തിരുവനന്തപുരം: ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ബാധ്യതയെന്ന് ആവര്‍ത്തിച്ച് കംപ്ട്രോളര്‍ ആന്റ് ആഡിറ്റ് ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും സിഎജിയുടെ വിലയിരുത്തല്‍.
കിഫ്ബി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ വഴി 2020-21 ബജറ്റിന് പുറത്ത് നിന്നും 9273.24 കോടി കടമെടുത്തു. കിഫ്ബി വഴി 669.05 കോടിയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് വഴി 8604.19 കോടിയും ആണ് കടമെടുത്തത്. ബജറ്റ് ബാധ്യതയായ 308386.01 കോടിക്ക് പുറമെ ആണിത്. ഇത് സംസ്ഥാ3നത്തിന്റെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കുമെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ റവന്യൂ സ്രോതസ്സ് കൈമാറ്റം ചെയ്യുന്നതിലൂടെയാണ് കിഫ്ബിയുടെ കടബാധ്യത തീര്‍ക്കുന്നത്. അതിനാല്‍ കിഫ്ബിയുടെ കടബാധ്യത ആകസ്മിക ബാധ്യതയായി കണക്കാക്കാനാകില്ല.അതിനാല്‍ സംസ്ഥാനത്തിന്റെ സ്വന്തം വിഭവങ്ങളുടെ മേലുള്ള നേരിട്ടുള്ള ബാധ്യതയെന്നാണ് സിഎജിയുടെ വിലയിരുത്തല്‍.
സംസ്ഥാന ബഡ്ജറ്റിനു പുറത്തുകൂടി വായ്പകള്‍ സ്വരൂപിക്കുന്നത് സംസ്ഥാനത്തിന്റെ വായ്പാ പരിധി മറകടക്കും. ഇത് റവന്യൂ കമ്മിയേയും ധനകമ്മിയേയും ബാധിക്കും. കേരള ധനകാര്യ ഉത്തരവാദിത്ത നിയമം 2003 ന്റെ ലംഘനമാകും. ബഡ്ജറ്റിലൂടെ വെളിവാക്കാത്ത ഇത്തരം ബാധ്യതകള്‍ സുതാര്യതയെ ബാധിക്കും. ബഡ്ജറ്റിനു വെളിയില്‍ നിന്നുള്ള കടമെടുക്കല്‍ കടബാധ്യത വര്‍ദ്ധിപ്പിക്കും. ഇത് കാലക്രമേണ കടക്കെണിയിലേക്ക് നയിക്കും. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കടബാധ്യതയെപറ്റി നിയമസഭ അറിയുകപോലും ഇല്ലെന്നും സിഎജി വിമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: