ന്യൂദല്‍ഹി:അദാനി-അംബാനി നേര്‍ക്കുനേര്‍ പോരാട്ടം ടെലികോം മേഖലയില്‍ ഉണ്ടാകില്ല. 5ജി സ്പെട്ക്രം ലേലത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ അംബാനിയുടെ ജിയോയുമായി അദാനി നേരിട്ട് ഏറ്റുമുട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. അംബാനിയും എയര്‍ടെല്ലും വോഡഫോണും നല്കുന്ന ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് വഴി മൊബൈല്‍ സേവനം നല്കുന്ന ബിസിനസിലേക്ക് അദാനി വരില്ല.
പകരം സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കലാണ് അദാനിയുടെ ലക്ഷ്യം. ടെലികോമിലെയും ഡിജിറ്റല്‍ പരിവര്ത്തനരംഗത്തേയും ഭാവിസാധ്യതകളാണ് അദാനി ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ സ്വന്തം ബിസിനസുകള്‍ക്ക് 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കലായിരിക്കും ലക്ഷ്യം. ഇത് പ്രകാരം സ്വന്തം വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ് കമ്പനികള്‍, ഊര്ജോത്പാദനകമ്പനികള്, ട്രാന്സ്മിഷന്, നിര്‍മാണ മേഖലകള്‍ എന്നിവിടങ്ങളില്‍ സൈബര്‍ സുരക്ഷ വര്ധിപ്പാക്കനുതകുന്ന എന്റര്‍പ്രൈസ് 5ജി എന്ന് വിളിക്കപ്പെടുന്ന സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ ഉയര്‍ത്തുകയായിരിക്കും അദാനിയുടെ ലക്ഷ്യം.
സൈബര്‍ ആക്രമണങ്ങള്‍ കമ്പനികള്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുന്ന കാലമാണിത്. ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങളും ഇന്ന് സാധാരണമാണ്. കോടികളുടെ നഷ്ടമുണ്ടാക്കുന്ന ഹാക്കിംങ്ങും സൈബര്‍ ആക്രമണവും തടയാന്‍ കോര്‍പറേറ്റുകളെ സംബന്ധിച്ചിടത്തോളം സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കുക സുപ്രധാനമാണ്. 3ജിപിപി അടിസ്ഥാനത്തിലുള്ള നെറ്റ് വര്‍ക്ക് സ്പെക്ട്രമാണ് സ്വകാര്യ ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കിന് (ലാന്) ഉപയോഗിക്കുക. ഇത് സ്വകാര്യമായ ഒരു പ്രത്യേക ഇടത്തില്‍ സുരക്ഷിതമായ ആശയവിനിമയം സാധ്യമാക്കും.
ലോകമെമ്പാടും ഇതാണ് പുതിയ ട്രെന്‍ഡ്. ജര്‍മ്മനിയില്‍ കഴിഞ്ഞ വര്‍ഷം 33 കമ്പനികള്‍ക്ക് 5ജി സ്വകാര്യം നെറ്റ് വര്‍ക്കുകള്‍ അനുവദിച്ചിരുന്നു. ബിഎംഡബ്ല്യു, ബോഷ്, ലുഫ്താന്‍സ, സീമന്‍സ്, ഫോക്സാഗണ് തുടങ്ങിയ 33ഓളം കമ്പനികള്‍ക്കാണ് സ്വകാര്യ നെറ്റ് വര്‍ക്ക് അനുവദിച്ചത്. യുകെ, യുഎസ്,ആസ്ത്രേല്യ എന്നിവിടങ്ങളിലും സ്വകാര്യ 5ജി നെറ്റ് വര്‍ക്കുകള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ്.
5ജി വരുമ്പോള്‍ സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് തന്റെ തന്നെ വിപുലമായ ബിസിനസ് മേഖലകളില്‍ 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
.അതേസമയം, സ്വകാര്യ 5-ജി നെറ്റ്വർക്കുകള് അനുവദിക്കുന്നതിനെ പല ടെലികോം സേവന ദാതാക്കളും എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങില്ല. നിലവിലെ താരിഫ് പ്രകാരം ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് വഴി മൊബൈല്‍ സേവനം നല്കുന്ന മേഖലയില്‍ മത്സരം മൂലം ലാഭം കുറയുന്നതിനാലാണ് ജിയോയും എയര്‍ടെല്ലും വോഡഫോണും സ്വകാര്യ 5ജി നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് നേരിട്ട് അനുവദാം നല്‍കുന്നതിനെ എതിര്‍ക്കുന്നത്. 5ജി വരുന്നതോടെ. ബിസിനസ് സംരംഭങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നല്കുന്ന സേവനങ്ങളില്‍ നിന്നും ലാഭം ഉയര്‍ത്താമെന്നായിരുന്നു ജിയോ-എയര്‍ടെല്‍-വോഡഫോണ്‍ തൃമൂര്‍ത്തികള്‍ കരുതിയിരുന്നത്. എന്നാല്‍, സ്വകാര്യ നെറ്റ്വർക്കുകള് സ്ഥാപിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയും ഈ രംഗത്തേക്ക് അദാനി പോലുള്ള കോര്‍പറേറ്റ് കമ്പനികള്‍ കടന്നുവരികയും ചെയ്താല്‍ ഇപ്പോഴത്തെ ടെലികോം സേവനദാതാക്കളുടെ കുത്തക ഭാവിയില്‍ തകര്‍ക്കപ്പെട്ടേക്കാം എന്ന ഒരു വിലയിരുത്തല്‍ ചില ടെലികോം വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: