.
ദീര്‍ഘനാളായി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടന്നുവരികയായിരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായി പണികഴിപ്പിച്ച ഹാള്‍ 2020 നവരാത്രി നാളില്‍ തുറന്നിരുന്നു. മഡഗാസ്കറില്‍ ഏകദേശം 20,000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ അധികവും ഗുജറാത്തികളാണ്.
ഹിന്ദു സമാജമാണ് ഈ ക്ഷേത്രം ഉയര്‍ത്തിയത്. ചെറിയ ഹിന്ദുക്ഷേത്രങ്ങള്‍ മഡഗാസ്കറിലെ മറ്റ് നഗരങ്ങളായ മഹാജുംഗ, അന്ത്സിറാനന എന്നിവിടങ്ങളില്‍ കാണാം. മഡഗാസ്കറില്‍ ഗുജറാത്തില്‍ നിന്നുള്ള ഹിന്ദു സമുദായം പലഭാഗങ്ങളിലായി ചിതറി കിടക്കുകയാണ്.
18ാം നൂറ്റാണ്ടിലാണ് ഇവിടെ ഗുജറാത്തുകാര്‍ ചെറിയ ബോട്ടുകളില്‍ കച്ചവടത്തിനായി എത്തിയത്. ഇന്ത്യ മഹാസമുദ്രത്തിന്റെ തീരദേശം കൂടിയാണ് മഡഗാസ്കര്‍. പിന്നീട് ഈ ഗുജറാത്തി ബിസിനസുകാര്‍ മഡഗാസ്കറിനകത്ത് ബിസിനസ് വ്യാപിപ്പിച്ചെന്ന് മാത്രമല്ല, ഇന്ത്യയും മഡഗാസ്കറും തമ്മിലുള്ള കച്ചവടം വികസിപ്പിക്കുകയും ചെയ്തു.
ഇന്ത്യ മഡഗാസ്കറിന്റെ ഒരു സുപ്രധാന വ്യാപാരപങ്കാളിയാണ്. ഇപ്പോള്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കച്ചവടം 2020-21ല്‍ 40 കോടി ഡോളറില്‍ എത്തിനില്‍ക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, ഇന്‍ഫര്‍മേഷന്‍, യാത്ര എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ ബന്ധം കൂടുതല്‍ ആഴവും കരുത്തും ആര്‍ജ്ജിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: