തിരുവനന്തപുരം : സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കെ. കരുണാകരന്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ കരുണാകരനെതിരായ കാലപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.
കെ. കരുണാകരനെപോലൊരു നേതാവ് ഇന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല. സത്യസന്ധനായ നേതാവായിരുന്നു അദ്ദേഹം. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാര്‍ത്തികേയനേയും എം.ഐ. ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്.
ഇന്ന് കാര്‍ത്തികേയനും ഷാനവാസും ഇല്ല. ലീഡറുടെ പാത പിന്തുടര്ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ദര്‍ശനം തുടങ്ങിയത്. അന്ന് ചെയ്ത തെറ്റിന് ആത്മാര്‍ത്ഥമായി താന്‍ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
26-ാത്തെ വയസ്സില്‍ താന്‍ എംഎല്‍എയായി. 28 വയസ്സില്‍ മന്ത്രിയായി. അഞ്ച് തവണ എംഎല്‍എയും നാല് തവണ എംപിയുമായി ഒമ്പത് വര്‍ഷം പിസിസി അധ്യക്ഷനായി. പ്രവര്‍ത്തക സമിതി അംഗമായി. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. താന്‍ എന്തൊക്കെ ആയിട്ടുണ്ടോ അത് പാര്‍ട്ടി കാരണമാണ്. താന്‍ സംതൃപ്തനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: