പട്ന: ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ 19 സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ദൈനിക് ജാഗരണ്‍ പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവൊന്നുമില്ലാതെയാണ് സ്കൂളുകളില്‍ ഇത്തരമൊരു അവധി പ്രഖ്യാപനമുണ്ടായത്.
ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച ഈ സ്കൂളുകള്‍ അടച്ചിടുകയായിരുന്നു. സ്കൂളുകളില്‍ ഭൂരിഭാഗവും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. പകരം ഞായറാഴ്ച വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകളില്‍ ഹാജരായതായും പറയുന്നു.
സിറ്റിയിലെ ലൈന്‍ ഉര്‍ദു സ്കൂള്‍, അപ്ഗ്രേഡഡ് മിഡില്‍ സ്കൂള്‍ ലൈന്‍ കര്‍ബാല, മിഡില്‍ സ്കൂള്‍ മഹേഷ്ബാത്ന, മിഡില്‍ സ്കൂള്‍ ഹലമാല, മൊതിഹാര വെസ്റ്റ് തുടങ്ങിയ സ്കൂളുകളിലായിരുന്നു തന്നിഷ്ടപ്രകാരമുള്ള അവധി പ്രഖ്യാപനം.
സര്‍ക്കാരിന്റെ ഉത്തരവില്ലെങ്കിലും കാലങ്ങളായി കിഷന് ഗഞ്ച് ജില്ലയിലെ ന്യൂനപക്ഷ സ്കൂളുകളില്‍ വെള്ളിയാഴ്ച അവധി ആചരിക്കുന്ന പതിവുണ്ടെന്ന് കിഷന് ഗഞ്ച് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുഭാഷ് കുമാര്‍ ഗുപ്ത പറയുന്നു. എന്നാല്‍ ജില്ലയില്‍ ന്യൂനപക്ഷ സ്കൂളുകള്‍ ഇല്ലെന്ന് ഡിപിഒ ഷൗക്കത്ത് പറയുന്നു.
ഈയിടെ വെള്ളിയാഴ്ച അവധിയാക്കുന്ന പ്രവണത ജാര്‍ഖണ്ഡിലും വാര്‍ത്തയായിരുന്നു. പ്രാദേശിക മുസ്ലിം സമുദായത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു സര്‍ക്കാര്‍ സ്കൂളുകളില്‍ അത്തരമൊരു പ്രവണത അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: