ന്യൂദല്‍ഹി: പ്രയാസങ്ങളോടും പ്രതിസന്ധികളോടും പടവെട്ടി ഉയര്‍ന്നവിജയപഥങ്ങള്‍ താണ്ടാന്‍ ഭാരതത്തിലെ പുതുതലമുറയ്ക്ക് 15ാം രാഷ്ടപതിയാകുന്ന ദ്രൗപദി മുര്‍മു എന്ന ആദിവാസിഗോത്ര വനിതയേക്കാള്‍ വേറെ പ്രചോദനം ആവശ്യമുണ്ടോ? ഒഡിഷയിലെ ഉപര്‍ബേഡ ഗ്രാമത്തിലെ ബഡാസാഹിയിലെ ദ്രൗപദി മുര്‍മുവിന്റെ ജന്മവീട് പുല്മേഞ്ഞ മൂന്ന് കൊച്ചുമുറികളുള്ള ഈ മണ്‍കുടിലാണ്. ഈ എളിയ തുടക്കത്തില്‍ നിന്നാണ് അവര്‍ ജീവിത യാത്ര ആരംഭിയ്ക്കുന്നത്. ചുണ്ണാമ്പ് പൂശിയ മണ്‍ചുമരുകളില്‍ മുളങ്കമ്പുകള്‍ക്ക് മീതെ പുല്‍മേല്‍ക്കൂര.
ഇനി ഈ രാഷ്ട്രപതി പോകുന്നത് സര് എഡ്വിന് ല്യൂട്ടെന്‍സും ഹെര്‍ബെര്‍ട്ട് ബേക്കറും രൂപകല്പന ചെയ്ത റെയ്സിന ഹില്‍സിലെ രാഷ്ട്രപതി ഭവനിലേക്കാണ്. 321 ഏക്കര്‍ വരുന്ന വിശാലമായി കോമ്പൗണ്ടില്‍ 340 മുറികളുള്ള രാഷ്ട്രപതി ഭവനിലെ വലതുകാല്‍വെച്ച് കയറാന്‍ പോവുകയാണ് ദ്രൗപദി മുര്‍മു.
എട്ടാം ക്ലാസ് വരെ ദ്രൗപദി മുര്‍മു പഠിച്ചത് ഈ മണ്കുടിലില്. പിന്നീട് ഹൈസ്കൂള്‍ കോളെജ് വിദ്യഭ്യാസത്തിന് ഭുവനേശ്വറിലേക്ക് മാറി. ബന്ധുവും മന്ത്രിയുമായ കാര്‍ത്തിക് ചന്ദ്രയാണ് നല്ലതുപോലെ പഠിക്കുന്ന മുര്‍മുവിനെ ഭുവനേശ്വറിലേക്ക് കൊണ്ടുപോയത്. പിന്നീട് അവധിക്കാലത്ത് മാത്രമേ ഇവിടേയ്ക്ക് മുര്‍മു എത്താറുള്ളൂ.
ഈ ജന്മവീടിനോട് ചേര്‍ന്ന് 2003ലാണ് ദ്രൗപദി മുര്‍മു മൂന്ന് മുറികളുള്ള ഒരു വാര്‍ക്കവീട് പണിതത്. ഇവിടെ അച്ഛന്റെ സഹോദരന്റെ മകന് ദുലാറാം ടുഡുവും ഭാര്യയും താമസിക്കുന്നു. മുര്‍മു ഇപ്പോള്‍ അകലെയല്ലാതെ റായ് രംഗ്പൂരില് ഒരു വീട് പണികഴിച്ചു. അഞ്ചര വര്‍ഷക്കാലത്തെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി ഒഴിഞ്ഞപ്പോള്‍ മുര്‍മു നഗരങ്ങളില്‍ മണിമാളിക പണികഴിപ്പിച്ചില്ല. പകരം സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങി സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. അതിനിടെയാണ് യാദൃച്ഛികമായി പ്രധാനമന്ത്രി മോദി മുര്‍മുവിനെ കണ്ടെടുക്കുന്നത്. ബിജെപിയുടെ ആവനാഴിയിലെ പ്രതിപക്ഷ നീക്കങ്ങളെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ ആയുധമായി മുര്‍മു മാറി. അതിവാചാലതകൊണ്ട് മാധ്യമങ്ങളില്‍ യശ്വന്ത് സിന്‍ഹ ബഹളമായി നിറഞ്ഞപ്പോള്‍ മിതഭാഷിയായി, ധ്യാനാത്മകപ്രസാദത്തോടെ മുര്‍മു ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പര്യടനം നടത്തി. പ്രതിപക്ഷത്തിന് പോലും ബഹുമാനിക്കാവുന്ന വ്യക്തിത്വമായി അവര്‍ മാറി.
ജീവിതത്തില്‍ ഈ ഉയരങ്ങളില്‍ എത്താന്‍ നടന്നുതീര്‍ത്ത വഴികളില്‍ നിറയെ അളന്നുതീര്‍ക്കാനാവാത്ത സങ്കടക്കടല്‍ മുര്‍മുവിന്റെ ജീവിതത്തിലുണ്ടായിരുന്നു. 2009 മുതല്‍ 2015 വെരയുള്ള ആറ് വര്‍ഷത്തെ കാലയളവില്‍ മറ്റൊരു സ്ത്രീയും അനുഭവിയ്ക്കാത്ത അത്രയും വലിയ നഷ്ടങ്ങളിലൂടെ ദ്രൗപദി മുര്‍മു കടന്നുപോയി. ഭര്‍ത്താവ്, രണ്ട് ആണ്മക്കള്, അമ്മ, സഹോദരന്…ജീവിതത്തിലെ പ്രിയങ്കരരായ അഞ്ച് പേരാണ് ദ്രൗപദി മുര്‍മുവിനെ വേര്പിരിഞ്ഞുപോയത്. അതോടെ രാഷ്ട്രീയത്തോടൊപ്പം ദ്രൗപദി മുര്‍മു മറ്റൊരു വഴിയിലേക്ക് കൂടി കടന്നു. ആത്മീയതയും ധ്യാനവും. ബ്രഹ്മ കുമാരീസ് വഴിയാണ് അവര്‍ ധ്യാനം പഠിച്ചത്. അത് ജീവിതത്തില്‍ വിടാതെ പിന്തുടര്ന്നു.
വ്യക്തിജീവിതത്തിലെ നികത്താനാവാത്ത നഷ്ടങ്ങള്‍ സംഭവിച്ചതോടെ അവര്‍ ബ്രഹ്മകുമാരീസിനെയും ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചു. ശ്യാം ചരണ്‍ മുര്‍മുവിനെ വാണ് ഭര്‍ത്താവ്. മക്കളായി മൂന്ന് പേര് രണ്ടാണും ഒരു പെണ്ണും. 2009ല്‍ ദുരൂഹസാഹചര്യത്തിലാണ് ആദ്യമകന് മരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷം 2012ല്‍ രണ്ടാമത്തെ മകന് റോഡപകടത്തില്‍ മരിച്ചു. പഹാര്‍പൂര്‍ സ്വദേശിയും ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനുമായ ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തതോടെയാണ് ദ്രൗപദി ടുഡു ദ്രൗപദി മര്‍മുവായത്. പക്ഷെ സ്നേഹനിധിയായ ഭര്‍ത്താവ് ശ്യാം ചരണ്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. വിഷാദത്തിന്റെ കടല്‍ നീന്താന്‍ മൗണ്ട് ആബുവിലെ ബ്രഹ്മകുമാരീസ് സന്സ്ഥാന് എന്ന ആത്മീയ സംഘടനയുമായി വേര്‍പിരിയാത്ത ബന്ധം സ്ഥാപിച്ചു. സാമൂഹ്യസേവനങ്ങളില്‍ മനസ്സര്‍പ്പിച്ചു.
ഒഡിഷയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന മകള്‍ മാത്രമാണ് ഇപ്പോള്‍ കൂടെയുള്ളത്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറാണ് മുര്‍മു. 1958ല്‍ ജനിച്ച മുര്‍മു ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് ആദ്യത്തെ രാഷ്ട്രപതി കൂടിയാകും. “അവര്‍ ഒട്ടേറെ വേദനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയെങ്കിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തകര്‍ന്നില്ല,” മുര്‍മുവിനെക്കുറിച്ച് ഒഡിഷയിലെ ബിജെപി പ്രസിഡന്റ് മന്മോഹന് സിങ്ങ് സമല്‍ പറയുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങും മുന്‍പ് റൈറംഗപൂരില്‍ അരബിന്ദോ ഇന്റഗ്രല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായിരുന്നു മുര്‍മു.
സാന്താള്‍ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച മുര്‍മു സാന്താള്‍, ഒഡിയ ഭാഷകളില്‍ മികച്ച പ്രാസംഗികയാണ്. . ഗവര്‍ണര്‍ എന്നതിന് പുറമെ ദീര്‍ഘകാലം മന്ത്രിയായി അനുഭവപരിചയും ഉണ്ട്. ഇക്കാലയളവില്‍ ഗതാഗതം, വാണിജ്യം, ഫിഷറീസ്, മൃഗസംരക്ഷണം എന്നിങ്ങിനെ ഒട്ടേറെ വകുപ്പുകള്‍ ഒഡിഷ സര്‍ക്കാരില്‍ കൈകാര്യം ചെയ്തു. എന്തായാലും ദരിദ്രരില്‍ ദരിദ്രരായവരുടെ ശബ്ദംകേള്‍ക്കാന്‍ ഈ രാഷ്ട്രപതിയ്ക്ക് കഴിയുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: