തിരുവനന്തപുരം : ഇനി മുതല്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്കി കെഎസ്ഇബി. നിലവില്‍ ഓണ്‍ലൈനിലൂടെ ബില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇതോടൊപ്പം കെഎസ്ഇബി ഓഫീസുകളിലും സ്വീകരിച്ചിരുന്നതാണ്. അതിനാണിപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
അടുത്ത തവണ മുതല്‍ ഇത് നിര്‍ബന്ധമായി നടപ്പാക്കാനും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തും. തീരുമാനം എല്ലാ ഉപഭോക്താക്കള്‍ക്കും ബാധകമാണ്. നിലവില്‍ ഭൂരിഭാഗം ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായാണ്.
അതേസമയം ഡിജിറ്റല്‍ പേമെന്റിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് കുറച്ചു തവണത്തേയ്ക്ക് ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. പണം പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് കഴിഞ്ഞ മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: