എടത്വാ: പൊട്ടിയ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ വൈകുന്നതിനാല്‍ തകഴിയില്‍ ശുദ്ധജലക്ഷാമം രൂക്ഷം. തകഴി പഞ്ചായത്ത് നാല്, ആറ്, 11 വാര്‍ഡിലെ ശുദ്ധജല വിതരണമാണ് മാസങ്ങളായി നിലച്ചുകിടക്കുന്നത്. മുന്‍ കരാറുകാരന്റെ കാലാവധി പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടെങ്കിലും പുതിയ കരാര്‍ നല്‍കാനുള്ള ക്വട്ടേഷന്‍ ജല അതോറിറ്റി ക്ഷണിക്കാത്തതാണ് പ്രതിസന്ധിയായത്.
കരാറുകാരുടെ അഭാവത്തില്‍ ഗ്രാമീണ മേഖലയിലെ പൈപ്പ്പൊട്ടലിന് പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ജല അതോറിറ്റി ശുദ്ധജലവിതരണം നിര്‍ത്തിവെച്ചെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി വെള്ളം ലഭിക്കാത്ത പ്രദേശങ്ങളിലെ ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് ബില്ല് മുടങ്ങാതെ വന്നതോടെ ഉപഭോക്താക്കള്‍ ജല അതോറിറ്റി ഓഫീസിനെ സമീപിച്ചു. ശുദ്ധജല വിതരണമില്ലാതെ ബില്ല് അടയ്ക്കില്ലെന്ന് ഗുണഭോക്താക്കള്‍ വാശിപിടിച്ചതോടെ ജല അതോറിറ്റി ഗാര്‍ഹിക കണക്ഷന് കൂട്ടത്തോടെ വിച്ഛേദിക്കാന്‍ തുടങ്ങിയതായി പരാതിയുണ്ട്.
തകഴി പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ പൊതുടാപ്പും ഗാര്‍ഹിക കണക്ഷനുമാണ് ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത്. പൊട്ടിയ പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണിക്കായി കരാറുകാരെ നിയമിക്കുന്നതിന് പകരം ജലവിതരണം നിര്‍ത്തിവെയ്ക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പൊതുടാപ്പുകളിലെ ജലവിതരണത്തിന് പഞ്ചായത്തും പണം അടയ്ക്കുന്നുണ്ട്. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ജലവിതരണം നടത്താനുള്ള നടപടി ജലഅതോറിറ്റി അടിയന്തര സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നടപടി സ്വീകരിക്കാത്ത പക്ഷം വീട്ടമ്മമാരെ ഉള്‍ക്കൊള്ളിച്ച് പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ രാഷ്ട്രീയ സംഘടനകളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: