തൊടുപുഴ: എം.ടി. വാസുദേവന്‍ നായരുടെ 89-ാം ജന്മദിനം ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഓളവും തീരവും സിനിമയുടെ ലൊക്കേഷനിലായിരുന്നു ആഘോഷം. തൊടുപുഴ കുടയത്തൂരിലെ പുഴക്കരയിലെ ലൊക്കേഷനില്‍ ഇന്നലെ രാവിലെ 10ന് മകള്‍ അശ്വതിക്കൊപ്പമാണ് എം.ടി. എത്തിയത്. ചിത്രീകരണം വീക്ഷിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും അവിടെത്തന്നെ ചെലവഴിച്ചു. ഉച്ചക്ക് ഒരു മണിക്ക് സെറ്റിലൊരുക്കിയ പ്രത്യേക പന്തലില്‍ എം.ടി കേക്ക് മുറിച്ചു.ഷൂട്ടിങ് സംഘത്തിനൊപ്പം പിറന്നാള്‍ സദ്യയും കഴിച്ചു. ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവന്, നടി ദുര്‍ഗാ കൃഷ്ണ, സുരഭി ലക്ഷ്മി എന്നിവരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഒ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി എം.ടിയുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമകളിലൊന്നാണ് ‘ഓളവും തീരവും’. എം.ടിയുടേതാണ് എല്ലാ സിനിമകളുടെയും തിരക്കഥ.
പൂര്‍ണമായും സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിച്ച ആദ്യ മലയാള സിനിമയായിരുന്നു ‘ഓളവും തീരവും’. പി.എന്‍. മേനോന്‍ന്റെ സിനിമയില്‍ മധുവും ഉഷാ നന്ദിനിയും അവതരിപ്പിച്ച ബാപ്പൂട്ടിക്കും നബീസക്കും പുതിയ സിനിമയില്‍ മോഹന്‍ലാലും ദുര്‍ഗ കൃഷ്ണയുമാണ് ജീവന് പകരുന്നത്. എം.ടിയുടെ മകള്‍ അശ്വതിയാണ് ക്രിയേറ്റിവ് പ്രൊഡ്യൂസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: