ബെംഗളൂരു: മംഗളൂരു നഗരത്തിലെ സ്വകാര്യ വസതിയില്‍ ലിപ്പ്ലോക്ക് ചലഞ്ച് നടത്തിയതുമായി ബന്ധപ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്ത് സിറ്റി പോലീസ്. വിദ്യാര്‍ത്ഥികളുടെ ചലഞ്ച് സംസ്ഥാനത്ത് വിവാദം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ദക്ഷിണ കന്നഡയിലെ പ്രമുഖ കോളേജിലുള്ള പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഒരു സ്വകാര്യ വസതിയില്‍ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ലിപ്പ്ലോക്ക് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചിരുന്നു. രണ്ട് മാസത്തേക്ക് വാടകയ്ക്ക് ഫ്ളാറ്റ് എടുത്ത വിദ്യാര്‍ഥികള്‍ അവരുടെ കാമുകിമാരുമൊത്ത് ട്രൂത്ത് ആന്റ് ഡെയര്‍ ഗെയിം കളിക്കുന്നതിനിടെയാണ് സംഭവം. വിനോദത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പരസ്പരം ചുംബിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പൊതുസഞ്ചയത്തില്‍ വന്ന വീഡിയോ സംസ്ഥാനത്തുടനീളമുള്ള മാതാപിതാക്കളെ ഞെട്ടിക്കുകയും അവര്‍ക്കിടയില്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികള്‍ ചുംബനത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കോളേജ് യൂണിഫോം ധരിച്ചാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്. മംഗളൂരുവിലെ പാണ്ഡേശ്വര വനിതാ പോലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പകര്‍ത്തി വൈറലാക്കിയ വിദ്യാര്‍ത്ഥികളില്‍ ഒരാളെ ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതിനാല്‍ കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് ചോദ്യം ചെയ്യും. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോളേജ്, സ്കൂള്‍ അധികൃതരോട് പോലീസ് ആവശ്യപ്പെട്ടു. ആഭ്യന്തര കമ്മിറ്റികള്‍ വഴി പരിഹരിക്കുന്നതിന് പകരം ഇത്തരം ഗുരുതരമായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസിനെ അനുവദിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മംഗളൂരുവിലെ ഒരു ഫ്ളാറ്റില്‍ ആറുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന ആണ്‍കുട്ടികളില്‍ ഒരാള്‍ ഒരാഴ്ച മുമ്പ് വാട്ട്സ്ആപ്പില്‍ ഈ വീഡിയോ ഇട്ടിരുന്നു. ഇത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്പ്പെട്ടിട്ടതോടെ അധികൃതര്‍ വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്യുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നം പ്രതിസന്ധിയിലാകാന്‍ സാധ്യതയുള്ളതിനാല്‍ മംഗളൂരു പോലീസ് ദ്രുതഗതിയില്‍ ഇടപെടുകയാണ്. വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികാരികളോ രക്ഷിതാക്കളോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: