ലാസ് വെഗാസ്: പ്രീ സീസണിലെ എല്‍ ക്ലാസിക്കോക് വേദിയായ ലാസ് വെഗാസില്‍ അവസാന ചിരി ബാഴ്സലോണയുടെത്. റയല്‍ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ബാഴ്സലോണ പ്രീ സീസണിലെ മികച്ച പ്രകടനം തുടരുന്നു. ആദ്യ മത്സരത്തിന് ഇറങ്ങിയ റയല്‍ മാഡ്രിഡിന് ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി ബെന്‍സിമ റയല്‍ മാഡ്രിഡ് ടീമില്‍ ഇടം പിടിക്കാതെ ഇരുന്നത് മുന്നേറ്റ നിരയില്‍ പ്രകടമായി.
ബാഴ്സലോണ കുപ്പായത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെയും റയല്‍ കുപ്പായത്തില്‍ ആന്റോണിയോ റൂഡിഗറിന്റേയും അരങ്ങേറ്റമായിരുന്നു മത്സരത്തിലെ ശ്രദ്ധേയം. എങ്കിലും മത്സരത്തിന്റെ ആവേശമെല്ലാം റഫീഞ്ഞയോടെ ഒരൊറ്റ ഗോള്‍ കൊണ്ടുപോയി. 27-ാം മിനിറ്റിലായിരുന്നു ബോക്സിന് പുറത്തുനിന്ന് മിന്നല്‍കണക്കേ റഫീഞ്ഞയുടെ സ്ട്രൈക്ക്. ബാഴ്സയിലെത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം പ്രീ സീസണ് മത്സരത്തിലാണ് റഫീഞ്ഞയുടെ ബൂട്ട് വലയെ ചുംബിച്ചത്.
അതേസമയം റയല്‍ മാഡ്രിഡ് നായകനും സൂപ്പര്‍ സ്ട്രൈക്കറുമായ കരീം ബെന്‍സേമയുടെ അഭാവം നന്നായി അറിഞ്ഞു. ഈഡന് ഹസാര്‍ഡും മാര്‍ക്കോ അസെന്‍സിയോയും മാരിയാനോ ഡയസും മൈതാനത്തെത്തിയെങ്കിലും ആക്രമണത്തിന് മൂര്‍ച്ചയുണ്ടായിരുന്നില്ല. ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും റയലിന്റെ അക്കൗണ്ടിലില്ല. എന്നാല്‍ ബാഴ്സ താരങ്ങള്‍ക്ക് ആറ് ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉതിര്‍ക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: