ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദീ മുര്‍മൂ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നതില് കേവല രാഷ്ട്രീയത്തിനുപരി നിരവധി മാനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവര്‍ ഒരു ഗോത്രവിഭാഗക്കാരിയാണെന്നതു തന്നെയാണ്. ഭാരതത്തിലെ ജനസംഖ്യയില്‍ ഒന്‍പത് കോടിയോളം വരുന്ന ഗോത്രവര്‍ഗ ജനത നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടവരാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും സംവരണമുള്‍പ്പെടെയുള്ള ചില ആനുകൂല്യങ്ങളും പരിരക്ഷകളുമൊക്കെ ലഭിക്കുന്നുണ്ടെങ്കിലും ഗോത്രവര്‍ഗ ജനതയുടെ അവശതകള്‍ പരിഹരിക്കപ്പെടുകയോ, സമൂഹത്തിന്റെ മുഖ്യധാരയില്‍ അവര്‍ എത്തിച്ചേരുകയോ ചെയ്തിട്ടില്ല. കോടതിവിധികളുണ്ടായിട്ടുപോലും കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി ഇനിയും തിരിച്ചുകിട്ടാത്തതും, പാലക്കാട് അട്ടപ്പാടിയില്‍ ഈ ജനത ഇന്നും അനുഭവിക്കുന്ന ദുരിതപൂര്‍ണമായ ജീവിതവും മാത്രം മതി ഇതിനു തെളിവായി. രാജ്യത്തെ മറ്റിടങ്ങളില്‍ സമീപകാലത്തായി ഗോത്രവര്‍ഗ ജനതയുടെ ജീവിതസാഹചര്യങ്ങളില്‍ ചെറിയ മാറ്റങ്ങളൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും അവരെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതിനും, അടിച്ചമര്‍ത്തി വച്ച് ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതിനും ഇക്കാലത്തും വലിയ കുറവൊന്നും വന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഗോത്രവര്ഗജനതയില്പ്പെടുന്ന സാന്താള്‍ വിഭാഗക്കാരിയായ ദ്രൗപദീ മുര്‍മൂവിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വരവിനെ അത്ഭുതത്തോടെ കാണേണ്ടിവരുന്നത്. ആദിവാസിജനതയ്ക്ക് പുതിയഭൂമിയും പുതിയ ആകാശവും കൈവരുകയാണ്.
ദ്രൗപദീ മുര്‍മൂ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവര്‍ഗക്കാരിയായ ആദ്യ വ്യക്തിയാണ്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും. സ്വതന്ത്രഭാരതത്തില്‍ ജനിച്ച് രാഷ്ട്രപതിയാവുന്ന ആദ്യയാള്‍ എന്ന പ്രത്യേകതയും മുര്‍മൂവിന്റെ കാര്യത്തിലുണ്ട്. രാഷ്ട്രപതി എന്നത് പ്രതീകാത്മകമായ പദവി മാത്രമാണെന്ന ഒരു പ്രചാരണം ചിലര്‍ നടത്താറുള്ളത് ഇക്കുറിയും ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. നമ്മുടെ ഭരണഘടനയനുസരിച്ച് പല വിവേചനാധികാരങ്ങളുമുള്ള രാഷ്ട്രപതിക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ജനപ്രതിനിധിയെന്ന നിലയ്ക്കും ഭരണാധികാരിയെന്ന നിലയ്ക്കും മുര്മൂവിനുള്ള അനുഭവസമ്പത്ത് രാഷ്ട്രപതിയുടെ പദവിയിലിരുന്നുകൊണ്ട് സ്വന്തം കടമകള്‍ നിര്‍വഹിക്കുവാന്‍ നല്ല തോതില്‍ ഉപകരിക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ എല്ലാവരുടേതുമാണ്. മുര്‍മൂവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ചിലര്‍ ഇതിനു വിരുദ്ധമായി പ്രചാരണം നടത്തുകയുണ്ടായി. സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സമൂഹത്തിലെ ഏറ്റവും അധഃസ്ഥിത വിഭാഗത്തില്‍പ്പെടുന്ന ഒരാളെ രാഷ്ട്രത്തിന്റെ പരമാധികാര പദവിയിലേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് കഴിയാതിരുന്നതിന്റെ ജാള്യത മറച്ചുപിടിക്കാന്‍ കൂടിയായിരുന്നു ഈ പ്രചാരണം. ബിജെപി നേതൃത്വം നല്കുന്ന ഒരു സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനത്തിലൂടെ ഒരു ഗോത്രവര്‍ഗക്കാരിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മഹത്വം കുറച്ചുകാണിക്കാനും രാഷ്ട്രീയ പ്രതിയോഗികള്‍ ശ്രമിച്ചു. എന്നാല്‍ അപ്രതീക്ഷിത കോണുകളില്‍നിന്നു പോലും മുര്‍മൂവിനു ലഭിച്ച വന്‍തോതിലുള്ള പിന്തുണ ഇവര്‍ക്കുള്ള മറുപടിയാണ്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തുകൊണ്ട് ദ്രൗപദീ മുര്‍മൂ ചെയ്ത പ്രസംഗം ഈ പരമോന്നത പദവിയിലെത്തിയിരിക്കുന്നതിന്റെ പ്രാധാന്യം അവര്‍ പൂര്‍ണമായും തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ്. ഭാരതത്തിലെ ഒരു സാധാരണക്കാരന് ഏത് പരമോന്നത പദവിയും സ്വപ്നം കാണാന്‍ മാത്രമല്ല, അതില്‍ എത്തിച്ചേരാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ സ്ഥാനലബ്ധിയെന്നാണ് മുര്‍മൂ പറഞ്ഞത്. കുടുംബാധിപത്യത്തിന്റെ പിടിയില്‍ പൂര്‍ണമായും അകപ്പെട്ടുപോയി എന്നു ഭയന്നിരുന്ന ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം അതില്‍ നിന്ന് രക്ഷപ്പെടുകയും, കാതലായ മാറ്റം അതിന് സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ അമര്‍ഷം ചില കോണുകളില്‍ പ്രകടമാണെങ്കിലും രാജ്യത്തെ ജനത അതൊന്നും കാര്യമാക്കുന്നില്ല. ഇപ്പോഴത്തെ സ്ഥാനലബ്ധിയില്‍ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ടെന്നും, ദളിതരും ദരിദ്രരും പിന്നാക്ക വിഭാഗക്കാരും എന്നിങ്ങനെ വര്‍ഷങ്ങളായി വികസനം എത്താത്ത ജനവിഭാഗങ്ങള്‍ സ്വന്തം പ്രതിനിധിയായാണ് തന്നെ കാണുന്നതെന്നും ദ്രൗപദീ മുര്‍മൂ പറയുമ്പോള്‍ ചിത്രം വ്യക്തമാണ്. സ്വതന്ത്രഭാരതത്തിലെ പൗരന്മാരില് സ്വാതന്ത്ര്യസമര സേനാനികള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട് എന്ന മുര്‍മൂവിന്റെ വാക്കുകളില്‍ ഉന്നതമായ ലക്ഷ്യബോധം പ്രകടമാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിനു മുന്‍പുതന്നെ സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ കലാപം ചെയ്ത സാന്താള്‍ ഗോത്രവിഭാഗത്തിന്റെ പിന്മുറക്കാരിയായ മുര്‍മൂവിന്റെ പ്രഥമ പൗര സ്ഥാനലബ്ധി ചരിത്രത്തിന്റെ നിയോഗം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: