നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പദ്ധതികളുടെ ഫലമായി രാജ്യത്തെ കര്‍ഷകരുടെ വരുമാനം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് എസ്ബിഐയുടെ പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നു. നാണ്യവിള കര്‍ഷകരുടെ വരുമാനമാണ് ഇതര കര്‍ഷകരെക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നതെന്നും പഠനം പറയുന്നു. ചില സംസ്ഥാനങ്ങളില്‍ നാണ്യവിളകള്‍ കൃഷിചെയ്യുന്നവരുടെ വരുമാനം 2018 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇരട്ടിയും അതിലേറെയുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയില്‍ ഘടനാപരമായ പരിഷ്കരണം സംഭവിക്കുന്നുണ്ടെന്നും, കൃഷി വലിയ തോതില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്നും പഠനത്തില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ഇത് ഏതെങ്കിലും ഭരണാധികാരിയുടെ പ്രസ്താവനയോ സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നതോ അല്ലെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആണ് 2017-18 സാമ്പത്തിക വര്‍ഷത്തിലും 2021-2022 സാമ്പത്തിക വര്‍ഷത്തിലും കര്‍ഷകരുടെ വരുമാനം വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സൊയാബിന്‍ കര്‍ഷകരുടെയും കര്‍ണാടകയിലെ പരുത്തി കര്‍ഷകരുടെയും വരുമാനം ഈ കാലയളവില്‍ ഇരട്ടിയായിരിക്കുന്നത് ഉദാഹരണമായി എസ്ബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ നിരത്തി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രാഥമിക വിവര ശേഖരണത്തിലൂടെ എസ്ബിഐ നടത്തിയ പഠനം ഇതിനെ ശരിവച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കിസാന്‍ സമ്മാന്‍ നിധിയില്‍നിന്ന് 21000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തത്. പതിനൊന്നാമത്തെ തവണയാണ് ഈ സഹായം കര്‍ഷകര്‍ക്ക് നല്‍കുന്നത്. രാജ്യത്തെ 80 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. എട്ട് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി സര്‍ക്കാര്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കാന്‍ നിരവധി പദ്ധതികളാണ് ഇതിനോടകം നടപ്പാക്കിയത്. സര്‍ക്കാരിന്റെ കാര്‍ഷിക സൗഹൃദ പദ്ധതികള്‍ കര്‍ഷകരെ ശരിക്കും ശാക്തീകരിക്കുകയാണ്. സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കിസാന്‍ സമ്മാന്‍ നിധിയില്‍നിന്നുള്ള സഹായം ഏറ്റവും ഒടുവിലായി നല്‍കിയത്. ഈ അവസരത്തില്‍ രാജ്യത്തെ കര്‍ഷകരുമായി പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി സംവദിക്കുകയും ചെയ്തു. മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി ചെയ്തത്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനും നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപംനല്കി. 2014 ല്‍ അധികാരമേറ്റതിനുശേഷം അവതരിപ്പിച്ച ആദ്യ ബജറ്റില്‍തന്നെ കാര്‍ഷിക മേഖലക്കായി മുന്‍ സര്‍ക്കാര്‍ നീക്കിവച്ചതിനെക്കാള്‍ ഇരട്ടി തുകയാണ് മോദി സര്‍ക്കാര്‍ അനുവദിച്ചത്. തുടര്‍ന്ന് അവതരിപ്പിച്ച എല്ലാ ബജറ്റുകളിലും കര്‍ഷകക്ഷേമത്തിനായി വകയിരുത്തിയത് വര്‍ധിച്ച തുകകളാണ്.
ജയ് ജവാന് ജയ് കിസാന്‍ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി രാജ്യത്തെ കര്‍ഷകരുടെ സമഗ്രമായ പുരോഗതിക്കുവേണ്ടിയായിരുന്നു മൂന്നു കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയ കര്‍ഷകരിലെ സമ്പന്ന വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. സാധാരണ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എവിടെയും വില്‍ക്കാനുള്ള വിപ്ലവകരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. പക്ഷേ പാവപ്പെട്ട കര്‍ഷകരെ പതിറ്റാണ്ടുകളായി ചൂഷണം ചെയ്യുന്ന ഇടനിലക്കാര്‍ക്ക് ഇത് സ്വീകാര്യമായില്ല. രാജ്യത്തിനകത്തും പുറത്തും മറ്റ് ബിസിനസ്സുകളിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരിലെ സമ്പന്ന ലോബി വന്‍തോതില്‍ പണമൊഴുക്കിയും ചില ശിഥിലീകരണ ശക്തികളെ കൂട്ടുപിടിച്ചും മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുകയായിരുന്നു. സുരക്ഷാ താല്‍പ്പര്യവും മറ്റും കണക്കിലെടുത്ത് ഈ നിയമം സര്‍ക്കാര്‍ പിന്‍വലിച്ചത് വലിയ തിരിച്ചടിയായെന്ന് പിന്നീട് കര്‍ഷക സംഘടനകള്‍ തന്നെ വിലയിരുത്തി. സമരം ചെയ്ത കര്‍ഷക സംഘടനകളില്‍ ഭിന്നിപ്പ് ശക്തമാവുകയും രണ്ട് ചേരിയായി തിരിഞ്ഞ് തമ്മിലടിക്കാനും തുടങ്ങി. പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ ചില കര്‍ഷക സംഘടനകളുടെ സ്ഥാപിത താല്‍പ്പര്യം പുറത്തുവരികയും ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നെങ്കിലും കര്‍ഷകക്ഷേമത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലും നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ഈ ദൗത്യം തുടരുകയാണ്. ഇതിന്റെയൊക്കെ ഫലമാണ് കര്‍ഷകരുടെ വരുമാനം വര്‍ധിക്കാനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: