ന്യൂദല്‍ഹി: ഇന്ത്യന്‍ ജനത പ്രതീക്ഷ ആര്‍പ്പിക്കുന്ന 5ജി സ്പെക്ട്രം ലേലം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. 4ജി സംവിധാനത്തെ അപേക്ഷിച്ച് പത്തുമടങ്ങ് ഇന്റര്‍നെറ്റ് വേഗമാണ് 5ജിയുടെ വരവോടെ പ്രതീക്ഷിക്കുന്നത്. ലേലത്തിന്റെ ഭാഗമായി ഈ വര്‍ഷത്തിന്റെ അന്ത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മെട്രോ നഗരങ്ങളില്‍ സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യം സാക്ഷ്യം വഹിക്കുന്നത് ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ സ്പെക്ട്രം ലേലമാണ്. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ലേലത്തിലൂടെ കമ്പനികള്‍ക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചാണ് രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുക. റിലയന്‍സ് ജിയോയാണ് ഏറ്റവും ഉയര്‍ന്ന തുക കെട്ടിവച്ചത്. കെട്ടിവച്ച തുകയുടെ ഒമ്പതിരട്ടിയോളം മൂല്യമുള്ള സ്പെക്ട്രമാണ് ഒരു കമ്പനിക്ക് ലഭിക്കുക. ഇതുപ്രകാരം 14,000 കോടി രൂപ കെട്ടിവച്ച ജിയോയ്ക്ക് ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം വാങ്ങാന്‍ സാധിക്കും.
അതേസമയം എയടര്ടെല് 5,500 കോടി രൂപയും, വോഡഫോണ്‍-ഐഡിയ (വിഐ) 2,200 കോടിയുമാണ് കെട്ടിവച്ചത്. നിലവില്‍ ജിയോയ്ക്ക് തൊട്ടുതാഴെ നിന്ന് മത്സരിക്കാന്‍ സാധിക്കുക എയടര്ടെലിനും മാത്രമാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ടെലികോം സര്‍വീസ് മേഖലയില്‍ തുടക്കം കുറിക്കുന്ന അദാനി ഗ്രൂപ്പ് കെട്ടിവച്ചത് 100 കോടിയാണ്. സ്വകാര്യ 5ജി ശൃംഖലകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാനി ഗ്രൂപ്പ് ലേലത്തില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
4ജി അപേക്ഷിച്ച് കുറഞ്ഞ തരംഗദൈര്‍ഘ്യവും ഉയര്‍ന്ന ഫ്രീക്വന്‍സിയുമുള്ള തരംഗങ്ങളാണു 5ജിയില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കൂറ്റന്‍ ടവറുകള്‍ക്കു പകരം ഒരു നിശ്ചിത പ്രദേശത്ത് അനേകം ചെറിയ ടവറുകളാണ് ആവശ്യം. അതേസമയം നഗരങ്ങളിലും മറ്റും പുതിയ കുഞ്ഞന്‍ ടവറുകള്‍ സ്ഥാപിക്കുന്നത് പ്രവര്‍ത്തികം അല്ലത്തതിനാല്‍ നിലവിലുള്ള ഇല്ക്ട്രിക് പോസ്റ്റുകളിലും ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളിലും പ്രസാരണ ഉപകരണം ഘടിപ്പിച്ചാല്‍ അവ ടവറായി പ്രവര്‍ത്തിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ട്രായുടെ കീഴില്‍ രാജ്യത്ത് പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: